മൊണാർക്ക് ശലഭങ്ങൾക്ക് ഇനി 'സോളാർ റേഡിയോ ബാക്ക്പാക്ക്'; സഞ്ചാരം നിരീക്ഷിച്ച് സംരക്ഷിക്കാൻ ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വിസ്മയകരവുമായ ദേശാടനത്തിന് പേരു കേട്ട ചിത്രശലഭ വിഭാഗമാണ് മൊണാർക്ക് ശലഭങ്ങൾ. വലുപ്പത്തിൽ ചെറുതാണെങ്കിലും ആയിരക്കണക്കിന് കിലോമീറ്ററുകൾ സമുദ്രങ്ങൾക്കും പർവ്വതങ്ങൾക്കും മുകളിലൂടെ പറക്കാൻ ഇവക്ക് സാധിക്കുന്നു.

എല്ലാ വർഷവും ശരത്കാലത്ത് ദശലക്ഷക്കണക്കിന് മൊണാർക്ക് ശലഭങ്ങൾ കാനഡയിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും ഏകദേശം 4,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് മെക്സിക്കോയിലേക്കും കാലിഫോർണിയയിലേക്കും ദേശാടനം നടത്തുന്നു.

ഈ ഒരു യാത്ര പൂർത്തിയാക്കുന്നത് ഒരു ശലഭമല്ല, മറിച്ച് മൂന്ന് അല്ലെങ്കിൽ നാല് തലമുറകളിലായിട്ടാണ് ഈ ദീർഘദൂര യാത്ര നടക്കുന്നത്. വസന്തകാലത്തും വേനൽക്കാലത്തുമായി ജനിക്കുന്നവ, വെറും രണ്ട് മുതൽ ആറ് ആഴ്ച മാത്രം ജീവിച്ച്, മുട്ടയിട്ട് ചത്തുപോകുന്നു. എന്നാൽ ശരത്കാലത്ത് ജനിക്കുന്ന തലമുറ പ്രത്യുൽപാദനം വൈകിപ്പിക്കുകയും എട്ട് മുതൽ ഒൻപത് മാസം വരെ ജീവിക്കുകയും ചെയ്യുന്നു. മെക്സിക്കോയിലേക്കുള്ള മുഴുവൻ ദൂരവും സഞ്ചരിക്കുന്നതും അവിടെ ശീതകാലം കഴിച്ചുകൂട്ടുന്നതും ഈ സൂപ്പർ ജനറേഷനാണ്.

വംശനാശഭീഷണി നേരിടുന്ന ഇത്തരം മൈഗ്രേറ്ററി മൊണാർക്ക് ശലഭങ്ങളെ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി കാലിഫോർണിയയിൽ ശാസ്ത്രജ്ഞർ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. ശലഭങ്ങളുടെ പുറത്ത് വളരെ ചെറിയ സൗരോർജ റേഡിയോ ട്രാൻസ്മിറ്ററുകൾ ഘടിപ്പിക്കുകയും ഈ ചെറിയ ഉപകരണങ്ങൾ ഒരു ‘റേഡിയോ ബാക്ക്പാക്ക്’ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.

മൊണാർക്ക് ശലഭങ്ങൾ ശൈത്യകാലത്ത് തങ്ങുന്ന പ്രദേശങ്ങളും തേൻ ശേഖരിക്കുന്ന സ്ഥലങ്ങളും കൃത്യമായി കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശലഭങ്ങളുടെ സഞ്ചാരം, ചെലവഴിക്കുന്നത്, കാലാവസ്ഥയിലെ മാറ്റങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നുളള കാര്യങ്ങളും ഗവേഷകർ പഠിക്കും.

മൈഗ്രേറ്ററി മൊണാർക്ക് ശലഭത്തെ 2022ലാണ് ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ‘വംശനാശഭീഷണി നേരിടുന്നു’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ശലഭങ്ങളുടെ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായതാണ് പ്രധാന കാരണം.

ശലഭങ്ങളുടെ റേഡിയോ ബാക്ക്പാക്ക്

ശലഭത്തിന്റെ പുറത്ത് ഘടിപ്പിക്കുന്ന ഈ റേഡിയോ ടാഗുകൾ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുകയും റേഡിയോ തരംഗങ്ങളിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു. ഓരോ ശലഭവും എവിടേക്ക് സഞ്ചരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി സാധിക്കും.

കാലിഫോർണിയയിലെ ശൈത്യകാല ആവാസകേന്ദ്രങ്ങളിൽ നിന്നുള്ള സഞ്ചാരവും സമീപ പ്രദേശങ്ങളിലെക്കുളള  യാത്രയും പ്രത്യേകമായി നിരീക്ഷിക്കപ്പെടും. യു.എസ്.എഫ്.ഡബ്ല്യു.എസ്ന്റെ സെൻട്രൽ കാലിഫോർണിയ കോസ്റ്റൽ പ്രോഗ്രാമും ആൾട്ട്ഹൗസ് & മീഡ് എന്ന ജൈവ-പരിസ്ഥിതി കൺസൾട്ടിങ് സ്ഥാപനവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ശലഭങ്ങൾ ശീതരക്തജീവികളാണ്. അതിനാൽ ശരീരത്തിന്റെ ചൂട് നിലനിർത്താനും പറക്കാൻ ആവശ്യമായ ശരീരതാപനിലയിലെത്താനും സൂര്യപ്രകാശത്തെ ആശ്രയിക്കേണ്ടി വരുന്നു. പിടിക്കൂടുന്ന ഓരോ ശലഭത്തിന്റെയും ലിംഗം, ഭാരം, ശരീരത്തിന്റെ അളവുകൾ എന്നിവ രേഖപ്പെടുത്തുന്നു. റേഡിയോ ടാഗ് വഹിക്കാൻ മതിയായ വലുപ്പമുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് ഉപകരണം ഘടിപ്പിക്കുന്നത്. ഐലാഷ് ഗ്ലൂ ഉപയോഗിച്ചാണ് ചെറിയ ട്രാൻസ്മിറ്റർ ശലഭത്തിന്റെ പുറത്ത് ഘടിപ്പിക്കുന്നത്.

പൊതുജനങ്ങൾക്കും നിരീക്ഷണത്തിൽ പങ്കാളികളാകാം

പദ്ധതിയുടെ പ്രത്യേകത പൊതുജനങ്ങൾക്കും ഗവേഷണത്തിൽ പങ്കാളികളാകാൻ കഴിയുന്നു എന്നതാണ്. പ്രോജക്റ്റ് മോണാർക്ക് ആപ്പ് ഉപയോഗിച്ച് ടാഗ് ഘടിപ്പിച്ച ശലഭങ്ങളുടെ സഞ്ചാരത്തെക്കുറിച്ചുള്ള മാപ്പ് പരിശോധിക്കാനും സ്വന്തം നിരീക്ഷണങ്ങൾ രേഖപ്പെടുത്താനും കഴിയും. ശലഭങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്നതോടെ അവയുടെ സഞ്ചാരപാതകളെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ ചിത്രവും ലഭിക്കും.

ദീർഘകാലം ശേഖരിക്കുന്ന വിവരങ്ങളിലൂടെ കുടിയേറ്റത്തിന്റെ സമയം, സഞ്ചാരരീതി, അതിജീവന നിരക്ക് എന്നിവയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഒരു ശലഭത്തിന്റെ സഞ്ചാരം കൃത്യമായി പിന്തുടരുക എന്നത് ഗവേഷകർക്ക് വലിയ വെല്ലുവിളിയാണ്.ലഭിക്കുന്ന വിവരങ്ങൾ ശലഭങ്ങളുടെ ശൈത്യകാല ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. 

Tags:    
News Summary - Scientists test solar backpacks to save endangered Monarchs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.