പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം. ‘മാധ്യമം’ വാർത്തയുടെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്താണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. ‘രാഹുലിനെതിരെ മുൻപും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്, സ്ത്രീപീഡകരെ ചുമക്കേണ്ട ബാധ്യത കോൺഗ്രസിനില്ല -കെ. സുധാകരൻ’ എന്നാണ് പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇടതുസൈബർ ഹാൻഡിലുകൾ ഏതാനും ദിവസങ്ങളായി അപവാദ പ്രചാരണം തുടരുകയാണ്. മാധ്യമപ്രവർത്തകയുമായി ബന്ധപ്പെടുത്തിയാണ് പോരാളി ഷാജി, പ്രേംകുമാർ തുടങ്ങിയ ഇടത് ഹാൻഡിലുകൾ പ്രചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് രാഹുലിനെതിരെ മുൻപും നിരവധി പരാതികൾ ലഭിച്ചിരുന്നതായി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞതായുള്ള പോസ്റ്റുകൾ.
2025 ഏപ്രിൽ 30 എന്നാണ് ചിത്രത്തിലുള്ള തീയതി. വൈകീട്ട് 5.17ന് പോസ്റ്റ് ചെയ്ത് 5.29ന് അപ്ഡേറ്റ് ചെയ്തതായും ചിത്രത്തിൽ കാണാം. പരിശോധനയിൽ, മാധ്യമം ഓൺലൈൻ ഇതേദിവസം ഇതേസമയം പ്രസിദ്ധീകരിച്ച കെ. സുധാകരനെ കുറിച്ചുള്ള മറ്റൊരു വാർത്ത കണ്ടെത്തി. ‘കെ. സുധാകരന്‍റെ കൊലവിളി പ്രസംഗത്തിനെതിരെ ബി.ജെ.പി; കോൺഗ്രസും സി.പി.എമ്മും ബോധപൂര്‍വം പ്രശ്നമുണ്ടാക്കുന്നുവെന്ന് പ്രശാന്ത് ശിവൻ, എസ്.പിക്ക് പരാതി നൽകും’ എന്നതാണ് പ്രസ്തുത വാർത്ത. ഈ വാർത്തയുടെ സ്ക്രീൻഷോട്ടിൽ യഥാർഥ തലക്കെട്ട് എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചിരിക്കുന്നത്.
അതിനിടെ, സി.പി.എമ്മിന്റെ സൈബറിടങ്ങളിൽ നിന്നുള്ള വ്യാജ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വ്യക്തമാക്കി. ‘കാലങ്ങളായി തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടക്കുന്നു. ഒരോ മാസവും ഒരോന്ന് പടച്ചുവിടും അതിനൊന്നും പ്രതികരിച്ച് ഇത്തരക്കാർക്ക് ഇടം നൽകരുത്. ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആർക്കും ആരെ കുറിച്ചും എന്തും പറയാമെന്ന അവസ്ഥയാണുള്ളത്. മുഖമില്ലാത്തവർ പറയുന്നത് ആര് ശ്രദ്ധിക്കുന്നു? നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അറിവുണ്ടോ? നിയമപരമായി പോകാൻ കഴിയുന്ന കാര്യമാണെങ്കിൽ ഇത്തരക്കാർ ആ വഴിക്ക് നീങ്ങട്ടെ. അതല്ലേ അതിന്റെ മാന്യത’ -രാഹുൽ ചോദിച്ചു. താനും തന്റെ മണ്ഡലത്തിൽ ഉള്ളവരും ഇതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന പ്രചാരണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.