റഫാൽ വിമാനം തകർന്ന് പൈലറ്റ് മരത്തിൽ കുടുങ്ങിയെന്ന് പാക് പ്രചാരണം; നുണയുദ്ധം പൊളിച്ച് സുബൈർ -VIDEO

ന്യൂഡൽഹി: ഇന്ത്യയു​​ടെ റഫാൽ യുദ്ധവിമാനം തകർന്ന് പൈലറ്റ് മരത്തിൽ കുടുങ്ങിയെന്ന് പാകിസ്താൻ ട്വിറ്റർ ഹാൻഡിലുകളുടെ വ്യാജ പ്രചാരണം. പറക്കുന്നതിനിടെ റഫാൽ വിമാനം തകർന്ന് ശിവാംഗി സിങ് എന്ന ഇന്ത്യൻ വ്യോമസേന വനിത പൈലറ്റ് മരത്തിൽ കുടുങ്ങി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത്. പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാക്കൾ അടക്കം ഇത് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഇത് കള്ളമാണെന്ന് വസ്തുതാന്വേഷണ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ തെളിവുസഹിതം ചൂണ്ടിക്കാട്ടി. ഏറെ നാൾ മുമ്പ് കുളു മണാലിയിൽ നടന്ന ഗ്ലൈഡർ അപകടത്തിന്റെ ദൃശ്യമാണിതെന്നും ശിവാംഗി സിങ് അല്ലെന്നും സുബൈർ വ്യക്തമാക്കി.

പിന്നാലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) യുടെ ഫാക്ട് ചെക് വിഭാഗവും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടു​ണ്ട്.  ഇന്ത്യൻ വനിതാ വ്യോമസേന പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ശിവാനി സിങ് പാകിസ്താനിൽ പിടിയിലായി എന്ന വാർത്ത പാകിസ്താൻ അനുകൂല സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും പി.ഐ.ബി വ്യക്തമാക്കി.

ഇതടക്കം നിരവധി വ്യാജങ്ങളാണ് യുദ്ധവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇതിൽ പലതും സുബൈറും അദ്ദേഹത്തിന്റെ ആൾട്ട് ന്യൂസും പൊളിച്ചടുക്കിയിരുന്നു. ഇന്നലെ കേന്ദ്ര മന്ത്രി കിരൺ റിജിജു പങ്കുവെച്ച വ്യാജവാർത്തയും സുബൈർ ചൂണ്ടിക്കാട്ടിയിരുന്നു. നാവികസേന കറാച്ചിയിൽ ആക്രമണം നടത്തിയെന്ന വ്യാജ വാർത്തയാണ് റിജിജുവിന്റെ ഒഫിഷ്യൽ എക്സ് അക്കൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്തത്. എന്നാൽ, ഇത് വ്യാജമാണെന്നും കേന്ദ്ര മന്ത്രി വരെ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും വ്യാജ വാർത്തയിൽ വീണുവെന്നും ചൂണ്ടിക്കാട്ടി സുബൈർ രംഗത്തെത്തി. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രി, സുബൈറിന്റെ കുറിപ്പ് റിട്വീറ്റ് ചെയ്യുകയും തന്റെ പേരിൽ ആരോ വ്യാജ പോസ്റ്റ് സൃഷ്ടിച്ചതാണ് എന്ന് ആരോപിക്കുകയും ചെയ്തു. ‘നിർണായക സമയത്ത് ആരാണ് ഈ ദുഷ്പ്രവൃത്തി ചെയ്യുന്നത്? രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. ആരോ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു, അത് മാധ്യമപ്രവർത്തകർ വഴി പങ്ക് വെക്കുന്നു!’ എന്നായിരുന്നു സുബൈറിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടി റിജിജുവിന്റെ പോസ്റ്റ്.

എന്നാൽ, ആരും വ്യാജ ട്വീറ്റ് സൃഷ്ടിച്ചതല്ലെന്നും നിങ്ങളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് തന്നെയാണ് ആദ്യത്തെ ട്വീറ്റ് വന്നതെന്നും തെളിവുസഹിതം സുബൈർ വ്യക്തമാക്കി. ‘അല്ല റിജിജു സർ, ഇത് മറ്റാരുടെയും ദുഷ്പ്രവൃത്തിയല്ല. ആരും വ്യാജ അക്കൗണ്ട് ഉണ്ടാക്കി മാധ്യമപ്രവർത്തകർ വഴി പ്രചരിപ്പിച്ചതല്ല. ഇത് നിങ്ങളുടെ സ്വന്തം ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തതാണ്. തെളിവ് ഇതാ. നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വ്യക്തിയോട് ദയവായി അന്വേഷിക്കുക’ -സുബൈർ വ്യക്തമാക്കി. ഇതിനൊപ്പം തെളിവായി സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ചു.

വ്യാജ വാർത്തകൾക്ക് ഇരയാകരുതെന്ന് നിരന്തരം സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് നാവികസേന കറാച്ചിയിൽ ആക്രമണം നടത്തിയെന്ന വ്യാജ വാർത്ത പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പങ്കുവെച്ചത്. സുബൈർ അടക്കമുള്ളവർ അത് തുറന്നുകാട്ടിയതോടെയാണ് മന്ത്രി പിൻവലിച്ചത്. കറാച്ചി അടക്കമുള്ള നഗരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വിദേശമന്ത്രാലയവും സേനയും സ്ഥിരീകരിച്ചിരുന്നില്ല.

ഓപറേഷൻ സിന്ദൂർ ആരംഭിച്ച ബുധനാഴ്ച രാത്രി മാത്രം സുബൈർ150 ലേറെ വാർത്തകളുടെ കൃത്യത പരിശോധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ പാക്കിസ്താൻ അടിച്ചിട്ടു എന്ന് പാക് ഓഫിസർമാർ അവകാശവാദമുന്നയിച്ചപ്പോൾ തന്നെ സുബൈർ പൊളിച്ചു കൈയിൽ കൊടുത്തിരുന്നു. മുമ്പെങ്ങോ വിമാനം തകർന്നു വീണതിന്റെ ചിത്രങ്ങളും വിഡിയോകളും എടുത്ത് ഇന്ത്യൻ റാഫേൽ വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന് പാക് ഹാൻഡിലുകൾ സൈബറിടങ്ങളിൽ വാസ്തവ വിരുദ്ധ വാർത്ത പ്രചരിപ്പിച്ചപ്പോൾ സുബൈറും സംഘവും സത്യം വെളിച്ചത്തു കൊണ്ടു വന്നു. ആ വിഡിയോകളുടെ യഥാർഥ ഉറവിടങ്ങൾ ദിവസവും തിയതിയും വെച്ച് കൃത്യമായി പുറത്തു വിട്ടതോടെ സത്യം വെളിപ്പെട്ടു. അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഭീകരരുടെ താവളങ്ങൾ വിറപ്പിച്ചു കൊണ്ടിരുന്ന രാത്രിയിൽ ഒരു ഒറ്റയാൾ പട്ടാളം കണക്കെ ഉറക്കമിളച്ച് സുബൈർ പൊരുതിക്കൊണ്ടിരുന്നു.

Tags:    
News Summary - Mohammed Zubair against pakistan fake newsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.