കമ്മാടംകാവ്
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് അവശേഷിക്കുന്ന വലിയ കാവുകളിലൊന്നായ ഭീമനടി വില്ലേജിലെ കമ്മാടം കാവുമായി ബന്ധപ്പെട്ട റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറുന്നതിന് ശ്രമം.മലയോര ഹൈവേയുടെ എടപ്പറമ്പ്-കോളിച്ചാല്‍ റീച്ച് നിര്‍മാണത്തിനായി വിട്ടുനല്‍കുന്ന വനഭൂമിക്ക് പകരം 4.332 ഹെക്ടറും തൃശൂര്‍ ജില്ലയില്‍ കുതിരാന്‍ തുരങ്കനിര്‍മാണത്തിനായി ഏറ്റെടുത്ത വനഭൂമിക്കു പകരം 1.438 ഹെക്ടറും കമ്മാടം കാവിലെ റവന്യൂഭൂമിയില്‍ നിന്നും വനംവകുപ്പിന് വിട്ടുനല്‍കാനാണ് തീരുമാനം.
ഉഡുപ്പി -കരിന്തളം-വയനാട് 400 കെ.വി. വൈദ്യുതി ലൈനിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നഷ്ടമാകുന്ന വനഭൂമിക്ക് പകരവും ഇവിടെനിന്ന് ഭൂമി നല്‍കുമെന്നാണ് പറയുന്നത്. ആകെ 22.16 ഹെക്ടര്‍ (54.76 ഏക്കര്‍) വിസ്തൃതിയാണ് നിലവില്‍ കമ്മാടംകാവിനുള്ളത്. ഇതില്‍ 1.59 ഹെക്ടര്‍ (3.94 ഏക്കര്‍) സ്ഥലം ദേവസ്വത്തിന്റേതാണ്. ബാക്കിയുള്ള 20.57 ഹെക്ടര്‍ സ്ഥലമാണ് റവന്യൂ വകുപ്പിന്റെ കൈവശമുള്ളത്.
ഇപ്പോള്‍ കൈമാറാന്‍ തീരുമാനിച്ച 5.77 ഹെക്ടറിന് പുറമേ 400 കെവി ലൈനുമായി ബന്ധപ്പെട്ട് വേണ്ടിവരുന്നതും സംസ്ഥാനത്ത് മലയോരഹൈവേ ഉള്‍പ്പെടെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ ആവശ്യമായി വരുന്നതുമായ വനഭൂമിക്കുകൂടി പകരം സ്ഥലം ഇവിടെ നിന്ന് കണക്കാക്കി കാലക്രമത്തില്‍ ഈ 20.57 ഹെക്ടറും വനംവകുപ്പിന് കൈമാറാനാണ് ധാരണ.
നിലവില്‍ തന്നെ വനത്തിന്റെ സ്വഭാവവും ജൈവവൈവിധ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കമ്മാടം കാവ്. ഇരൂള്‍, ഈട്ടി, വൈനാവ്, വെണ്‍തേക്ക്, ചോരപ്പാലി, വെണ്‍കൊട്ട, കാട്ടുജാതിക്ക തുടങ്ങിയ മരങ്ങളും ഈറ്റക്കാടുകളും കാവിനകത്തുണ്ട്. മലയണ്ണാന്‍, വേഴാമ്പല്‍ തുടങ്ങിയവയുള്‍പ്പെടെ ജന്തുജാലങ്ങളുമുണ്ട്. കാവില്‍ നിന്ന് ഉത്ഭവിക്കുന്ന അരുവികള്‍ ഒത്തുചേര്‍ന്ന് തേജസ്വിനി പുഴയുടെ കൈവഴിയായി ഒഴുകുന്നു. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ പ്രത്യേകതരം ചതുപ്പുതലവും ഇവിടെയുണ്ട്.
കാവിന്റെ പല ഭാഗങ്ങളിലും റവന്യൂഭൂമിയില്‍ കൈയേറ്റങ്ങള്‍ നടക്കുന്നതായ പരാതി ഉയർന്നതിനെ തുടര്‍ന്ന് കാലങ്ങള്‍ക്കുമുമ്പേ സ്ഥലം വനംവകുപ്പിന് വിട്ടുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നാട്ടുകാരുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നിരവധി തവണ കാവിന് ചുറ്റും സംരക്ഷണവലയം തീര്‍ക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.