എന്തുകൊണ്ട് ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ല?; ആരാധകരുടെ ചോദ്യത്തിന് 'യഥാർഥ വില്ലനെ' ചൂണ്ടിക്കാട്ടി ഗുർപ്രീത് സിങ് സന്ധു

ന്യൂഡൽഹി: 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഫിഫ ലോകകപ്പ് ആവേശം ലോകമെമ്പാടും കൊടുമുടിയിൽ നിൽക്കെ, ഇന്ത്യൻ കായികപ്രേമികൾക്കിടയിൽ വീണ്ടും ഉയർന്നുവരുന്ന ചോദ്യമാണ് എന്തുകൊണ്ട് ഇന്ത്യക്ക് ലോകകപ്പ് കളിക്കാൻ സാധിക്കുന്നില്ല? കോടിക്കണക്കിന് ജനസംഖ്യയുണ്ടായിട്ടും ഇന്ത്യ എന്തുകൊണ്ടാണ് ലോകകപ്പ് യോഗ്യത നേടാത്തതെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബാൾ ടീം നായകനും ഒന്നാം നമ്പർ ഗോൾകീപ്പറുമായ ഗുർപ്രീത് സിങ് സന്ധു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ വിഷയത്തിൽ കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയും 'യഥാർത്ഥ ചോദ്യം' എന്താണെന്ന് വ്യക്തമാക്കിയും രംഗത്തെത്തിയത്. യഥാർഥ ചോദ്യം ലോകകപ്പിനെക്കുറിച്ചല്ല, ഏഷ്യൻ കപ്പിനെക്കുറിച്ചാണ്. എന്തുകൊണ്ടാണ് നമ്മൾ ലോകകപ്പിൽ ഇല്ലാത്തതെന്നതിനെക്കുറിച്ച് നിരവധി ആളുകൾ ചർച്ച ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ആളുകൾ ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരവാദിത്തം ആവശ്യപ്പെടുന്നതും അത്യാവശ്യമാണ്. എന്നാൽ ഒരു കളിക്കാരൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, നമ്മൾ ലോകകപ്പിൽ ഇല്ലാത്തതിന് കാരണം നമ്മൾ ഏഷ്യൻ കപ്പിൽ ഇല്ലാത്തതുകൊണ്ടാണ്. ലോകകപ്പിൽ എത്തണമെങ്കിൽ നമ്മൾ ആദ്യം ഏഷ്യൻ കപ്പിൽ സ്ഥിരമായി കളിക്കണം. അവിടെ നോക്കൗട്ട് ഘട്ടങ്ങളിൽ സ്ഥിരസാന്നിധ്യമാകണം. ഇതൊരു ഘട്ടങ്ങളായുള്ള പ്രക്രിയയാണ്. അതുകൊണ്ട് യഥാർത്ഥ ചോദ്യം എന്തുകൊണ്ട് നമ്മൾ ഏഷ്യൻ കപ്പിൽ എത്തുന്നില്ല?"എന്നതാണ് - ഗുർപ്രീത് കുറിച്ചു.

കുഞ്ഞൻ രാജ്യങ്ങൾ ലോകകപ്പിൽ; ഇന്ത്യ എവിടെ?

ഈ ലോകകപ്പിൽ കേപ് വെർദെ, കുറസാവോ, ഹെയ്തി, ജോർദാൻ തുടങ്ങിയ അത്ര പ്രശസ്തമല്ലാത്ത കുഞ്ഞൻ രാജ്യങ്ങൾ വമ്പന്മാരെ ഞെട്ടിച്ച് മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതിൽ 450 ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണ്ണവും കുറഞ്ഞ ജനസംഖ്യയുമുള്ള 'കുറസാവോ'എന്ന കുഞ്ഞു രാജ്യം വരെ ലോകകപ്പ് കളിക്കുമ്പോഴാണ്, 140 കോടിയലധികം ജനങ്ങളുള്ള ഇന്ത്യക്ക് ഏഷ്യയിലെ മികച്ച ടീമുകളുടെ പട്ടികയിൽ പോലും ഇടംപിടിക്കാൻ കഴിയാത്തത്.

ഗോൾകീപ്പിങ്ങിലെ മാനസിക സമ്മർദ്ദം

ഒരു ഗോൾകീപ്പർ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും ഗുർപ്രീത് തുറന്നുപറഞ്ഞു. "ഒരു ഗോൾകീപ്പർ ആയിരിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഒരൊറ്റ പിഴവ് ടീമിന്റെ വിജയത്തെയോ, ഒരു ട്രോഫിയെയോ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ തന്നെ വലിയൊരു നിമിഷത്തെയോ ഇല്ലാതാക്കിയേക്കാം. കരിയറിന്റെ തുടക്കത്തിൽ ഈ മാനസിക ഭാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആരും എന്നെ പഠിപ്പിച്ചിരുന്നില്ല, അനുഭവത്തിലൂടെയാണ് ഞാനത് പഠിച്ചെടുത്തത്," ഗുർപ്രീത് വ്യക്തമാക്കി.

Tags:    
News Summary - 'Why India Didn't Qualify For FIFA World Cup?' Gurpreet Singh Sandhu Reveals the Real Reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.