പ്രതീകാത്മക ചിത്രം
മൂന്നാറിൽ അതിശൈത്യം! താപനില 2 ഡിഗ്രിയിലേക്ക്; സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു
മൂന്നാർ: ദക്ഷിണേന്ത്യയുടെ കാശ്മീരായ മൂന്നാറിൽ ശൈത്യകാലം തീവ്രതയിലേക്ക് കടക്കുന്നു. മേഖലയിലെ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ എത്തി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ രണ്ടു ഡിഗ്രി സെൽഷ്യസ് ഇന്നലെ ചെണ്ടുവരയിലാണ് രേഖപ്പെടുത്തിയത്. ഇതോടെ ഹൈറേഞ്ച് മേഖലയിൽ തണുപ്പിന്റെ കാഠിന്യം കൂടി.
മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഏഴ് ഡിഗ്രി സെൽഷ്യസും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ ആറ് ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില. ഒരാഴ്ച മുൻപ് മൂന്നാറിൽ കുറഞ്ഞ താപനില ആറ് ഡിഗ്രിയിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്ന് പൂജ്യത്തിനും താഴെ (മൈനസ് ഡിഗ്രി) എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
താപനില ക്രമാതീതമായി താഴ്ന്നതോടെ രാത്രിയിലും പുലർച്ചെയും അതികഠിനമായ തണുപ്പാണ് മേഖലയിൽ അനുഭവപ്പെടുന്നത്. മിക്ക സ്ഥലങ്ങളിലും വൈകുന്നേരങ്ങളിലും പുലർച്ചെയും കനത്ത കോടമഞ്ഞും ശക്തമാണ്. എന്നാൽ, രാത്രികാലങ്ങളിൽ തണുപ്പ് അതിശക്തമാണെങ്കിലും പകൽ സമയങ്ങളിൽ പ്രദേശത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പകൽ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്.
ശൈത്യകാലം കടുത്തതോടെ തണുപ്പ് ആസ്വദിക്കാനും മഞ്ഞുവീഴ്ച കാണാനുമായി സ്വദേശികളും വിദേശികളുമടക്കം നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലേക്ക് എത്തുന്നത്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും തിരക്ക് വർധിച്ചിട്ടുണ്ട്. അതേസമയം, താപനില പൂജ്യത്തിന് താഴേക്ക് പോയി മഞ്ഞുവീഴ്ച ശക്തമായാൽ തേയിലത്തോട്ടങ്ങൾക്കും ശൈത്യകാല പച്ചക്കറി കൃഷിക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കർഷകരും തോട്ടം മേഖലയും.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,450 മീറ്റർ മുതൽ 2,695 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിൽ സാധാരണയായി നവംബർ അവസാനത്തോടെയാണ് ശൈത്യകാലം ആരംഭിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇവിടെ താപനില ഏറ്റവും താഴുന്നത്. മൂന്നാറിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസ് (-4°C) ആണ്. താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്തുമ്പോൾ മൂന്നാറിലെ പുൽമേടുകളിലും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലും ഐസ് പാളികൾ രൂപപ്പെടുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. ഈ പ്രതിഭാസം കാണാനായി മാത്രം ഡിസംബർ-ജനുവരി മാസങ്ങളിൽ ലക്ഷക്കണക്കിന് സഞ്ചാരികളാണ് മൂന്നാറിലേക്ക് എത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.