വാൻകൂവർ: മുഹമ്മദ് സലാഹ് എന്ന ഇതിഹാസ താരത്തിലൂടെ യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ മേൽവിലാസം കുറിച്ച ഈജിപ്തിന് ലോകകപ്പ് ഫുട്ബാളിലേക്കും മാസ് എൻട്രി. തങ്ങളുടെ മൂന്നാം ലോകകപ്പിനായി അമേരിക്കൻ മണ്ണിലേക്ക് പറന്ന ഫറോവയുടെ നാട്ടുകാർക്ക് വിശ്വമേളയുടെ ചരിത്രത്തിൽ ആദ്യ വിജയമധുരം. സഹആതിഥേയരായ കാനഡയിലെ വാൻകൂവറിൽ നടന്ന മത്സരത്തിൽ ഓഷ്യാനിയ സംഘമായ ന്യൂസിലൻഡിനെ 3-1ന് തരിപ്പണമാക്കിയാണ് മുഹമ്മദ് സലാഹും കൂട്ടുകാരും ലോകകപ്പിലെ ആദ്യ ജയം ആഘോഷിമാക്കിയത്. കളിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം, വർധിത വീര്യത്തോടെ പോരാടിയ ഈജിപ്ഷ്യൻ പട രണ്ടാം പകുതി തങ്ങളുടേതാക്കി മാറ്റി. 15ാം മിനിറ്റിൽ കോർണർ കിക്കിലൂടെയെത്തിയ പന്തിനെ ഹെഡ്ഡർ ഗോളാക്കി വലയിലെത്തിച്ച ഫിൻ സർമാനിലൂടെ ന്യൂസിലൻഡാണ് ലീഡ് പിടിച്ചത്. പ്രതിരോധപ്പിഴവിലൂടെ വഴങ്ങിയ ഗോൾ പക്ഷേ ഈജിപ്തിനെ ഉണർത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ ഉമർ മർമുഷും, ലിവർപൂൾ ഇതിഹാസം മുഹമ്മദ് സലാഹും നയിച്ച ഈജിപ്ഷ്യൻ മുന്നേറ്റത്തിന് സടകുടഞ്ഞെഴുന്നേൽക്കാനുള്ള ഉൾവിളിയായിരുന്നു ആ ഗോൾ. പിന്നെ, വാൻകൂവർ ബി.സി േപ്ലസ് സ്റ്റേഡിയം കണ്ടത് ഇടതടവില്ലാത്ത ദ്വിമുഖ ആക്രമണങ്ങൾ. 21ാം മിനിറ്റിൽ ഈജിപ്ഷ്യൻ ക്ലബ് പിരമിഡ്സിന്റെ ഗോൾ മെഷീൻ മുസ്തഫ സീകോയും മർവൻ അതിയ്യയും ചേർന്ന് നടത്തിയ ആക്രമണത്തോടെ ഈജിപ്തിന്റെ തിരിച്ചുവരവ് ഉറപ്പിച്ചു.
ഇരു വിങ്ങുകളെയും ചടുലമാക്കി ആക്രമണങ്ങളിൽ ന്യൂസിലൻഡ് പ്രതിരോധത്തിന് പണിയേറെയായി. പോസ്റ്റിനു താഴെ ഗോൾ കീപ്പർ മാക്സ് ക്രൊകോംബെ ഒന്നാം പകുതിയിൽ ന്യൂസിലൻഡിന്റെ രക്ഷകനായി അവതരിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ ആക്രമണത്തിന് വേഗവും കൃത്യതയും വർധിപ്പിച്ചായിരുന്നു കോച്ച് ഹുസാം ഹസൻ, സലാഹിനെയും സംഘത്തെയും ഇറക്കിയത്. ആദ്യ മിനിറ്റുകളിൽ സലാഹും മർമുഷും ചേർന്ന് ഏതാനും മുന്നേറ്റങ്ങളിലൂടെ സൂചന നൽകി. ഒടുവിൽ 58ാം മിനിറ്റിൽ കാത്തിരുന്ന ഗോൾ പിറന്നു. വലതുവിങ്ങിൽ നിന്നും മുഹമ്മദ് ഹാനി ഉയർത്തി നൽകിയ ഹൈബാളിനെ മിന്നൽപിണർ കണക്കെയുള്ള ഹെഡ്ഡറിലൂടെ സികോ വലയുടെ മോന്തായത്തിലേക്ക് പറത്തി. 67ാം മിനിറ്റിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൽ കണ്ടുശീലിച്ച സലാഹിനെ ഈജിപ്ഷ്യൻ ജഴ്സിയിൽ കണ്ടു. മധ്യവര കടന്നതിനുപിന്നാലെ പന്തുമായി കുതിച്ച മുസ്ത സികോയായിരുന്നു ഗോളിലേക്ക് കളമൊരുക്കിയത്. സലാഹിന് വൺ ടച്ച് നൽകി, ബോക്സിനുള്ളിലേക്ക് കയറിയതിനു പിന്നാലെ, വീണ്ടും പന്ത് സ്വീകരിച്ച് ബാക്ഹീലിൽ പിന്നിലേക്കൊരു ക്രോസ്. മനക്കണക്കിൽ ഗോളിനെ നിർണയിച്ചുവെന്ന പോലെ സലാഹിന്റെ ഇടംകാലൻ ഷോട്ടിൽ പന്ത് ഗോളിയെയും നിഷ്പ്രഭമാക്കി വലയിൽ.
രണ്ടുഗോളിന് മുന്നിലെത്തിയതിന്റെ ആഘോഷം അടങ്ങും മുമ്പേ 82ാം മിനിറ്റിൽ ഈജിപ്തിന്റെ മൂന്നാം ഗോളും പിറന്നു. ഇടതു കോർണറിൽ നിന്നും സലാഹ് എടുത്ത കിക്കിൽ, പന്ത് ഹെഡ്ഡറിലൂടെ ചെത്തിയിട്ട് മഹ്മൂദ് ട്രെസഗ്വേ ലീഡുയർത്തി. മർമുഷിന് പകരക്കാരനായി കളത്തിലെത്തി ആറ് മിനിറ്റിനുള്ളിലായിരുന്നു ഗോൾ.
ആദ്യ കളിയിൽ ഇറാനെ 2-2ന് തളച്ച ന്യൂസിലൻഡിന് കളിയിൽ തിരികെയെത്താൻപോലും അവസരം നൽകാതെ മിസ്റിലെ പടയാളികൾ കളം ഭരിച്ചു. ഗ്രൂപ്പിലെ ആദ്യ കളിയിൽ ബെൽജിയവുമായി സമനില വഴങ്ങിയ ഈജിപ്ത് നാല് പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 1990, 2018 ലോകകപ്പുകളിൽ കളിച്ച ടീമിന്റെ വിശ്വമേളയിലെ ആദ്യ ജയം കൂടിയാണിത്. മിന്നും ജയത്തിനു ശേഷം, വാൻകൂവറിലെ തെരുവിൽ ആഘോഷത്തോടെയാണ് സലാഹിനെയും സംഘത്തെയും ആരാധകർ വരവേറ്റത്. ‘ഏറ്റവും മഹത്തായ നേട്ടമാണിത്. ഓരോ കളിക്കാരനും അഭിമാനിക്കാവുന്ന വിജയം. മഹത്തരമായ വിജയവും ആഘോഷവുമായി. അടുത്ത മത്സരം കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി മാറുകയാണ്’ -മത്സര ശേഷം സലാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.