ഡോ. രാജേന്ദ്ര സിങ് തുഷാരഗിരി സന്ദർശിച്ച് സംസാരിക്കുന്നു

ഗര്‍ഭപാത്രമെന്നപോലെ തുഷാരഗിരിയെ സംരക്ഷിക്കണമെന്ന് ഡോ. രാജേന്ദ്ര സിങ്; നദീ സംരക്ഷണ സമിതിയെ വഴിയില്‍ തടഞ്ഞ് ഭൂവുടമകള്‍

കോഴിക്കോട്: അമ്മയുടെ ഗര്‍ഭപാത്രമെന്നപോലെ തുഷാരഗിരിയെ സംരക്ഷിക്കണമെന്ന് ഇന്ത്യയുടെ വാട്ടര്‍മാനും മഗ്‌സസെ അവാര്‍ഡ് ജേതാവുമായ ഡോ. രാജേന്ദ്ര സിങ്. തുഷാരഗിരി വനഭൂമി തോട്ടം ഉടമകള്‍ക്ക് വിട്ടുനല്‍കുന്ന കോടതി വിധിയില്‍ കേരള നദീസംരക്ഷണ സമിതി സംഘടിപ്പിച്ച സമര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


തുഷാരഗിരി വനമേഖല ഉള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകള്‍ അമ്മയെ പോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. പുഴ സംരക്ഷണം എന്നുപറയുമ്പോള്‍ അതിലെ പ്രധാന ഇടം പുഴ ഒഴുകുന്ന സ്ഥലങ്ങള്‍ സംരക്ഷിക്കുക എന്നുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുഴ ഉല്‍ഭവിക്കുന്ന ഇടം അമ്മയുടെ ഗര്‍ഭപാത്രം പോലെയാണ്. അങ്ങനെയുള്ള ഒരു പുഴക്കുഞ്ഞിന്‍റെ ജന്മസ്ഥലമാണ് തുഷാരഗിരി. ഇവിടുത്തെ ജൈവ സമ്പത്തും വെള്ളച്ചാട്ടങ്ങളും വനഭൂമിയും അമ്മയുടെ ഗര്‍ഭപാത്രം പോലെ പവിത്രമാണ്. അത് സംരക്ഷിക്കാനും വരുംതലമുറക്ക് കൈമാറാനും സര്‍ക്കാറും ജനങ്ങളും ചേര്‍ന്നു നില്‍ക്കണം -അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ദുര്‍ബലപ്രദേശമായ തുഷാരഗിരിയിലെ വനഭൂമിയും അതുവഴി പുഴയും നഷ്ടമാകുന്ന ഒരു നീക്കത്തിനെതിരെ പോരാട്ടവുമായി സ്ഥലത്ത് എത്തിച്ചേര്‍ന്ന പ്രകൃതി സ്‌നേഹികളെ ഡോ. രാജേന്ദ്ര സിങ് അഭിനന്ദിച്ചു. പ്രകൃതി സംരക്ഷണത്തിനായി മുന്നോട്ടുവരുന്നവര്‍ തങ്ങളുടെ എണ്ണക്കുറവ് കാര്യമാക്കേണ്ടതില്ല. 1980കളില്‍ എന്‍റെ നാട്ടില്‍ ഞാന്‍ ഒരാള്‍ മാത്രമായിരുന്നു പ്രക്ഷോഭവുമായി രംഗത്തെത്തിയത്. എന്നാല്‍ ആ പോരാട്ടം ശക്തിപെട്ട് ഡല്‍ഹിയിലേക്കും ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും പടര്‍ന്നു. അതുവഴി 28,000 അനധികൃത ക്വാറികളുടെ പ്രവൃത്തിയാണ് നമ്മള്‍ പൂട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങളിവിടെ ഒത്തുകൂടിയത് നമ്മുടെ ഭാവി തലമുറയെ സംരക്ഷിക്കാനാണെന്നത് കാണുമ്പോള്‍ ഞാന്‍ നിങ്ങളെയെല്ലാം ഒന്നുകൂടി അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. പുഴ സംരക്ഷണ സമിതികളുടെ അനിവാര്യതയെന്തെന്നാല്‍, അത് പ്രകൃതിക്കൊപ്പം മനുഷ്യരുടേയും നല്ല ഭാവിക്ക് അത്യാവശ്യമായ ഒന്നാണ്. വെള്ളച്ചാട്ടങ്ങളും അതുവഴി പുഴയും ഇല്ലാതാവുന്നതോടെ വരള്‍ച്ചയാണ് മുന്നിലുണ്ടാവുക. നിങ്ങളുടെ പോരാട്ടം തുടരണമെന്നും നിങ്ങള്‍ വിജയം കാണുമെന്നും ഡോ. രാജേന്ദ്ര സിങ് പ്രത്യാശ പ്രകടിപ്പിച്ചു. 

കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി. രാജന്‍, വിളയോടി വേണുഗോപാല്‍, ജില്ല സെക്രട്ടറി ശബരി മുണ്ടക്കല്‍, പരിസ്ഥിതി പ്രവര്‍ത്തകരായ പി. സുലൈമാന്‍, വിജയരാഘവന്‍ ചേലിയ, മഠത്തില്‍ അബ്ദുല്‍ അസീസ്, സുമ പള്ളിപ്രം, ഫ്രീഡ പോള്‍, ഉഷാറാണി, കെ.എ. ഷുക്കൂര്‍ വാഴക്കാട് എന്നിവര്‍ സംബന്ധിച്ചു.

അതേസമയം, പുഴ സംരക്ഷണ സമിതിയുടെ പരിപാടിക്കെതിരെ പ്രദേശത്തെ കര്‍ഷകരായ ഭൂവുടമകള്‍ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ഡോ. രാജേന്ദ്ര സിങിനെ വഴിയില്‍ തടയാന്‍ ശ്രമിച്ചയാളെ പൊലീസ് മാറ്റി. കോടതി വിധിയും പ്രദേശത്തെ പ്രശ്‌നങ്ങളും മനസിലാക്കാതെ സംഭവത്തില്‍ ഇടപെടരുതെന്നാണ് കര്‍ഷകരായ ഭൂവുടമകള്‍ എന്ന് അവകാശപെടുന്ന പ്രതിഷേധക്കാര്‍ പറയുന്നത്. ഒരു കാലത്ത് പണം കൊടുത്ത് സ്വന്തമാക്കിയ ഭൂമി വനംവകുപ്പ് തിരിച്ചെടുക്കുകയാണെങ്കില്‍ നഷ്ടപരിഹാരം തരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സ്ഥലമുടമകള്‍ ആവശ്യപ്പെട്ടു. 



(തുഷാരഗിരി സംരക്ഷണ പരിപാടിക്കായി എത്തിയ ഡോ. രാജേന്ദ്ര സിങിനെ വഴിയില്‍ തടയാന്‍ ശ്രമിക്കുന്ന ആൾ)

 


2000ത്തില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി സര്‍ക്കാര്‍ ഏറ്റെടുത്ത 24 ഏക്കര്‍ വനഭൂമി അഞ്ച് സ്വകാര്യവ്യക്തികള്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച സാഹചര്യത്തിലാണ് പ്രദേശം ഡോ. രാജേന്ദ്ര സിങ് സന്ദര്‍ശിക്കുന്നത്. താമരശ്ശേരി റെയ്ഞ്ചിലെ തുഷാരഗിരി ജീരകപ്പാറ മലവാരത്തിലെ 23.83 ഏക്കര്‍ ഭൂമി അഞ്ചുപേര്‍ക്കായി നല്‍കാനാണ് ഇപ്പോഴത്തെ കോടതിവിധി. തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തുള്ള വനഭൂമിയാണ് വനംവകുപ്പ് കോടതിയില്‍ തോറ്റതോടെ നഷ്ടമായത്. ഇപ്പോഴത്തെ വിധിയുടെ ചുവടുപിടിച്ച് സമാനസ്വഭാവമുള്ള പ്രദേശത്തെ 246 ഏക്കര്‍ വനഭൂമി കൂടി കൈവശപ്പെടുത്താന്‍ കോടതിയെ സമീപിക്കാന്‍ തോട്ടം ഉടമകള്‍ നീക്കം തുടരുന്നതിനിടെയാണ് പ്രകൃതി സംരക്ഷകരുടെ ഇടപെടല്‍.

വനവും വെള്ളച്ചാട്ടങ്ങളും കാട്ടരുവികളും കൂറ്റന്‍ മരങ്ങളും ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള വനഭൂമി തോട്ടം ഉടമകള്‍ക്ക് കൈമാറാന്‍  വനംവകുപ്പ് നീക്കം തുടരുന്നതിനിടെ പോരാട്ടം ശക്തമാക്കാനാണ് സംരക്ഷണ സമിതിയുടെ തീരുമാനം. വനംവകുപ്പിന്‍റെ പിടിപ്പുകേടാണ് കോടതിയില്‍ വനഭൂമി നഷ്ടമാവാന്‍ കാരണമായതെന്നും വനഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കേരള നദീസംരക്ഷണ സമിതി ജില്ല സെക്രട്ടറി ശബരി മുണ്ടക്കല്‍ പറഞ്ഞു.

ഈ മേഖലയിലെ മരങ്ങള്‍ മുറിച്ചുമാറ്റി കൃഷിഭൂമിയാക്കാനുള്ള നീക്കത്തിനെതിരേ മുമ്പും പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. വയനാടന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന ജീരകപ്പാറ മലവാരത്തിലെ തുഷാരഗിരി വെള്ളച്ചാട്ടം ഇരുവഴിഞ്ഞിപ്പുഴയടക്കം നിരവധി ചെറു പുഴകളുടെ ഉത്ഭവപ്രദേശമാണ്.


Tags:    
News Summary - Thusharagiri should be protected like a womb - Rajendra Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.