മണിപ്പൂരിൽ നിന്ന് സൊമാലിയയിലേക്ക് 5,700 കിലോമീറ്റർ; 101 മണിക്കൂർ തുടർച്ചയായി പറന്ന് അമൂർ ഫാൽക്കൺ
ന്യൂഡൽഹി: മണിപ്പൂരിൽ നിന്ന് സൊമാലിയയിലേക്ക് 5,700 കിലോമീറ്റർ ദൂരം 101 മണിക്കൂർ തുടർച്ചയായി പറന്ന് പിന്നിട്ട് അമൂർ ഫാൽക്കൺ. അലാങ് എന്ന പേരുള്ള പ്രായം കുറഞ്ഞ പക്ഷിയാണ് നാല് ദിവസവും അഞ്ച് മണിക്കൂറും വിശ്രമമില്ലാതെ പറന്ന് ആഫ്രിക്കൻ തീരത്തെത്തിയത്. ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ ഇടവേളയെടുക്കാതെയായിരുന്നു യാത്ര. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശാടന യാത്ര നടത്തുന്ന പക്ഷികളിലൊന്നിന്റെ അസാധാരണമായ സഹനശേഷിയാണ് ഇത് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ സാറ്റലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം അലാങ് ആഫ്രിക്കയിലെത്തി. അതേസമയം, അപാപാങ് എന്ന പ്രായപൂർത്തിയായ ആൺ അമൂർ ഫാൽക്കൺ 95 മണിക്കൂറിനുള്ളിൽ 4,100 കിലോമീറ്റർ പിന്നിട്ടിട്ടും അറബിക്കടലിനു മുകളിലൂടെ പറക്കുകയായിരുന്നു.
മണിപ്പൂരിലെ തമെങ്ക്ലോങ് ജില്ലയിൽനിന്നുള്ള വിശ്രമത്താവളത്തിൽ നിന്നാണ് രണ്ട് പക്ഷികളും യാത്ര ആരംഭിച്ചത്. ദീർഘദൂര യാത്രക്ക് മുന്നോടിയായി ഏകദേശം 25 ദിവസം ഇവിടെ ഭക്ഷണം കഴിച്ചും വിശ്രമിച്ചും ഊർജം സംഭരിച്ചിരുന്നു.
ഏകദേശം 150 ഗ്രാം മാത്രം ഭാരമുള്ള ചെറിയ ഇരപിടിയൻ പക്ഷികളാണ് അമൂർ ഫാൽക്കണുകൾ. കിഴക്കൻ റഷ്യ, വടക്കുകിഴക്കൻ ചൈന, മംഗോളിയ എന്നിവിടങ്ങളിലെ പ്രജനന കേന്ദ്രങ്ങളിൽനിന്ന് തെക്കൻ, കിഴക്കൻ ആഫ്രിക്കയിലെ ശീതകാല വാസസ്ഥലങ്ങളിലേക്ക് എല്ലാ വർഷവും ഇവ ദേശാടനം നടത്തുന്നു.
ദേശാടനത്തിനിടെ വടക്കുകിഴക്കൻ ഇന്ത്യയിലൂടെ കടന്നുപോകുന്ന ഇവ മണിപ്പൂരിലും നാഗാലാൻഡിലും വലിയ കൂട്ടങ്ങളായി ഒത്തുചേരാറുണ്ട്. ദീർഘദൂര യാത്രക്ക് ആവശ്യമായ ഊർജം സംഭരിക്കുന്നതിനായി ഇവിടെനിന്ന് പ്രാണികളെ ഭക്ഷിക്കുന്നു. അറബിക്കടൽ കടന്നുള്ള യാത്രയാണ് ഇവയുടെ ദേശാടനത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൊന്ന്. വിശ്രമിക്കാനോ ഭക്ഷണം കണ്ടെത്താനോ കരയില്ലാത്ത ആയിരക്കണക്കിന് കിലോമീറ്ററുകൾ ഇവ കടലിനു മുകളിലൂടെ പറക്കുന്നു.
2025 നവംബറിൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഐഐ)യിലെ ശാസ്ത്രജ്ഞരാണ് മണിപ്പുർ അമുർ ഫാൽക്കൺ ട്രാക്കിങ് പദ്ധതിയുടെ ഭാഗമായി രണ്ട് പക്ഷികളിലും ഭാരം കുറഞ്ഞ സാറ്റലൈറ്റ് ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചത്. പക്ഷികളുടെ സഞ്ചാരം നിരീക്ഷിക്കാനും ദേശാടന പാതകൾ കണ്ടെത്താനും യാത്രക്കിടയിലെ ഇടത്താവളങ്ങളിൽ ചെലവഴിക്കുന്ന സമയം രേഖപ്പെടുത്താനും ഇതിലൂടെ ഗവേഷകർക്ക് സാധിക്കും.
തമിഴ്നാട് ഇ.ഡി.ഐ.ഐയിലെ അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് പക്ഷികളുടെ യാത്രകളെ സംബന്ധിച്ചുളള വിവരങ്ങൾ പങ്കുവെക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിൽ നടക്കുന്ന പക്ഷിസംരക്ഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യവും ഈ യാത്ര ഓർമിപ്പിക്കുന്നു. തമെങ്ക്ലോങിലെ പ്രദേശവാസികൾ പക്ഷികളുടെ പരമ്പരാഗത വിശ്രമ-താമസ കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ദേശാടന ഫാൽക്കണുകൾക്ക് യാത്ര തുടരുന്നതിന് മുമ്പ് സുരക്ഷിതമായി ഒത്തുചേരാൻ സാധിക്കുന്നു.
100 മണിക്കൂറിലധികം ആകാശത്ത് പറന്ന അലാങ് ഇപ്പോൾ ആഫ്രിക്കയിലെത്തി. അപാപാങിന്റെ യാത്ര തുടരുകയാണ്. ഈ ചെറിയ പക്ഷികൾക്ക് ഇത്രയും വലിയ ദൂരം പിന്നിടാൻ കഴിയുന്നതെങ്ങനെയെന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ അപാപാങിന്റെ യാത്രയും ഗവേഷകർക്ക് അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.