മെഹ്ബൂബ മുഫ്തി

കുങ്കുമപ്പൂ കൃഷിയിടങ്ങളിലെ മാലിന്യനിക്ഷേപം പൈതൃകത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് മെഹ്ബൂബ മുഫ്തി

ശ്രീനഗർ: കശ്മീരിലെ പ്രശസ്തമായ പാംപോർ കുങ്കുമപ്പൂ കൃഷിയിടങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയെന്ന ഗുരുതര ആരോപണവുമായി മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. അലക്ഷ്യമായ മാലിന്യനിക്ഷേപം കാരണം ഏകദേശം 2,000 കനാൽ കൃഷിഭൂമി നശിച്ചതായും 150 കർഷക കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലായെന്നും അവർ എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

മാലിന്യക്കൂമ്പാരങ്ങൾ വർധിച്ചതോടെ പ്രദേശത്ത് എലികളുടെയും മറ്റ് കരണ്ടുതീനികളുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്. ഇവ കുങ്കുമപ്പൂ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. "കൃഷിയിടങ്ങൾ മാലിന്യം തള്ളാനുള്ള ഇടങ്ങളല്ല. ഇത് കശ്മീരിന്റെ കുങ്കുമപ്പൂ പൈതൃകത്തിന് നേരെയുള്ള കടന്നാക്രമണമാണ്," മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.

പാംപോറിലെ പടാൽബാഗിൽ അനധികൃതമായി മാലിന്യം തള്ളുന്ന വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്തെ തന്നെ ഇടപെട്ടിരുന്നു. സ്ഥലത്തെ മലിനീകരണത്തിന്റെ തോതും കൃഷിനാശവും പരിശോധിക്കാൻ ട്രൈബ്യൂണൽ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

പുൽവാമ ജില്ലാ  കലക്ടർ നേതൃത്വം നൽകുന്ന ഈ സമിതിയിൽ കാർഷിക സർവകലാശാല, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ജമ്മു കശ്മീർ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ പ്രതിനിധികളാണ് അംഗങ്ങൾ. ഇവിടെ മാലിന്യം തള്ളുന്നതിന് ആവശ്യമായ അനുമതികളുണ്ടോ എന്ന കാര്യവും സമിതി പരിശോധിക്കും. എട്ട് ആഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ട്രൈബ്യൂണലിന്റെ നിർദേശം.

മാലിന്യം തള്ളുന്നത് തടയുകയും നശിച്ച കൃഷിയിടങ്ങൾ വീണ്ടെടുക്കുകയും ചെയ്യണമെന്നാണ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെടുന്നത്. കുങ്കുമപ്പൂ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ ഉപജീവനം സംരക്ഷിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചു.

Tags:    
News Summary - Kashmir saffron fields used as dumping ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.