രാഹുൽ ഗാന്ധിക്കെതിരായ ഇറ്റാലിയൻ എംബസിയുടെ പ്രസ്താവന; റിപ്പബ്ലിക് ടിവി, ഗുജറാത്ത് സമാചർ വാർത്തയുടെ വസ്തുത ഇതാണ്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദത്തെ പരാമർശിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും നടത്തിയ തമാശയ്ക്കെതിരെ ഇറ്റാലിയൻ എംബസി പ്രസ്താവനയിറക്കിയെന്ന പേരിൽ പ്രചരിച്ച വാർത്ത വ്യാജം. 'സറ്റയർ അക്കൗണ്ട്' എന്ന് ബയോയിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്ന ഒരു വ്യാജ 'എക്സ്' ഹാൻഡിലിന്റെ പോസ്റ്റ് അടിസ്ഥാനമാക്കി റിപ്പബ്ലിക് ടി.വി, ഗുജറാത്ത് സമാചാർ തുടങ്ങിയ മാധ്യമങ്ങൾ വാർത്ത നൽകുകയായിരുന്നു.

'Italy in India' എന്ന പേരുള്ള ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണ് ഇറ്റാലിയൻ എംബസിയുടെ പേരിലുള്ള കത്ത് പ്രചരിച്ചത്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ എംബസി അതൃപ്തി രേഖപ്പെടുത്തിയെന്നായിരുന്നു ഇതിലെ അവകാശവാദം. 

എന്നാൽ, ഇറ്റാലിയൻ എംബസിയുടെ ഔദ്യോഗിക ഹാൻഡിൽ ഗ്രേ ടിക്ക് ഉള്ള 'ItalyinIndia' ആണെന്നും, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഹാൻഡിലിലോ അത്തരമൊരു പ്രസ്താവന വന്നിട്ടില്ലെന്നും കാണാം. അജിത് ഭാരതി ഉൾപ്പെടെയുള്ള വലതുപക്ഷ സോഷ്യൽ മീഡിയ പ്രൊഫൈലുകളും സിഎൻഎൻ ന്യൂസ് 18 ലേഖകനുമടക്കം നിരവധി പേർ ഈ വ്യാജ കത്ത് പങ്കുവെച്ചിരുന്നു. സറ്റയർ അക്കൗണ്ടാണെന്ന് രേഖപ്പെടുത്തിയിട്ടും പരിശോധനയില്ലാതെ മാധ്യമങ്ങൾ ഇത് വാർത്തയാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ അന്താരാഷ്ട്ര നയതന്ത്ര തലത്തിലുള്ള ബന്ധങ്ങളെപ്പോലും തെറ്റായി ചിത്രീകരിക്കാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. ഒരു വിദേശ എംബസിയുടെ പേരിൽ വ്യാജരേഖ ചമയ്ക്കപ്പെടുകയും അത് പ്രമുഖ ദേശീയ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ, സൈബർ നിയമപ്രകാരം കർശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

Tags:    
News Summary - Republic, Gujarat Samachar Run Reports on Fake Italian Embassy Statement Over Rahul Gandhi's Meloni Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.