ലണ്ടൻ: ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഭൂമിയിലെ വന്യജീവികളുടെ നിലനിൽപ്പിന് വലിയ വെല്ലുവിളിയാകുന്നുവെന്ന് പുതിയ പഠനം. 2085-ഓടെ ഭൂമിയിലെ ആകെ വന്യജീവി ആവാസവ്യവസ്ഥയുടെ 36 ശതമാനത്തെയും ഒന്നിലധികം അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ ഒരേസമയം ബാധിക്കുമെന്ന് നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു
ജർമനിയിലെ പോട്‌സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസർച്ചിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. സസ്തനികൾ, പക്ഷികൾ, ഉഭയജീവികൾ, ഉരഗങ്ങൾ തുടങ്ങി ഏകദേശം 34,000 ജീവിവർഗങ്ങളെയും അവ വസിക്കുന്ന 794 പരിസ്ഥിതി മേഖലകളെയുമാണ് ഗവേഷകർ വിശകലനം ചെയ്തത്.
കേവലം ചൂട് കൂടുന്നത് മാത്രമല്ല പ്രശ്നം. ഉഷ്ണതരംഗം, കാട്ടുതീ, വരൾച്ച, പ്രളയം എന്നിവ ഒന്നിനുപുറകെ ഒന്നായി അല്ലെങ്കിൽ ഒരേസമയം ബാധിക്കുന്നത് ജീവികൾക്ക് തങ്ങാനാവില്ല. ഒരു ദുരന്തത്തിൽ നിന്ന് കരകയറുന്നതിന് മുൻപ് അടുത്തത് സംഭവിക്കുന്നത് ജീവിവർഗങ്ങളുടെ വംശനാശത്തിന് കാരണമാകുമെന്നും പഠനം പറയുന്നു.
പഠനവിധേയമാക്കിയ 93% ജീവിവർഗങ്ങളും 2085-ഓടെ കടുത്ത ഉഷ്ണതരംഗ ഭീഷണിയിലാകും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലകളായ ആമസോൺ തടം, ഉഷ്ണമേഖല ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളെയാണ് ഈ പ്രതിഭാസം ഏറ്റവും ഗുരുതരമായി ബാധിക്കുക.
വെള്ളത്തിലും കരയിലുമായി കഴിയുന്ന തവളകൾ ഉൾപ്പെടെയുള്ള ഉഭയജീവികളെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും വേഗത്തിൽ ബാധിക്കുന്നത്. കാലാവസ്ഥ മാറുമ്പോൾ മറ്റൊരു ഇടത്തേക്ക് പെട്ടെന്ന് കുടിയേറാൻ കഴിയാത്ത ജീവിവർഗങ്ങളും കടുത്ത ഭീഷണി നേരിടും.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അടിയന്തിരമായി കുറച്ചാൽ ഈ ആപത്ത് വലിയ തോതിൽ കുറക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. വായു മലിനീകരണവും കാർബൺ പുറന്തള്ളലും നിയന്ത്രിച്ചാൽ 36 ശതമാനമെന്ന ഭീഷണിയെ 9 ശതമാനമായി കുറക്കാൻ സാധിക്കും. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുമ്പോൾ വെറും താപനില വർധനവ് മാത്രം പരിഗണിക്കാതെ പെട്ടെന്നുണ്ടാകുന്ന ഇത്തരം അതിതീവ്ര പ്രകൃതിക്ഷോഭങ്ങളെ കൂടി നേരിടാൻ തയ്യാറെടുക്കണമെന്ന് പഠനത്തിന് നേതൃത്വം നൽകിയവർ ഓർമ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.