ഭരണകൂടങ്ങൾ ഹരിതഗൃഹ വാതക ഉദ്‌വമനത്തിനെതിരെ യോജിച്ച നടപടി സ്വീകരിക്കുകയാണെങ്കിൽ കാലാവസ്ഥാ തകർച്ചയുടെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും 1.5 ഡിഗ്രി സെൽഷ്യസ് എന്ന ലക്ഷ്യത്തിലേക്ക് മടങ്ങാനും ലോകത്തിനിപ്പോഴും അവസരമുണ്ടെന്ന് പുതിയ വിലയിരുത്തൽ. 2015 ലെ പാരീസ് ഉടമ്പടിയിൽ നിശ്ചയിച്ചിരുന്ന വ്യാവസായിക പൂർവ നിലവാരത്തേക്കാൾ ആഗോള താപനം 1.5ഡിഗ്രി സെൽഷ്യസ് എന്ന പരിധി കഴിഞ്ഞ രണ്ട് വർഷമായി കവിഞ്ഞിരിക്കുകയാണ്.
ആഗോള തലത്തിലുള്ള സർക്കാറുകൾ പ്രസിദ്ധീകരിച്ച പദ്ധതികൾ 2.3ഡിഗ്രി സെൽഷ്യസ് മുതൽ 2.5ഡിഗ്രി സെൽഷ്യസ് വരെ ഭൂമിയെ ചൂടാക്കാൻ കാരണമാകുമെന്ന് ഈ ആഴ്ച പ്രസിദ്ധീകരിച്ച യു.എൻ പരിസ്ഥിതി പരിപാടി (യു.എൻ.ഇ.പി) റിപ്പോർട്ട് പറയുന്നു. ഈ അളവ് തീവ്ര കാലാവസ്ഥയുടെ വൻ വർധനവിനും ലോകത്തിലെ പ്രധാന പ്രകൃതി വ്യവസ്ഥകൾക്ക് വിനാശകരമായ നാശത്തിനും കാരണമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.
ഗവൺമെന്റുകളുടെ ലക്ഷ്യങ്ങൾ അപര്യാപ്തമാണെന്നും അവ വേഗത്തിൽ പരിഷ്കരിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ അനലിറ്റിക്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗതാഗതം, വ്യവസായം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ പുനഃരുപയോഗ ഊർജ ഉപഭോഗം എത്രയും വേഗത്തിൽ വർധിപ്പിക്കണമെന്നും അത് ആവശ്യപ്പെടുന്നു.
‘കോപ് 30’ എന്ന പേരിൽ യു.എൻ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പ്, കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ലോക നേതാക്കൾ വരും ദിവസങ്ങളിൽ ബ്രസീലിലെ ആമസോണിന്റെ അഴിമുഖത്തിനടുത്തുള്ള ചെറിയ നഗരമായ ബെലെമിൽ യോഗം ചേരാനിരിക്കെയാണ് പുതിയ റിപ്പോർട്ട്.
2050നും മുമ്പ് 1.7 ഡിഗ്രി സെൽഷ്യസ് എന്നതിൽ ഉയർന്ന താപനില ഉറപ്പാക്കാൻ തങ്ങളുടെ റോഡ് മാപ്പിന് കഴിയുമെന്ന് കാലാവസ്ഥാ അനലിറ്റിക്സ് ഗ്രൂപ്പ് ഗവേഷകർ പറയുന്നു. ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുകയും അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ കാർബൺ നീക്കം ചെയ്യൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 1.5ഡിഗ്രി സെൽഷ്യസ് ആയി കുറക്കാൻ കഴിയുമെന്നും അവർ പ്രത്യാശ്ര പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.