കണ്ണൂർ: ഇന്ത്യൻ ഫുട്ബാൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെയും, ഗ്രാസ്റൂട്ട് തലത്തിലെ സംവിധാനങ്ങളുടെ പോരായ്മകളെയും തുറന്നുകാട്ടി മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്. കോഴിക്കോടുനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ റോഡരികിൽ കണ്ട ഒരു ദൃശ്യത്തിൽനിന്നാണ് വിനീത് തന്റെ എഫ്.ബികുറിപ്പ് ആരംഭിക്കുന്നത്. കാലിൽ പന്തുമായി സീബ്രാ ക്രോസിങിലൂടെ നടന്നുനീങ്ങുന്ന അഞ്ച് കുട്ടികളെ കണ്ടപ്പോൾ, ബീറ്റിൽസിന്റെ ചരിത്രപ്രസിദ്ധമായ ‘അബ്ബി റോഡ്’ ചിത്രമാണ് ഓർമ് വന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ആബി റോഡ് പാശ്ചാത്യ സംഗീതത്തിന്റെ വിലാസമാണെങ്കിൽ, ഈ തെരുവുകൾ ഫുട്ബാളിന്റെ ഹൃദയമിടിപ്പാണെന്ന് വിനീത് ഓർമിപ്പിക്കുന്നു.
പെലെ, മറഡോണ, സാഡിയോ മാനെ, അലക്സിസ് സാഞ്ചസ് തുടങ്ങി ലോക ഫുട്ബാളിനെ വിസ്മയിപ്പിച്ച എത്രയോ ഇതിഹാസങ്ങളുടെ ആദ്യ പരിശീലനകേന്ദ്രം ഇത്തരത്തിലുള്ള തെരുവുകളും ചെളിപ്പാടങ്ങളുമായിരുന്നു. ഒരു രാജ്യത്തിന്റെ ഫുട്ബാൾ സംസ്കാരം കോൺക്രീറ്റ് മുറികളിലല്ല, മറിച്ച് അത്തരം മൈതാനങ്ങളിലാണ് ജനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയിലും അത്തരം പ്രതിഭകൾക്ക് പഞ്ഞമില്ല, എന്നാൽ അവരെ കണ്ടെത്തി വളർത്താൻ ആവശ്യമായ സ്കൗട്ടിങ് ശൃംഖലയോ കൃത്യമായ ഗ്രാസ്റൂട്ട് പദ്ധതികളോ ഇവിടെയില്ല. കോടികൾ മുടക്കി ലീഗുകൾ നടത്തുകയും വിദേശ കോച്ചുമാരെ കൊണ്ടുവരികയും ചെയ്തിട്ടും ഇന്ത്യൻ ഫുട്ബാൾ ലോകനിലവാരത്തിലേക്ക് ഉയരാത്തത് അതുകൊണ്ടാണ്.
സി.കെ. വിനീത് എഫ്.ബി പോസ്റ്റിൽ പങ്കുവെച്ച ചിത്രം
സെനഗലിലെ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവന്ന സാഡിയോ മാനെയെയും മറ്റ് പ്രമുഖ താരങ്ങളെയും ഉദാഹരിച്ചുകൊണ്ട്, ആഫ്രിക്കൻ രാജ്യങ്ങളിലെ ‘ജനറേഷൻ ഫുട്ട്’, ‘ഡയമ്പാർസ്’, ‘റൈറ്റ് ടു ഡ്രീം’ തുടങ്ങിയ അക്കാദമികളെക്കുറിച്ച് വിനീത് എടുത്തുപറയുന്നു. ഈ അക്കാദമികളാണ് യൂറോപ്യൻ ക്ലബ്ബുകളുമായി കൈകോർത്ത് ദരിദ്രരായ കുട്ടികൾക്ക് മികച്ച പരിശീലനവും വിദ്യാഭ്യാസവും നൽകുന്നത്. ആ രാജ്യങ്ങൾ ലോകകപ്പ് വേദികളിൽ വിസ്മയം തീർക്കുന്നത് ഭരണകൂടങ്ങളുടെ വലിയ ഫണ്ട് കൊണ്ടല്ല, മറിച്ച് ഇത്തരം വ്യവസ്ഥാപിതമായ അക്കാദമികളുടെ കരുത്തിലാണ്.
ഇന്ത്യയിൽ ഫുട്ബാൾ ഭരണസംവിധാനത്തിന്റെ മുൻഗണനകൾ കായിക വളർച്ചയല്ലെന്ന് വിനീത് കുറ്റപ്പെടുത്തുന്നു. ഫുട്ബാൾ ലോകകപ്പിന്റെ ആവേശത്തിൽ ലോകം നിൽക്കുമ്പോൾ, ഇവിടെയുള്ളവർ രാഷ്ട്രീയക്കളികളിലും അധികാരപ്പോരാട്ടങ്ങളിലും പേരുമാറ്റ ചടങ്ങുകളുടെയും തിരക്കിലാണ്. കായികരംഗത്തെ താൽപര്യങ്ങളേക്കാൾ സ്വന്തം കസേരകൾ സംരക്ഷിക്കാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ, നിശ്ശബ്ദമായി തകർന്നുവീഴുന്നത് ലക്ഷക്കണക്കിന് കുട്ടികളുടെ സ്വപ്നങ്ങളാണ്.
ഇന്ത്യയിൽ ഫുട്ബോൾ വളർത്താൻ പണമില്ലെന്ന വാദം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടുകളും സ്വകാര്യ നിക്ഷേപകരും മുന്നോട്ടുവന്നാൽ ഗ്രാമങ്ങളിൽ പോലും ലോകനിലവാരമുള്ള അക്കാദമികൾ നിർമ്മിക്കാൻ സാധിക്കും. വിദേശ ക്ലബ്ബുകളുമായി ദീർഘകാല പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതികളാണ് ആവശ്യം.
‘ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി ഡൽഹിയിലെ എയർകണ്ടീഷൻ ഓഫീസ് മുറികളിൽ മാത്രം എഴുതപ്പെടുമ്പോൾ, ഈ തെരുവുകളിലെ പ്രതിഭകളും അവരുടെ സ്വപ്നങ്ങളും അവിടെത്തന്നെ അവസാനിക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് സി.കെ. വിനീത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആ കുട്ടികൾ നടന്നുപോകുന്ന സീബ്രാ ക്രോസിങ്, ഒരു രാജ്യത്തിന്റെ പൂർത്തിയാകാതെ കിടക്കുന്ന ഫുട്ബാൾ സ്വപ്നങ്ങളെക്കുറിച്ചും, ലോകം കാണാതെ പോയേക്കാവുന്ന ഇന്ത്യയുടെ അടുത്ത മഹാതാരത്തിന്റെ ആദ്യ ചുവടുകളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപത്ത് എവിടെയോ വെച്ചാണ് അഞ്ച് കുട്ടികൾ കാലിൽ പന്തുമായി സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുന്നത് കണ്ടത് . എനിക്ക് ആദ്യം ഓർമവന്നത് ദി ബീറ്റിൽസിലൂടെ ചരിത്രപ്രസിദ്ധമായ അബ്ബി റോഡ് ചിത്രമായിരുന്നു. ആ കാഴ്ച ക്യാമറയിലാക്കി .
1969-ൽ ലണ്ടനിലെ ആബി റോഡിലെ ഒരു സീബ്രാ ക്രോസിംഗിലൂടെ നടന്നുനീങ്ങിയ നാല് മനുഷ്യർ ലോകത്തിന് സമ്മാനിച്ച ചിത്രം വെറുമൊരു ആൽബം കവറായിരുന്നില്ല. സംഗീത ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു അത്. സ്കോട്ടിഷ് ഫോട്ടോഗ്രാഫറായ ഇയാൻ മാക്മില്ലൻ പകർത്തിയ ആ നിമിഷം പിന്നീട് പാശ്ചാത്യ സംസ്കാരത്തിന്റെ അനശ്വരമായ പ്രതീകമായി മാറി.
പതിറ്റാണ്ടുകൾക്കിപ്പുറം, ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, കേരളത്തിലെ മഴനനഞ്ഞൊരു തെരുവിൽ മറ്റൊരു സീബ്രാ ക്രോസിംഗിലൂടെ അഞ്ച് കുട്ടികൾ നടന്നുപോകുന്നു. അവരെ കാത്ത് വലിയ ഫ്ലാഷ് ലൈറ്റുകളില്ല, മാധ്യമപ്പടയില്ല, അവരുടെ കഥ ലോകത്തോട് പറയാൻ ആരും കാത്തുനിൽക്കുന്നുമില്ല. കാലുകളിൽ തുകൽപ്പന്തും കണ്ണുകളിൽ അതിരുകളില്ലാത്ത സ്വപ്നങ്ങളുമായി അവർ മുന്നോട്ട് നടക്കുകയാണ്. ആബി റോഡ് പാശ്ചാത്യ സംഗീതത്തിന്റെ വിലാസമായിരുന്നെങ്കിൽ, ഈ തെരുവുകൾ ഫുട്ബോളിന്റെ ഹൃദയമിടിപ്പാണ്.
ഒരു രാജ്യത്തിന്റെ ഫുട്ബോൾ സംസ്കാരം ജനിക്കുന്നത് കോൺക്രീറ്റ് മുറികളിലല്ല, മറിച്ച് ഇങ്ങനെയുള്ള തെരുവുകളിലും മൈതാനങ്ങളിലും ചെളിപ്പാടങ്ങളിലുമാണ്. ബ്രസീലിലെ ബൗറുവിന്റെ ദാരിദ്ര്യമേറിയ തെരുവുകളിൽ, ഒരു ഫുട്ബോൾ വാങ്ങാൻ പോലും പണമില്ലാതെ പഴയ സോക്സിനുള്ളിൽ തുണികളും പത്രക്കടലാസുകളും നിറച്ച് കയറുകൊണ്ട് കെട്ടിയുണ്ടാക്കിയ തുണിപ്പന്ത് കൊണ്ട് നഗ്നപാദനായി കളിച്ചു വളർന്ന കുട്ടിയായിരുന്നു ഫുട്ബോളിലെ എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളായ പെലെ. അദ്ദേഹത്തിന്റെ ആദ്യകാല ടീമിന്റെ പേര് തന്നെ “ചെരുപ്പില്ലാത്തവർ” എന്നായിരുന്നു. ബ്യൂണസ് ഐറിസിനടുത്തുള്ള വില്ല ഫിയോറിറ്റോയിലെ ഇടുങ്ങിയ വഴികളിലും കല്ലും മണ്ണും നിറഞ്ഞ മൈതാനങ്ങളിലുമാണ് ഡീഗോ മറഡോണ എന്ന മാന്ത്രികന് പന്തിന്മേലുള്ള അസാധാരണ നിയന്ത്രണവും ബാലൻസും രൂപപ്പെട്ടത്. സെനഗലിലെ ബംബാലിയിലെ വഴികളിൽ കല്ലുകൾ കൂട്ടിയിട്ട് ഗോൾപോസ്റ്റുണ്ടാക്കി കളിച്ചാണ് സാഡിയോ മാനെ വളർന്നത്. ചിലിയിലെ ടോകോപില്ലയിലെ അസ്ഫാൽട്ട് തെരുവുകളിൽ നാട്ടുകാർക്ക് മുന്നിൽ പന്തുകൊണ്ട് അഭ്യാസങ്ങൾ കാട്ടി വിശപ്പടക്കേണ്ടിവന്ന കുട്ടിയായിരുന്നു അലക്സിസ് സാഞ്ചസ്. ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച എത്രയോ ഇതിഹാസങ്ങളുടെ ആദ്യ പരിശീലനകേന്ദ്രം ഇത്തരത്തിലുള്ള തെരുവുകളായിരുന്നു.
അത്തരം തെരുവുകൾ ഇന്ത്യയിലുമുണ്ട്. ബ്രസീലിലെയും ആഫ്രിക്കയിലെയും തെരുവുകളോട് കിടപിടിക്കുന്ന പ്രതിഭകൾ നമ്മുടെ ഗ്രാമങ്ങളിലും തീരദേശങ്ങളിലും മലയോരങ്ങളിലുമുണ്ട്. എന്നാൽ അവരെ കണ്ടെത്തി വളർത്തിയെടുക്കാനുള്ള സംവിധാനം നമുക്കില്ല. ഉൾനാടൻ ഗ്രാമങ്ങളിലേക്കും നഗരപ്രദേശങ്ങളിലേക്കും എത്തിച്ചേരുന്ന ശക്തമായ സ്കൗട്ടിംഗ് ശൃംഖല നമുക്കില്ല. കൃത്യമായ ഗ്രാസ്റൂട്ട് പദ്ധതികളില്ല. കോടികൾ മുടക്കി ലീഗുകൾ നടത്തുകയും വിദേശ കോച്ചുമാരെ കൊണ്ടുവരികയും ചെയ്തിട്ടും ഇന്ത്യൻ ഫുട്ബോൾ ലോകനിലവാരത്തിലേക്ക് ഉയരാത്തത് അതുകൊണ്ടാണ്.
സെനഗലിലെ ബംബാലിയിലെ ചളിനിറഞ്ഞ തെരുവിൽ നിന്നാണ് സാഡിയോ മാനെ എന്ന ലോകോത്തര താരം വളർന്നു വന്നത്. 15 ആം വയസ്സിൽ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രം സ്വന്തം ഗ്രാമത്തിൽ നിന്ന് തലസ്ഥാനമായ ഡാക്കാറിലേക്ക് ഓടിപ്പോയ ആ കുട്ടിയുടെ പ്രതിഭയെ മിനുക്കിയെടുത്തത് 'ജനറേഷൻ ഫുട്ട്' എന്ന ഫുട്ബോൾ അക്കാദമിയായിരുന്നു.
മാനെ മാത്രമല്ല, ഇസ്മായിലി സാർ, പാപെ മാതർ സാർ , പാപിസ് സിസ്സേ, തുടങ്ങിയ സെനഗലിന്റെ പ്രമുഖ താരങ്ങളെല്ലാം ഈ ഒരൊറ്റ അക്കാദമിയിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഉയർന്നുവന്നവരാണ്. സമാനമായി 2003-ൽ സ്ഥാപിതമായ 'ഡയമ്പാർസ്' അക്കാദമിയും ഇദ്രിസ ഗായെ അടക്കമുള്ള പ്രതിഭകളെ വാർത്തെടുത്തു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നേടിയ സെനഗൽ ടീമിന്റെ കാൽഭാഗത്തിലധികം കളിക്കാരും ഈ രണ്ട് അക്കാദമികളിൽ നിന്ന് മാത്രം വന്നവരായിരുന്നു. ഘാനയിലെ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ മിന്നും താരം മുഹമ്മദ് കുഡൂസ് , ബ്രൈറ്റന്റെ സൈമൺ അഡിംഗ്ര തുടങ്ങിയ ആധുനിക ഫുട്ബോളിലെ പ്രതിഭകളെ വാർത്തെടുത്തത് അവിടെയുള്ള 'റൈറ്റ് ടു ഡ്രീം' അക്കാദമിയാണ്. യൂറോപ്യൻ ക്ലബ്ബുകളുമായി കൈകോർക്കുന്ന ഇത്തരം അക്കാദമികളാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികൾക്ക് കരുത്താകുന്നത് . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ രാജ്യങ്ങൾ ലോകകപ്പ് വേദികളിൽ വിസ്മയം തീർക്കുന്നത് അവിടുത്തെ ഭരണകൂടങ്ങളുടെ വലിയ ഫണ്ട് കൊണ്ടല്ല, വ്യവസ്ഥാപിതമായ ഇത്തരം അക്കാദമികളുടെ കരുത്തിലാണ്.
ഇന്ത്യയിൽ കളിയെ വളർത്തേണ്ട ഫെഡറേഷൻ അധികാരികളുടെ മുൻഗണന പലപ്പോഴും കളിയല്ല. ലോകം മുഴുവൻ ലോകകപ്പിന്റെ ആവേശത്തിൽ മുങ്ങിനിൽക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് ചർച്ച ചെയ്യേണ്ടവർ രാഷ്ട്രീയക്കളികളിലും അധികാരപ്പോരാട്ടങ്ങളിലും പേരുമാറ്റ ചടങ്ങുകളുടെയും തിരക്കിലാണ് . ഈ ഒരൊറ്റ കാര്യം മതി നമ്മുടെ ഫുട്ബോൾ ഭരണസംവിധാനത്തിന്റെ മുൻഗണനകൾ മനസ്സിലാക്കാൻ . കായികരംഗത്തെ താൽപര്യങ്ങളേക്കാൾ സ്വന്തം കസേരകൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ നിശ്ശബ്ദമായി തകർന്നുവീഴുന്നത് ലക്ഷക്കണക്കിന് കുട്ടികളുടെ സ്വപ്നങ്ങളാണ്.
ഫുട്ബോൾ ഇവിടെ വെറുമൊരു കളിയല്ല അതൊരു അതിജീവനമാണ്. പഞ്ചായത്ത് മൈതാനത്തോ ചെളി നിറഞ്ഞ പാടവരമ്പിലോ വിദ്യാലയ മുറ്റത്തോ പന്തുരുളുമ്പോൾ അവിടെ ജനിക്കുന്നത് പുതിയൊരു പ്രതിഭയാണ്. സ്കൂൾ വിട്ടിറങ്ങുന്ന കുട്ടികൾക്കും പകൽ മുഴുവൻ അധ്വാനിച്ച് തളർന്നെത്തുന്ന യുവാക്കൾക്കും സന്ധ്യയാകുമ്പോൾ നാട്ടിൻപുറത്ത് ആരംഭിക്കുന്ന ഓരോ കളിയും അവരുടെ സ്വന്തം ലോകകപ്പാണ്. ആ കുട്ടികളുടെ കാലുകൾക്കരികിലൂടെ ഉരുളുന്ന ആ പന്ത് അവസരങ്ങൾ കുറവായിട്ടും സ്വപ്നങ്ങൾ ഉപേക്ഷിക്കാത്ത ഒരു ജനതയുടെ പ്രതീക്ഷയാണ്. വ്യവസ്ഥിതികളോട് പൊരുതി ജയിക്കാനുള്ള പോരാട്ടമാണ് . ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഡൽഹിയിലെ എയർകണ്ടീഷൻ ഓഫീസ് മുറികളിൽ മാത്രം എഴുതപ്പെടുമ്പോൾ, ഈ തെരുവുകളിലെ പ്രതിഭകളും അവരുടെ അതിരുകളില്ലാത്ത സ്വപ്നങ്ങളും പലപ്പോഴും അവിടെത്തന്നെ അവസാനിച്ചുപോകുകയാണ്.
ഇവിടെയാണ് ഇന്ത്യയുടെ പരാജയം പ്രകടമാകുന്നത്. ഇന്ത്യയിൽ ഫുട്ബോൾ വളർത്താൻ പണമില്ല എന്ന വാദം പാടേ തെറ്റാണ്. കോടികൾ മറിയുന്ന ലീഗുകൾ നടത്താനും വിദേശ കോച്ചുമാരെ കൊണ്ടുവരാനും നമുക്ക് പണമുണ്ട്. അതിലുപരിയായി കോർപ്പറേറ്റ് കമ്പനികൾക്കും വ്യക്തികൾക്കും തങ്ങൾ ആഗ്രഹിക്കുന്നിടത്ത് ചിലവഴിക്കാൻ തക്കവണ്ണമുള്ള വലിയ തോതിലുള്ള സ്വകാര്യ മൂലധനം ഇന്ന് ഇന്ത്യയിലുണ്ട്. ഈ പണം കൃത്യമായി വഴിതിരിച്ചുവിട്ടാൽ ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ലോകനിലവാരമുള്ള അക്കാദമികൾ നിർമ്മിക്കാനും പ്രതിഭകളെ വാർത്തെടുക്കാനും നമുക്ക് സാധിക്കും. ആഫ്രിക്കൻ മോഡൽ അക്കാദമികളെപ്പോലെ വിദേശ ക്ലബ്ബുകളുമായി ദീർഘകാല പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് കുട്ടികൾക്ക് സൗജന്യ പരിശീലനവും വിദ്യാഭ്യാസവും നൽകുന്ന അക്കാദമികൾ സ്ഥാപിക്കാൻ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടുകളും സ്വകാര്യ ഇൻവെസ്റ്റർമാരും മുന്നോട്ട് വരേണ്ടതുണ്ട്.
നാല് ഇതിഹാസങ്ങൾ നടന്ന ആബി റോഡ് ലോകത്തിന് സംഗീതത്തിന്റെ അനശ്വരമായ ഒരു ചിത്രം സമ്മാനിച്ചിരുന്നെങ്കിൽ, ഇന്ന് ഈ അഞ്ച് കുട്ടികൾ നടന്നുപോകുന്ന സീബ്രാ ക്രോസിംഗ് നമ്മോട് പറയുന്നത് ഒരു രാജ്യത്തിന്റെ പൂർത്തിയാകാതെ കിടക്കുന്ന ഫുട്ബോൾ സ്വപ്നങ്ങളെക്കുറിച്ചാണ്. ഒരുപക്ഷേ, ലോകം ഇതുവരെ കാണാതെ പോയ ഇന്ത്യയുടെ അടുത്ത മഹാതാരത്തിന്റെ ആദ്യ ചുവടുകളെക്കുറിച്ചുമാണ്. കാല്പന്തിനെ പ്രണയിക്കുന്ന ഈ ജനതയുടെ ആത്മാവ് ഇപ്പോഴും ആ തെരുവുകളിൽ ഒരു രക്ഷകനെ കാത്തുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.