ട്രംപ് വിളിച്ചു, വഴങ്ങി ഫിഫ; അമേരിക്കൻ താരത്തിന്‍റെ റെഡ് കാർഡ് സസ്പെൻഷൻ അസാധുവാക്കി

വാഷിംഗ്ടൺ : ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ അപൂർവ്വ നടപടിയുമായി ഫിഫ. അമേരിക്കൻ സ്ട്രൈക്കർ ഫൊലാരിൻ ബലോഗന് ലഭിച്ച റെഡ് കാർഡ് മൂലമുള്ള സസ്പെൻഷൻ ഫിഫ അസാധുവാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസാധാരണമായ ഇടപെടലിനെത്തുടർന്നാണ് ഫിഫയുടെ ഈ തീരുമാനം. ഇതോടെ ബെൽജിയത്തിനെതിരായ നിർണ്ണായകമായ പ്രീക്വാർട്ടർ മത്സരത്തിൽ ബലോഗന് കളത്തിലിറങ്ങാൻ സാധിക്കും.

ഗ്രൂപ്പ് ഘട്ടത്തിൽ ബോസ്നിയ-ഹെർസെഗോവിനയ്‌ക്കെതിരായ മത്സരത്തിനിടെ എതിർതാരത്തെ ഫൗൾ ചെയ്തതിനാണ് ബലോഗന് റെഡ് കാർഡ് ലഭിച്ചത്. ഈ കാര്‍ഡിനെത്തുടര്‍ന്ന് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്കാണ് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്. അമേരിക്കയുടെ ടോപ് സ്കോററായ ബലോഗന്റെ അഭാവം ടീമിന് തിരിച്ചടിയാകുമെന്ന് കണ്ടാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് വിഷയം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച മുതൽ മൂന്ന് തവണ ട്രംപ് ഇൻഫാന്റിനോയെ ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

"ശരിയായത് ചെയ്തതിന് ഫിഫയ്ക്ക് നന്ദി. വലിയൊരു അനീതിയാണ് തിരുത്തപ്പെട്ടത്," എന്ന് തീരുമാനത്തിന് പിന്നാലെ ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. 1962-ൽ ബ്രസീലിയൻ ഇതിഹാസം ഗാരിഞ്ചയ്ക്ക് ലഭിച്ച ഇളവിന് ശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ഒരു റെഡ് കാർഡ് സസ്പെൻഷൻ ഫിഫ റദ്ദാക്കുന്നത്. എന്നാൽ, ഫിഫയുടെ തീരുമാനത്തിനെതിരെ ബെൽജിയം ഫുട്ബോൾ അസോസിയേഷനും പരിശീലകൻ റൂഡി ഗാർഷ്യയും രൂക്ഷമായി പ്രതികരിച്ചു. "ഫിഫ ഓഫീസുകളിൽ ജൂലൈ അഞ്ച് എന്നാൽ വിഡ്ഢി ദിനമായ ഏപ്രിൽ ഒന്നാണെന്ന് എനിക്കറിയില്ലായിരുന്നു," എന്നാണ് ഗാർഷ്യ പരിഹസിച്ചത്. ഫുട്ബോളിന്റെ സത്യസന്ധതയെയും നൈതികതയെയും ചോദ്യം ചെയ്യുന്നതാണ് ഈ തീരുമാനമെന്ന് ബെൽജിയം ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.

ഫിഫയുടെ അച്ചടക്ക സംഹിതയിലെ 27-ാം വകുപ്പ് പ്രകാരം ഒരു വർഷത്തെ പ്രൊബേഷണൽ കാലയളവിലേക്കാണ് വിലക്ക് മാറ്റിയിരിക്കുന്നതെന്ന് ഫിഫ വിശദീകരണം നൽകി. ഈ കാലയളവിൽ സമാനമായ കുറ്റം ആവർത്തിച്ചാൽ വിലക്ക് വീണ്ടും പ്രാബല്യത്തിൽ വരുമെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - FIFA Lifts Folarin Balogun’s Suspension After Trump’s Intervention, Belgium Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.