‘ഒരു രൂപ തരൂ, നിങ്ങളുടെ ഒരു രൂപ ദിവസം 100 കോടിയാകും, ഇന്ത്യൻ സൈന്യത്തിന് ആയുധം വാങ്ങാൻ ഉപയോഗിക്കും’ -സംഭാവന ചോദിച്ച് വാട്സാപ് സന്ദേശം; പ്രതികരണവുമായി പി.ഐ.ബി

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് ആയുധം വാങ്ങാനും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ സൈനികർക്കും സഹായം നൽകാനും സംഭാവന ചോദിച്ച് വാട്സാപ് സന്ദേശം. ‘പ്രതിദിനം ഒരു രൂപ മാത്രം, അതും ഇന്ത്യൻ സൈന്യത്തിന്. ഇന്നലത്തെ ക്യാബിനറ്റ് യോഗത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ നവീകരണത്തിനും യുദ്ധമേഖലയിൽ പരിക്കേൽക്കുകയോ വീരമൃത്യു വരിക്കുകയോ ചെയ്യുന്ന സൈനികർക്കായും മോദി സർക്കാർ ബാങ്ക് അക്കൗണ്ട് തുറന്നു. അതിൽ ഓരോ ഇന്ത്യക്കാരനും സ്വന്തം ഇഷ്ടപ്രകാരം ഒരു രൂപ മുതൽ എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാം. സൈന്യത്തിന് ആയുധം വാങ്ങാനും ഈ പണം ഉപയോഗിക്കും’ എന്നു തുടങ്ങുന്ന സന്ദേശമാണ് പ്രചരിക്കുന്നത്. എന്നാൽ, പ്രസ്തുത സന്ദേശത്തിലെ വിശദാംശങ്ങൾ തെറ്റാ​ണെന്നും ആളുകൾ ജാഗ്രത പാലിക്കുകയും അത്തരം വഞ്ചനാപരമായ സന്ദേശങ്ങൾക്ക് ഇരയാകാതിരിക്കുകയും വേണമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നടൻ അക്ഷയ് കുമാറിന്റെ നിർദേശപ്രകാരം മോദി സർക്കാർ എടുത്ത നല്ല തീരുമാനം എന്ന മുഖവുരയോടെയാണ് വാട്സാപ് സന്ദേശം തുടങ്ങുന്നത്. ‘‘മൻ കി ബാത്, ഫേസ്‌ബുക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ ആളുകൾ നിർദേ​ശിച്ചത് പ്രകാരം ഇന്നത്തെ കത്തുന്ന സാഹചര്യത്തിൽ മോദി സർക്കാർ ഒടുവിൽ തീരുമാനമെടുത്തു, കാനറ ബാങ്കിൽ ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റി ഫണ്ട് അക്കൗണ്ട് ആരംഭിച്ചു. ഇത് ചലച്ചിത്ര താരം അക്ഷയ് കുമാറിന്റെ മാസ്റ്റർ സ്ട്രോക്ക് ആണ്. ഇന്ത്യ ഒരു സൂപ്പർ പവർ ആകുന്നത് തടയാൻ ആർക്കും കഴിയില്ല. ഇന്ത്യയിലെ 130 കോടി ജനസംഖ്യയുടെ 70% പോലും ഈ ഫണ്ടിലേക്ക് ദിവസവും ഒരു രൂപ മാത്രം നിക്ഷേപിച്ചാൽ, ആ ഒരു രൂപ ഒരു ദിവസം 100 കോടിയായി മാറും. 30 ദിവസം കൊണ്ട് 3,000 കോടിയും ഒരു വർഷം കൊണ്ട് 36,000 കോടിയും. പാകിസ്താന്റെ വാർഷിക പ്രതിരോധ ബജറ്റ് 36,000 കോടി രൂപ പോലുമില്ല. ഉപയോഗശൂന്യമായ ജോലിക്ക് നമ്മൾ ദിവസവും 100, 1000 രൂപ ചിലവഴിക്കുന്നു. പക്ഷേ സൈന്യത്തിന് ഒരു രൂപ കൊടുത്താൽ തീർച്ചയായും ഇന്ത്യ ഒരു സൂപ്പർ പവർ ആകും’ എന്നാണ് സ​ന്ദേശത്തിൽ പറയുന്നത്.

അതേസമയം, യുദ്ധത്തിനിടെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന സൈനികർക്കായി സർക്കാർ നിരവധി ക്ഷേമ പദ്ധതികൾ ആരംഭിച്ചിട്ടുള്ളതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നു. ‘‘2020ൽ സായുധ സേനാ യുദ്ധ അപകട ക്ഷേമനിധി (AFBCWF) സ്ഥാപിച്ചു. ഇത് സൈനിക നീക്കത്തിനിടെ ജീവൻ നഷ്ടമാവുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്യുന്ന സൈനികരുടെ/നാവികരുടെ/വ്യോമസേനാംഗങ്ങളുടെ കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം നൽകുന്നതിന് ഉപയോഗിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിലെ വിമുക്തഭടന്മാരുടെ ക്ഷേമ വകുപ്പിനു വേണ്ടി ഇന്ത്യൻ സൈന്യമാണ് അക്കൗണ്ട് പരിപാലിക്കുന്നത്. ക്ഷേമനിധിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നൽകാം’’ - പി.ഐ.ബി വ്യക്തമാക്കുന്നു.

Tags:    
News Summary - Misleading WhatsApp message pertaining to donation to a particular bank account for modernisation of Indian Army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.