ദി വൈക്കിങ്‌സ് അറൈവ്ഡ്; ഇരട്ടഗോളുമായി ഹാലൻഡ്, സെനഗലിനെ വീഴ്ത്തി നോർവെ നോക്കൗട്ടിൽ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ വീഴ്ത്തി നോർവെ റൗണ്ട് ഓഫ് 32ൽ (നോക്കൗട്ട്) പ്രവേശിച്ചു. ന്യൂയോർക്ക്-ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോർവെയുടെ ജയം. സൂപ്പർ താരം എർലിംഗ് ഹാലൻഡിന്റെ ഇരട്ട ഗോളുകളാണ് (48', 58') നോർവെയ്ക്ക് ജയം സമ്മാനിച്ചത്. സെനഗലിനായി ഇസ്മായില സാറും (53', 90+3') ഇരട്ട ഗോളുകൾ നേടി അവസാന നിമിഷം വരെ പൊരുതിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. ഈ പരാജയത്തോടെ ഗ്രൂപ്പിൽ പോയിന്റൊന്നുമില്ലാത്ത സെനഗലിന്റെ ലോകകപ്പ് മോഹങ്ങൾ ഏതാണ്ട് അവസാനിച്ചു.

മത്സരത്തിന്റെ ആദ്യ പകുതി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, പകരക്കാരനായി ഇറങ്ങിയ മാർക്കസ് പെഡേഴ്സണിലൂടെയാണ് (43') നോർവെ ആദ്യം ലീഡെടുത്തത്. സെനഗൽ ക്യാപ്റ്റൻ കൗലിബാലിയുടെ പ്രതിരോധത്തിലെ പിഴവിൽ നിന്നായിരുന്നു ഈ ഗോളിന്റെ പിറവി. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്റെയും ഹാലൻഡിന്റെയും മുന്നേറ്റങ്ങളെ ആദ്യ പകുതിയിൽ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ സെനഗലിന് കഴിഞ്ഞിരുന്നു.

എന്നാൽ, രണ്ടാം പകുതിയിൽ കണ്ടത് ഹാലൻഡ് എന്ന നോർവീജിയൻ വിനാശത്തെയാണ്. 48-ാം മിനിറ്റിൽ ഓഡെഗാർഡ് നൽകിയ കൃത്യതയാർന്ന പാസുമായി കുതിച്ച ഹാലൻഡ്, സെനഗൽ ഗോളി മെൻഡിയെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ലീഡ് രണ്ടായി ഉയർന്നതോടെ സെനഗൽ ആക്രമണം ശക്തമാക്കി. 53-ാം മിനിറ്റിൽ സാദിയോ മാനെയുടെ മികച്ചൊരു പാസിൽ നിന്ന് ഇസ്മായില സാർ സെനഗലിനായി ഒരു ഗോൾ മടക്കി.

ആഫ്രിക്കൻ സംഘം തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും അഞ്ച് മിനിറ്റിനുള്ളിൽ ഹാലൻഡ് വീണ്ടും അവതരിച്ചു. 58-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ വെച്ച് ലഭിച്ച പന്ത് അതിശക്തമായൊരു ഷോട്ടിലൂടെ ഹാലൻഡ് വലയുടെ മുകൾ ഭാഗത്തെത്തിച്ചു (3-1).

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+3') ഇസ്മായില സാർ വീണ്ടും വലകുലുക്കി സെനഗലിന് നേരിയ പ്രതീക്ഷ നൽകി. സമനില ഗോളിനായി അവർ പൊരുതിയെങ്കിലും നോർവീജിയൻ പ്രതിരോധം ഉറച്ചുനിന്നു. വിജയത്തോടെ നോർവെ ഫ്രാൻസിനൊപ്പം ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ചു. അടുത്ത മത്സരത്തിൽ നോർവെ ഫ്രാൻസിനെയും സെനഗൽ ഇറാഖിനെയും നേരിടും.

Tags:    
News Summary - FIFA World Cup 2026: Haaland's Brace Powers Norway Into Round of 32 After 3-2 Win Against Senegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.