പുത്തനാറില്‍ പ്ലാസ്​റ്റിക് മാലിന്യം വലിച്ചെറിഞ്ഞ നിലയില്‍

പാര്‍വതി പുത്തനാര്‍: രോഗം വിതക്കുന്ന മാലിന്യവാഹിനി

അമ്പലത്തറ: മനുഷ്യ​െൻറ കടന്നുകയറ്റം കൊണ്ട്​ ഇല്ലാതായ പച്ചപ്പിനെയും തകർന്ന ആവാസവ്യവസ്ഥയെയും വീണ്ടും ഓർമിപ്പിച്ച് ഒരു പരിസ്ഥിതി ദിനംകൂടി കടന്നുപോകുമ്പോള്‍ തലസ്ഥാന നഗരത്തി​െൻറ പ്രധാന ജലസ്രോതസ്സായിരുന്ന പാര്‍വതി പുത്തനാര്‍ ഇന്ന് രോഗം വിതക്കുന്ന മാലിന്യവാഹിനിയായിട്ടാണ് ഒഴുകുന്നത്.

ഇത്തരം ഒഴുക്ക് കടലി​െൻറ പാരിസ്ഥിതിക അവസ്ഥക്കും കോട്ടം വരുത്തുന്നു. പുത്തനാര്‍ സംരക്ഷണമെന്ന പേരില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കോടികള്‍ പ്രഖ്യാപിക്കുമെങ്കിലും സംരക്ഷണം പലപ്പോഴും കടലാസിലൊതുങ്ങുന്നു. ഇതി​െൻറ നേര്‍ക്കാഴ്ചയാണ് ചളിയും കുളവാഴകളും അറവു മാലിന്യങ്ങളും മനുഷ്യവിസര്‍ജ്യങ്ങളും നിറഞ്ഞ്​ മാലിന്യപ്പുഴയായ പുത്തനാര്‍.

ഒരു കാലത്ത് പഞ്ചസാരമണലും തെളിമയാര്‍ന്ന വെള്ളവും മത്സ്യങ്ങളും നിറഞ്ഞ് നാട്ടുകാര്‍ക്ക് കണ്ണിന് കുളിര്‍മ പകരുന്നതരത്തില്‍ ഒഴുകിയിരുന്ന പുത്തനാറില്‍ ഇന്ന് വെള്ളം കറുത്തിരുണ്ടാണ്​. നിരവധി ഇനത്തിലുള്ള മത്സ്യങ്ങളുടെ ആവാസകേന്ദ്രമായിരുന്ന ആറില്‍ മത്സ്യങ്ങളെ കണികാണാന്‍ പോലും കഴിയില്ല. മനുഷ്യശക്തികൊണ്ട് പൂര്‍ണമായും നിര്‍മിച്ച ഒരു ജലപാത മനുഷ്യചെയ്തികൾ കൊണ്ടുതന്നെ നാശത്തിലേക്ക് മൂക്കുകുത്തി.

പുത്തനാറി​െൻറ അടിത്തട്ട് മുതല്‍ മുകൾപ്പരപ്പ് വരെ അടിഞ്ഞുകൂടി കിടക്കുന്ന ടണ്‍കണക്കിന് വരുന്ന ഇരുമ്പ് അവശിഷ്​ടങ്ങള്‍മുതല്‍ പ്ലാസ്​റ്റിക് മാലിന്യങ്ങള്‍വരെ പരിസ്ഥിതിക്ക് വിനാശകരമാണ്. ഇക്കഴിഞ്ഞ മഴക്ക് ടൺ കണക്കിന് പ്ലാസ്​റ്റിക് മാലിന്യമാണ് പുത്തനാറിലൂടെ കടലിലേക്ക് ഒഴുകിയിറങ്ങിയത്​. മാരക വിഷവസ്തുക്കള്‍ പുത്തനാറില്‍ ക്രമാതീതമായി അടങ്ങിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനുവേണ്ടി നാറ്റ്പാറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പരിഹാര നടപടികള്‍ ജലരേഖയായി.

രാജഭരണകാലത്ത് ചരക്കുഗതാഗതത്തി​െൻറ പ്രധാന സഞ്ചാര മേഖലയായിരുന്ന ആറിനെ കോവളംമുതല്‍ നീലേശ്വരം വരെയുള്ള ജലപാതയാക്കാന്‍ പ്രഖ്യാപനം നടന്നെങ്കിലും സ്ഥലമെടുപ്പിലെ തടസ്സങ്ങളും കുടിയൊഴുപ്പിക്കപ്പെട്ടവരുടെ പുനരധിവാസവും കാരണം പ്രഖ്യാപനം പകുതിവഴിയില്‍ മുടങ്ങി നില്‍ക്കുകയാണ്​. 

'മുടിയെട്ടും കോര്‍ത്തുകെട്ടി 

വിരല്‍ നൂറാല്‍ കാറ്റൊതുക്കി

നിറഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്

എ​െൻറ തുഴത്തണ്ടില്‍ താളമിട്ട് തുടിക്കുന്നോള്'

എന്ന കുരിപ്പുഴയുടെ കവിത പോലെ ഒരുകാലത്ത് മനോഹരമായിരുന്നു പാര്‍വതി പുത്തനാര്‍. തെക്കേ ഇന്ത്യയിലെ എൻജിനീയറിങ് വിസ്മയമെന്ന് പശ്ചാത്യര്‍ പാടിപ്പുകഴ്ത്തിയ മനുഷ്യനിര്‍മിതി കൂടിയാണ്. 1824ല്‍ തിരുവിതാകൂറിലെ റീജൻറായിരുന്ന റാണി ഗൗരി പാര്‍വതി ഭായിയാണ് തിരുവനന്തപുരത്ത കല്‍പ്പാലക്കടവ് (ഇപ്പോഴത്തെ വള്ളക്കടവ്) മുതല്‍ വര്‍ക്കല ശിവഗിരിക്കുന്ന് വരെയുള്ള കായലുകളെ കോര്‍ത്തിണക്കിക്കൊണ്ട് പാര്‍വതി പുത്തനാര്‍ എന്ന പുതിയ ജലപാത നിര്‍മിച്ചത്.

ജലപാത എന്നതിനെക്കാള്‍ ഉപരിയായി തലസ്ഥാനവാസികളുടെ ശുദ്ധജല സ്രോതസ്സ്​ കൂടിയായിരുന്നു. കൊച്ചിയില്‍നിന്നും ആലപ്പുഴയില്‍നിന്നും കരമാര്‍ഗം ചരക്കെടുത്തിരുന്ന കച്ചവടക്കാരുടെ പ്രയാസങ്ങളാണ് അന്ന് പാര്‍വതി ഭായി റാണിയെ ഇത്തരമൊരു ജലപാത എന്ന ചിന്തയിലേക്ക് നയിച്ചതെന്നും, അതല്ല പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് പോയിരുന്നത് ഇൗ വഴിയായിരുന്നെന്നും പറയപ്പെടുന്നു.

പിന്നീട് ഇൗ ജലപാത വേളിയിലും പൂന്തുറയിലും കടലിലേക്ക് പൊഴികള്‍ തുറന്നു. ഇൗ പൊഴികളാണ് തലസ്ഥാന നഗരത്തെ ഇന്നും വെള്ള​െക്കട്ടില്‍നിന്ന്​ രക്ഷിക്കുന്നത്. നഗരത്തില്‍ മഴക്കാലത്ത് വെള്ളം കെട്ടുമ്പോള്‍ പുത്തനാറാര്‍ വഴി വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നത് ഇൗ പൊഴികളിലൂടെയാണ്.

അനന്തപുരിയോട് അടുത്ത് കിടന്നിരുന്ന വേളി, കഠിനംകുളം കായലുകളെ തമ്മില്‍ ഇൗ ജലപാത ബന്ധിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ വിഹരിച്ചിരുന്ന ടി.എസ് കനാലി​െൻറ ഭാഗമാണ് പാര്‍വതി പുത്തനാര്‍. അതിനാല്‍തന്നെ കോവളത്ത് തുടങ്ങി ഭാരതപ്പുഴവരെ വിവിധ നദികളെയും കായലുകളെയും ബന്ധിപ്പിക്കുന്ന ടി.എസ് കാനലി​െൻറ വീണ്ടെടുപ്പിന് പാര്‍വതി പുത്തനാര്‍ പ്രധാന പങ്കുവഹിക്കും. 

Tags:    
News Summary - parvathy puthanar became disease carrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.