37 മിനിറ്റ്; മനുഷ്യൻ മൂന്നിലൊന്നും നശിപ്പിച്ചു!

1990 ൽ നാസ (NASA) ശൂന്യാകാശത്തേയ്ക്ക് വിക്ഷേപിച്ച ഹബ്ബിൾ (Hubble) ടെലിസ്കോപ് ഇന്നുവരെ കാണാത്തത്ര ദൂരത്തിലുള്ള ഗാലക്സികൾ അഥവാ ക്ഷീരപഥങ്ങൾ കണ്ടെത്തി. ഓരോ ക്ഷീരപഥത്തിലും കോടാനുകോടി നക്ഷത്രങ്ങൾ. ആകാശത്തിനെ മൂന്നു കോടി ഇരുപതു ലക്ഷം ഭാഗമായി വിഭജിച്ച്, അതിലൊരു ഭാഗത്തു കൂടി നോക്കിയാൽ തന്നെ, 5500 ഗാലക്സികൾ കണ്ടെത്താമെന്ന് ശാസ്ത്രജ്ഞന്മാർ പറഞ്ഞത് വർഷങ്ങൾക്കു മുൻപാണ്. ഇപ്പോഴാകട്ടെ, ഹബ്ബിൾ ടെലിസ്കോപിന്റെ കാഴ്ചപ്പരിധിയിൽ തന്നെ 2 ട്രില്യണിൽപ്പരം ക്ഷീരപഥങ്ങൾ കാണാനാകുമത്രേ. രണ്ടു ട്രില്യൺ എന്നാൽ 2 എന്ന അക്കത്തിന്റെ കൂടെ 12 പൂജ്യവും കൂടി ചേർക്കണം!!

ഹബ്ബിൾ ടെലിസ്കോപ് എടുത്ത ചിത്രങ്ങളിലൂടെ ശാസ്തജ്ഞന്മാർ അനുമാനിക്കുന്നത് പ്രപഞ്ചത്തിനു 1400 കോടി വർഷമെങ്കിലും പഴക്കമുണ്ടെന്നാണ്. മനുഷ്യൻ കൂടി ഉൾപ്പെടുന്ന "ഹോമോസാപിയൻസ് "എന്ന ജീവി വർഗ്ഗം അഥവാ സ്പീഷീസ് , രൂപപരിണാമത്തിലൂടെ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട് ഉദ്ദേശം 3,15,000 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ചിലന്തികൾ അതിനും മുൻപ്, അതായത് 300 -400 മില്യൺ വർഷങ്ങൾക്ക് മുൻപ് വന്നവരാണ്. ഈ ചിലന്തികൾ തന്നെ ഇപ്പോൾ 40000 ത്തിൽപ്പരം ഇനങ്ങൾ ആയി.

അവർക്കും 225 മില്യൺ വർഷങ്ങൾക്കും മു​മ്പേ വന്നവരാണ് ഉരഗങ്ങൾ (Reptiles) എന്ന ജീവി വർഗം. പറഞ്ഞു വരുന്നത്, ഈ ഭൂമി നമുക്കും നമുക്ക് മുമ്പേ വന്ന ജീവികൾക്കെല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഭൂമി മാത്രമല്ല, അതിലെ വിഭവങ്ങളും. കഷ്ടമെന്നു പറയട്ടെ, നമ്മളിലേറെപ്പേരുടെയും വിചാരം ഈ പ്രകൃതി വിഭവങ്ങൾ എല്ലാം മനുഷ്യന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണെന്നാണ്.

കാൽ നൂറ്റാണ്ടോടെ കടൽ വിഭവങ്ങൾ തീരും!

പ്രകൃതിയോട് സമരസപ്പെട്ട് , സുസ്ഥിരമായി ജീവിക്കുക എന്നതിലാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശം മുഖ്യമായും ഊന്നൽ കൊടുക്കുന്നത്. സുസ്ഥിരമായി ജീവിക്കുക എന്നാൽ , പ്രകൃതിയിലുള്ള എല്ലാ വിഭവങ്ങളും ആവശ്യത്തിന് മാത്രം എടുത്ത്  മനുഷ്യനും പക്ഷികൾക്കും മറ്റു ജീവ ജാലങ്ങൾക്കും ഒരുപോലെ അർ ഹതപ്പെട്ടതാണവയെല്ലാം എന്ന ബോധ്യത്തോടെ ജീവിക്കുക എന്നതാണ്. ഭൂമി ഉണ്ടായതിനു ശേഷം ഇതുവരെയുള്ള സമയം ഒരു കലണ്ടർ വർഷമായി എടുത്താൽ ആധുനിക മനുഷ്യൻ ഭൂമിയിൽ വന്നിട്ട് 37 മിനിറ്റുകളേ ആയിട്ടുള്ളൂ. എങ്കിലും, ഇതിനോടകം തന്നെ ഭൂമിയിലെ വിഭവങ്ങളുടെ മൂന്നിൽ ഒരു ഭാഗവും കഴിഞ്ഞ 0.2 സെക്കൻഡു കൊണ്ട് മനുഷ്യൻ ഉപയോഗിച്ച് തീർത്തുകഴിഞ്ഞു എന്നാണ് ഒരു കണക്ക് .

ഓരോ മനുഷ്യനും ഒരു കൊല്ലവും ഏകദേശം 11 ടൺ പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് തീർക്കുന്നു. വികസിത രാജ്യങ്ങളിലെ മനുഷ്യർ വികസ്വര രാജ്യങ്ങളിലെ ആളുകളെക്കാളും 10 ഇരട്ടി പ്രകൃതി വിഭവങ്ങളാണ് ഉപയോഗിച്ച് തീർക്കുന്നത്. ഇപ്പോഴത്തെ പോക്ക് പോയാൽ കടലിൽ നിന്നുള്ള ഭക്ഷണ വിഭവങ്ങൾ തീരാൻ ഇനി 25 കൊല്ലം, 209 ദിവസം, 10 മണിക്കൂർ, 45 സെക്കൻഡ് മാത്രമേ ബാക്കിയുള്ളൂ എന്നാണ് ഒരു പഠനം കണ്ടെത്തിയത്. കടലിൽ നിന്നുള്ള ഈ സമ്പത്ത് 2048 -ഓടെ തീർന്നു പോകുമ്പോൾ പട്ടിണിയിലാവുന്നത് കേരളതീരത്തുള്ള 8 ലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മാത്രമല്ല, ഭക്ഷണത്തിനായി ഈ വിഭവങ്ങളെ ആശ്രയിക്കുന്ന ലോകമാനമുള്ള 3 .5 മുതൽ 7 ബില്യൺ വരെയുള്ള ആളുകൾ കൂടിയാണ്.

തിരിച്ചു പോക്കില്ലാത്ത നാശം

2050ഓടെ ഇടയ്ക്ക് ലോക ജനസംഖ്യ ഇപ്പോഴുള്ളതിനേക്കാൾ മൂന്നിലൊന്ന് കൂടി വർധിച്ചേക്കാം. പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് തീർക്കുന്നത് ഇരട്ടിയിലേറെ വേഗതയിലുമാകും. 2018നു ശേഷം ഓരോ സെക്കന്റിലും 28 മില്യൺ ഹെക്ടർ വനം വെട്ടിമുറിച്ചു നശിപ്പിക്കപ്പെടുന്നു. ലോകത്തിലെ മുഴുവൻ മഴക്കാടുകളും നശിക്കാൻ ഇനി കഷ്ടിച്ച് 77 കൊല്ലം മാത്രമേ ഉള്ളൂ എന്നാണ് ഒരു കണക്ക് . വനങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ മൃഗങ്ങളും പക്ഷികളും മാത്രമല്ല ബുദ്ധിമുട്ടിലാവുന്നത് നമ്മളും കൂടിയാണ്. കാരണം, ഭൂമിയിലെ ശുദ്ധ ജലത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ശേഖരിക്കപ്പെടുന്നത് കാടുകളുടെ നീർമറി പ്രദേശത്താണ്. വനങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ, കുടിവെള്ളവും ഇല്ലാതാവും.

മരങ്ങളും ചെടികളും വെട്ടി മാറ്റുമ്പോൾ വേരുകൾ പിടിച്ചു നിറുത്തിയിരുന്ന മണ്ണും ഒലിച്ചു പോകും. കൂട്ടത്തിൽ മണ്ണിന്റെ പോഷകഘടകങ്ങളും. എത്ര കൃഷി ചെയ്താലും വിളകൾ ലാഭകരമല്ലാതെ വരുന്ന സ്ഥിതി വിശേഷം അങ്ങിനെയാണ് ഉണ്ടാവുന്നത്. ഈ പോരായ്മ മറികടക്കാൻ കൃഷിക്കാർ രാസ വളങ്ങളിലേക്ക് തിരിയും. ഇത് മണ്ണിനെയും മനുഷ്യന്റെ ആരോഗ്യത്തെയും കൂടുതൽ ദോഷകരമായി ബാധിക്കും. പുറത്ത് കടക്കാൻ പറ്റാത്ത ഒരു വിഷമവൃത്തത്തിലെന്നപോലെ ഈ ദുരന്തങ്ങളിൽ പെട്ട് നമ്മളും ഭൂമിയും ഇല്ലാതാവുകയാണ്. പല പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും പറയുന്നത് വർഷങ്ങൾ കഴിയുന്തോറും ഇനിയൊരു തിരിച്ചു പോക്കില്ലാത്ത വിധം നാശത്തിന്റെ വക്കിലേക്ക് നമ്മൾ നടന്നു ചെല്ലുകയാണെന്നാണ്. 2050 അങ്ങിനെയൊരു നിർണ്ണായക വർഷമാണ്. എന്ന് കരുതപ്പെടുന്നു.

മണലെന്ന അമൂല്യ ധാതു

ലോകത്ത് ലോഹങ്ങളെക്കാളും അയിരുകളെക്കാളുമെല്ലാം ഏറ്റവും കൂടുതൽ ഖനനം ചെയ്യപ്പെടുന്ന ധാതു (മിനറൽ) മണലാണ്. വെള്ളത്തിന് ശേഷവും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും മണൽ തന്നെ. 2020 ലെ ഒരു കണക്കനുസരിച്ച്, നഗരവത്കരണത്തിനും മറ്റുമായി ലോകത്താകമാനം ഏകദേശം 53 ബില്യൺ ടൺ മണൽ ഉപയോഗിക്കുന്നുണ്ട്. അതായത്, ഓരോ മനുഷ്യനും ഏകദേശം 20 കിലോ മണ്ണ് ഒരു ദിവസം ഉപയോഗിച്ച് തീർക്കുന്നു.

മഴയും വെയിലും മഞ്ഞും കാറ്റും വർഷങ്ങളോളം കുന്നുകളിലും മലകളിലുമൊക്കെ പ്രവർത്തിച്ച് പാറകളെ പൊടിച്ചാണ് മണൽ ഉണ്ടാവുന്നത്. ഇത്തരത്തിൽ കടലുകളിൽ എത്തുന്ന 12 .6 ബില്യൻ മണ്ണിന്റെ മൂന്നിരട്ടി മണൽ നമ്മൾ എടുത്തുമാറ്റുകയും ചെയ്യുന്നു. വെള്ളപ്പൊക്കം തടയുന്നത് ഈ മണലാണെന്നത് മറന്നുകൊണ്ട് വർഷാവർഷം നദികളിൽ അടിഞ്ഞു കൂടുന്ന മണൽ വാരിക്കളയാനായി ദർഘാസ് പരസ്യം കൊടുക്കുകയാണ് മാറിമാറി വരുന്ന സർക്കാരുകൾ.

മണൽ ഖനനം ചെയ്ത് മുങ്ങിത്താഴുന്ന കരകൾ

തലതിരിഞ്ഞ വികസന നയത്തിന്റെ ഫലമായി ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത് പാറകളും മണലുമാണ്. വെള്ളപ്പൊക്കം, വരൾച്ച, കടലേറ്റം, ചൂട് കാരണം സമുദ്ര ജലം വികസിച്ച് കര കടൽ വിഴുങ്ങുന്ന സ്ഥിതി വിശേഷം, ചുഴലിക്കാറ്റ് മൂലമുള്ള കടലേറ്റം എന്നീ ദുരന്തങ്ങളൊക്കെ ലഘൂകരിക്കാൻ മണൽ തിട്ടകൾക്കു കഴിയും. ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മണൽ ഇറക്കുമതി ചെയ്യുന്ന രാജ്യം സിംഗപ്പൂർ ആണ്. കേരളത്തിലെ കരിമണൽ ഖനനം ഉയർത്തുന്ന ചോദ്യങ്ങളും ഇതുതന്നെയാണ്. അവിടെ, കഴിഞ്ഞ 40 കൊല്ലത്തിനിടയിൽ കടലിൽ മണ്ണിട്ട് നികത്തി കരയാക്കുന്നത് 20 ശതമാനത്തോളം വർധിച്ചു എന്ന് കണക്കുകൾ പറയുന്നു. ഇതിനായുള്ള മണൽ കണ്ടെത്തുന്നതാകട്ടെ, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും. ഇങ്ങനെ മണൽ കയറ്റിയയച്ച് ഇന്തോനേഷ്യയിലെ ദ്വീപുകൾ കടലിൽ മുങ്ങിത്താഴുന്ന സ്ഥിതിയാണ് .

വേണം ഒരു ഓഡിറ്റിങ്

പരിസ്ഥിതിക്ക് ചേരാത്ത വികസന നയവും സിൽവർ ലൈൻ പോലെയുള്ള പാരിസ്ഥിതിക ദുരന്ത ആശയങ്ങളും മുന്നോട്ടു വെക്കുന്നതിന് മുമ്പ് സർക്കാർ ചെയ്യേണ്ടത് എത്ര പ്രകൃതിവിഭവങ്ങൾ നമുക്ക് ഉണ്ട് എന്ന് തിട്ടപ്പെടുത്തി നമ്മുടെ ആവശ്യങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ വേർതിരിച്ച്, ഓരോന്നിനും എത്ര വിഭവങ്ങൾ വേണ്ടിവരുമെന്ന് കണക്കാക്കുകയാണ് . അമേരിക്കയിൽ കോൺക്രീറ്റ് പുനഃ ചംക്രമണം (റീസൈക്കിൾ) ചെയ്ത് റോഡ് പണിക്കും പുതിയ കോൺക്രീറ്റു ഉണ്ടാക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്.

ഗ്ലാസ് അഥവാ കുപ്പിച്ചില്ലുകൾ റീസൈക്കിൾ ചെയ്ത്  സ്വാഭാവിക മണലിന് പകരം നിർമ്മാണ പ്രവർത്തനങ്ങൾക്കുപയോഗിക്കാമെന്നും, വലിയ ഗ്ലാസ്സ് കഷണങ്ങൾ കോൺക്രീറ്റിന്റെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നത് നിമിത്തം 18 ശതമാനത്തോളം കാർബൺ നിർഗ്ഗമനം കുറയ്ക്കാമെന്നും, ഇത് വഴി നിലങ്ങൾ നികത്താൻ കുപ്പിച്ചില്ലും മറ്റും ഉപയോഗിക്കുന്നത് (landfill) കുറക്കാനാവുമെന്നും ചില പഠനങ്ങൾ നടന്നിട്ടുണ്ട്. ഗോവയിലെ എൻജിനീയറിങ് കോളജും യു.കെയിലുള്ള യൂനിവേഴ്സിറ്റിയും ചേർന്ന് നടത്തിയ ഒരു ഗവേഷണ പഠനത്തിൽ പെറ്റ് (PET) ബോട്ടിലുകൾ റീ സൈക്കിൾ ചെയ്ത് കിട്ടുന്ന പ്ലാസ്റ്റിക് തരികൾ കോൺക്രീറ്റുണ്ടാക്കുമ്പോൾ മണലിന് പകരം ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരുന്നു. കോൺക്രീറ്റിൽ ഉപയോഗിക്കുന്ന മണൽ പത്ത് ശതമാനം കുറച്ചാൽ തന്നെ 820 മില്യൺ ടൺ മണൽ ഒരു കൊല്ലം ലാഭിക്കാൻ പറ്റുമത്രെ.

പാരിസ്ഥിതികമായി വളരെ ദുർബ്ബലമായ നമ്മുടെ സംസ്ഥാനത്ത് ഇത്തരം പ്രകൃതി വിഭവ ഓഡിറ്റിങ് നടത്തി മുൻഗണനകൾ ഏതിനൊക്കെ എന്ന് എത്രയും പെട്ടെന്ന് തീരുമാനിക്കപ്പെടേണ്ടതുണ്ട്. വീടില്ലാത്തവർക്ക് പാർപ്പിടങ്ങൾ ഉണ്ടാക്കുന്നത് എന്നതാണ് അതിലേറ്റവും പ്രധാനം. അതിനോടൊപ്പം, ഒരു കുടുംബത്തിന് ഒരു വീട്, ആ വീടിന്റെ വിസ്തൃതി പരിമിതപ്പെടുത്തൽ എന്നീ നയങ്ങളും നിയമമാക്കണം.

കേരളത്തെപ്പോലെ വർധിച്ച ദുരന്ത സാധ്യതയുള്ള സംസ്ഥാനത്ത് പാരിസ്ഥിതിക ബോധമുള്ള ഒരു സർക്കാറിന്റെയും മുൻഗണനാവിഷയമായി ഒരു അർദ്ധ -അതിവേഗപ്പാത വരില്ല തന്നെ. ലോക പരിസ്ഥിതി ദിനത്തിൽ ഇടതു പക്ഷ പുരോഗമന വീക്ഷണമുണ്ടെന്നവകാശപ്പെടുന്ന ഒരു സർക്കാർ അങ്ങിനെ ചെയ്യുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

Tags:    
News Summary - Only one earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.