40,000 വർഷങ്ങൾക്ക് ഭൂമുഖത്ത് നിന്ന് വംശനാശം സംഭവിച്ച മാമത്തിന്‍റെ മൃതദേഹാവശിഷ്ടത്തിൽനിന്ന് വിജയകരമായി ആർ.എൻ.എ വേർതിരിച്ചെടുത്ത് ശാസ്ത്രജ്ഞർ. ലോകത്ത് കണ്ടെടുക്കപ്പെട്ടതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ആർ.എൻ.എ ആണിത്. രോമാവൃത ശരീരവുമായി ഹിമയുഗത്തിൽ ജീവിച്ചിരുന്ന മാമത്തിന്റെ മൃതദേഹാവശിഷ്ടത്തിൽനിനാണ് ആർ.എൻ.എ വേർതിരിച്ചെടുത്തത്.
ആനകളിൽ വംശനാശം വന്ന ഒരു വകഭേദമാണ് മാമത്ത്. ഏറെ വളഞ്ഞ രീതിയിൽ കൊമ്പുകളുള്ള ഇവ 1.6 ലക്ഷം വർഷങ്ങൾക്കും 3500 വർഷങ്ങൾക്കും ഇടയിലായി ജീവിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
സ്റ്റോക്ക്ഹോം യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് സൈബീരിയയിലെ പെർമാഫ്രോസ്റ്റ് എന്നറിയപ്പെടുന്ന മഞ്ഞുപാളിയിൽ നിന്ന് 40,000 വർഷങ്ങൾക്ക് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ മാമത്തിന്‍റെ ടിഷ്യു കണ്ടെടുത്തത്. പ്രായപൂർത്തിയാവാത്ത ആൺ മാമാത്തിന്‍റെ ടിഷ്യുവാണ് ഗവേഷണസംഘത്തിന് ലഭിച്ചത്. യൂക്ക എന്നാണ് മാമത്തിന് നൽകിയ പേര്.
മാമത്തിന്‍റെ മസിൽ ടിഷ്യൂവിൽ നിന്നും എടുത്ത ആർ.എൻ.എ യിൽ 20,000 ത്തിലധികം വരുന്ന പ്രോട്ടീൻ കോഡിങ് ജീനുകൾക്കിടയിൽ ചിലതെല്ലാം സജീവമായിരുന്നതായി കണ്ടെത്താൻ സാധിച്ചു. ജീവൻ നിലനിർത്തുന്നതിന്‍റെ ഭാഗമായുള്ള പേശികളുടെ സങ്കോചവും സമ്മർദവുമായിരുന്നു അത്. ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്ന മൈക്രോ ആർ.എൻ.എയും യൂക്കയിൽ നിന്നും കണ്ടെടുത്തിട്ടിട്ടുണ്ട്. ചില മൈക്രോ ആർ.എൻ.എകൾ മാമത്തിൽ മാത്രമായി സംഭവിക്കുന്ന മാറ്റങ്ങൾ കാണിച്ചിരുന്നു.
മരണ ശേഷം ആർ.എൻ.എ വേഗം വിഘടിക്കുന്നു എന്ന ദീർഘകാലമായുള്ള നിഗമനങ്ങൾ തെറ്റാണെന്ന് പഠനം തെളിയിച്ചു. ആർ.എൻ.എ തന്മാത്രകൾക്ക് ദീർഘകാലം നിലനിൽക്കാൻ കഴിയുമെന്നും ഇതോടെ കണ്ടെത്തി.ആർ.എൻ.എയും ഡി.എൻ.എയും പ്രോട്ടീനുകളും ഉൾപ്പെടുത്തി മാമത്തിനെ പോലെ വംശനാശം സംഭവിച്ച ജീവിവർഗങ്ങളെ പുനഃസൃഷ്ടിക്കാനും കഴിയും.
മാമത്തിനെ പോലുള്ള സസ്തനികൾ എങ്ങനെ ജീവിച്ചിരുന്നുവെന്നും പഠനത്തിലൂടെ അറിയാൻ സാധിക്കും. ഇതുവരെ ലഭിച്ചിരുന്ന ടിഷ്യൂകളെല്ലാം പതിനായിരം വർഷത്തിലേറെ പഴക്കമുള്ളതും ദുർബലമായതുമായിരുന്നു. എന്നാൽ, എമിലിയോ മാർമോളും സംഘവും ഗവേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തിയ മാമത്തിന്‍റെ ടിഷ്യു പെർമാഫ്രോസ്റ്റിൽ നിന്ന് സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.