മൂടൽമഞ്ഞുള്ള ഒരു പ്രഭാതത്തിൽ, നൂറുൺ നബി എന്നയാൾ വീടു നിർമാണത്തിനുപയോഗിച്ച മുളങ്കമ്പുകളും ടിൻ ഷീറ്റുകളും ഒരു മര ബോട്ടിലേക്കു കയറ്റുകയാണ്. വടക്കൻ ബംഗ്ലാദേശിലെ ബ്രഹ്മപുത്ര നദിയിലെ ദുർബലാവസ്ഥയിലുള്ള ദ്വീപുകളിലൊന്നായ കുരിഗ്രാമിൽ ഒരു വർഷം മുമ്പ് നിർമിച്ച അദ്ദേഹത്തിന്റെ വീടിനെ വെള്ളം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. നാലു കുട്ടികളുടെ പിതാവും കർഷകനുമായ ആ മനുഷ്യന് ഒരു വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് താമസം മാറേണ്ടി വരുന്നത്.
‘നദി എല്ലാ ദിവസവും അടുത്തുവരികയാണ്. അത് എത്ര തവണ എന്റെ വീടെടുത്തു എന്നതിന് എനിക്ക് കണക്കില്ല. കഷ്ടപ്പെടാൻ ജനിച്ചവരാണ് ഞങ്ങൾ. ഒരിക്കലും അവസാനിക്കാത്ത അതിജീവന പോരാട്ടത്തിലാണ്.’ -ക്ഷീണിതനായ നൂറൂൺ പറഞ്ഞു. ബന്ധുക്കളുടെയും അയൽക്കാരുടെയും സഹായത്തോടെ ബ്രഹ്മപുത്ര നദിയിലെ മറ്റൊരു ദ്വീപിലേക്ക് വീട് മാറുന്ന തിരക്കിലാണദ്ദേഹം.
കുരിഗ്രാമിലെ കാസിമുദ്ദീന്റെ വീടിന്റെ മേൽക്കൂര ബ്രഹ്മപുത്ര നദിയിലെ മറ്റൊരു ദ്വീപിലേക്ക് മാറ്റാൻ സഹായിക്കുന്ന ബന്ധുക്കളും അയൽക്കാരും
ചിത്രം: റോയിട്ടേഴ്സ്
ഓരോ വർഷവും വടക്കൻ ബംഗ്ലാദേശിലെ കുരിഗ്രാം ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇതേ വിധി നേരിടേണ്ടിവരുന്നു. നദീതീരങ്ങൾ ഇടിഞ്ഞുതീരുമ്പോൾ ആളുകൾക്ക് അവരുടെ വീടുകൾ മാത്രമല്ല, ഭൂമിയും വിളകളും കന്നുകാലികളും നഷ്ടപ്പെടുന്നു. ഒരുകാലത്ത് ദശലക്ഷങ്ങൾക്ക് ജീവദായകമായിരുന്ന ബ്രഹ്മപുത്ര, ടീസ്റ്റ, ധർല നദികൾ പ്രവചനാതീതമായി മാറിയിരിക്കുന്നു. മുമ്പെന്നെത്തേക്കാളും വേഗത്തിൽ ഈ നദികളുടെ തീരഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് ബംഗ്ലാദേശിൽ എത്തുന്നതിനു മുമ്പ് ചൈനയിലൂടെയും ഇന്ത്യയിലൂടെയും ഒഴുകുന്ന ബ്രഹ്മപുത്ര താങ്ങാനാവാത്ത വെള്ളത്താൽ വീർപ്പുമുട്ടുകയാണ്.
നദിയിലെ എക്കലുകൾകൊണ്ട് രൂപപ്പെട്ട ‘ചാറു’കൾ എന്ന പേരിൽ അറിയപ്പെടുന്ന താൽക്കാലിക ദ്വീപുകൾ വേറെയുമുണ്ട് ഇവിടെ. 50കാരനായ നൂറുണിന് മറ്റൊരു ‘ചാറി’ലേക്ക് മാറുകയല്ലാതെ മറ്റ് മാർഗമില്ല. അദ്ദേഹത്തിന്റെ നെല്ലും പയറും വിളയുന്ന കൃഷിയിടങ്ങൾ ഇതിനകം ഇല്ലാതായി. ‘പുതിയ വീട്ടിൽ ഞങ്ങളെ എന്താണ് കാത്തിരിക്കുന്നതെന്നറിയില്ല’- തവിട്ടുനിറത്തിലുള്ള വിശാലമായ നദിയിലേക്ക് കണ്ണുകൾനട്ട് അദ്ദേഹം പറഞ്ഞു. ‘എനിക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു പക്ഷേ അവിടെ കുറച്ച് വർഷങ്ങൾ. അല്ലെങ്കിൽ ഒരു മാസം. ഇതാണ് ഞങ്ങളുടെ ജീവിതം’.
ബ്രഹ്മപുത്ര നദിയിലെ ഒരു ദ്വീപിലെ പുതിയ താമസസ്ഥലത്തു നിന്ന് കാസിമുദ്ദീൻ തന്റെ അപ്രത്യക്ഷമായ വീടു നിന്നിടത്തേക്ക് നോക്കുന്നു
ചിത്രം: റോയിട്ടേഴ്സ്
രാജ്യത്തിന്റെ വടക്കൻ സമതലങ്ങളിൽ ചിതറിക്കിടക്കുന്ന മണൽ നിറഞ്ഞതും തെന്നിനീങ്ങുന്നതും അപ്രത്യക്ഷമാവുന്നരുമായ ദ്വീപുകൾ ബംഗ്ലാദേശിലെ ഏറ്റവും ദുർബലമായ സ്ഥലങ്ങളാണ്. അവിടെയുള്ള കുടുംബങ്ങൾ വീണ്ടും വീണ്ടും പുനഃർനിർമിക്കുന്നു. അവർക്കുള്ളതെല്ലാം നദിക്ക് സ്വന്തമാക്കാൻവേണ്ടി മാത്രം.
‘വെള്ളം മുന്നറിയിപ്പില്ലാതെയാണ് വരിക. നിങ്ങൾ രാത്രിയിൽ ഉറങ്ങാൻ പോകുന്നു. പുലർച്ചെയോടെ നദീതീരം കാണാതായിട്ടുണ്ടാവും. നിങ്ങൾ ഉണരുക വീടില്ലാതെയായിരിക്കും’- നിരവധി ‘ചാറു’കളിൽ താമസിച്ച, 70 വയസ്സുള്ള കർഷകനായ ഹബീബുർ റഹ്മാൻ പറയുന്നു.
കുരിഗ്രാമിലെ കാസിമുദ്ദീന്റെ വീട് ബ്രഹ്മപുത്ര നദിയിലെ മറ്റൊരു ദ്വീപിലേക്ക് മാറ്റാൻ ബന്ധുക്കളും അയൽക്കാരും സഹായിക്കുന്നു
ഏഴു കുട്ടികളുടെ പിതാവായ 50 വയസ്സുള്ള കാസിമുദ്ദീന്റെ ജീവിതത്തിനിടെ 35ഓളം തവണയാണ് വീടുകൾ നദി കൊണ്ടുപോയത്. ‘ഞങ്ങളവ വീണ്ടും ഉണ്ടാക്കിക്കൊണ്ടുവരുമ്പോൾ നദി വീണ്ടും വരുന്നു. കണ്ണുകൾ വെള്ളത്തിനുനേർക്ക് തുറന്നുവെച്ചുകൊണ്ടേയിരിക്കണം. എവിടേക്ക് പോകും? ഇപ്പോൾ ഞങ്ങളുടെ ലോകം മുഴുവൻ വെള്ളമാണ്’ -കാസിമുദ്ദീൻ പറയുന്നു.
സ്ത്രീകളാവട്ടെ നിരന്തരമായ കുടിയിറക്കത്തിന്റെ ഭാരംപേറുന്നു. രണ്ടു കുട്ടികളുടെ മാതാവും 30കാരിയുമായ ഷാഹിന ബീഗം കുടുംബത്തിനായി പാചകം ചെയ്യുമ്പോഴാണ് കഴിഞ്ഞ വർഷം അരയോളം വെള്ളം വന്നു പൊതിഞ്ഞത്. 10 വർഷത്തിനുള്ളിൽ തങ്ങൾ ആറ് തവണ താമസം മാറിയെന്നും വീണ്ടും തുടങ്ങുമ്പോഴെല്ലാം നദി അത് തിരികെ കൊണ്ടുപോകുന്നുവെന്നും മനോഃഭാരത്തോടെ അവർ പറഞ്ഞു.
കാലവസ്ഥാ ഉച്ചകോടിക്കുള്ള ഗൗരവമായ സന്ദേശം
നവംബർ 10 മുതൽ 21 വരെയുള്ള യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ആതിഥേയരായ ബ്രസീലിലേക്ക് ലോകത്തിന്റെ കണ്ണുകൾ തിരിയുമ്പോൾ ബംഗ്ലാദേശിന്റെ പോരാട്ടം ആഗോള നേതാക്കൾക്ക് ഗൗരവമേറിയ സന്ദേശമാണ് നൽകുന്നത്.
പ്രതിരോധശേഷിയുടെ മാതൃകയായി ഈ രാജ്യം പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തടയണകൾ നിർമിക്കുക, വെള്ളപ്പൊക്ക പ്രവചനം മെച്ചപ്പെടുത്തുക, സമൂഹാടിസ്ഥാനത്തിലുള്ള അതിജീവനത്തിന് വഴിയൊരുക്കുക തുടങ്ങിയവയെല്ലാം ഇവർ സ്വായത്തമാക്കിയിരുന്നു. എന്നാൽ, അവർക്കിപ്പോൾ വേണ്ടത് പ്രശംസകളല്ല. ശക്തമായ അന്താരാഷ്ട്ര പിന്തുണയും കാലാവസ്ഥാ ധനസഹായവുമില്ലെങ്കിൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്ന സാഹചര്യമാണിപ്പോൾ.
ഒരിക്കലും തങ്ങളൾക്ക് പങ്കില്ലാത്ത കാർബൻ ബഹിർഗമനത്തിന്റെ വില നൽകുകയാണ് ഇവിടെയുള്ള ആളുകളെന്ന് രാജ്യത്തെ ജലവിഭവ-കാലാവസ്ഥാ വ്യതിയാന വിദഗ്ധനായ ഐനുൻ നിഷാത് പറയുന്നു. ‘കോപ് 30’ എന്തെങ്കിലും ലക്ഷ്യമിടുന്നുവെങ്കിൽ അത് നാശനഷ്ടങ്ങൾക്കുള്ള യഥാർഥ ധനസഹായം നൽകുകയും, ബംഗ്ലാദേശിനെ പോലുള്ള ദുർബല രാജ്യങ്ങൾക്ക് ജീവനും ഭൂമിയും സംരക്ഷിക്കാൻ ഉടനടി സഹായം നൽകുകയുമാണ് വേണ്ടതെന്നും നിഷാത് കൂട്ടിച്ചേർത്തു.
കുരിഗ്രാമിൽ സംഭവിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കൃത്യമായ പ്രതിഫലനമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ബ്രഹ്മപുത്ര-ടീസ്റ്റ നദികളെ പോഷിപ്പിക്കുന്ന ഹിമാലയൻ ഹിമാനികളുടെ ഉരുകൽ വളരെ വേഗത്തിലായിരിക്കുന്നു. 1990കളിലേതിന്റെ ഇരട്ടി വേഗതയിലാണിത്. ഉരുകുന്ന അധികജലം താഴേക്ക് ഒഴുകി ഇതിനകം തന്നെ വീർപ്പുമുട്ടുന്ന നദികളിലേക്ക് ചേരുന്നു.
ഒപ്പം മൺസൂൺ കൂടുതൽ ക്രമരഹിതമാവുന്നു. മഴ നേരത്തെ എത്തുകയും കൂടുതൽ നേരം നീണ്ടുനിൽക്കുകയും തീവ്രവും പെട്ടെന്നുള്ളതുമായ സ്ഫോടനങ്ങളായി പതിക്കുകയും ചെയ്യുന്നു. ഋതുക്കളുടെ താളം മാറിയിരിക്കുന്നു. മഴ പെയ്യുന്നത് വലിയ അളവിലാണ്. അത് നിലക്കുമ്പോൾ വരൾച്ചയിലേക്കും പതിക്കുന്നു. ഈ അസ്ഥിരത മണ്ണൊലിപ്പിനെയും വെള്ളപ്പൊക്കത്തെയും തീവ്രമാക്കുന്നു.
കുരിഗ്രാമിൽ നിന്ന് മറ്റൊരു ദ്വീപിലേക്ക് മാറാൻ നിർബന്ധിതയായ നൂറൂൺ നബിയുടെ വീട് ബോട്ടിൽ കൊണ്ടുപോകുന്നതിന്റെ ഡ്രോൺ ദൃശ്യം
ചിത്രം: റോയിട്ടേഴ്സ്
ആഗോള കാർബൺ ബഹിർഗമനത്തിൽ അര ശതമാനത്തിൽ താഴെ മാത്രമെ ബംഗ്ലാദേശ് സംഭാവന ചെയ്യുന്നുള്ളൂ. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങൾ അവർ അഭിമുഖീകരിക്കുന്നു. 2050 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ മൂലം ഏഴു ബംഗ്ലാദേശികളിൽ ഒരാൾ വീതം കുടിയിറക്കപ്പെടുമെന്നാണ് ലോകബാങ്കിന്റെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.