ചാര ചെന്നായയെ അമ്രാബാദ് കടുവ സങ്കേതത്തിലെ ക്യാമറ ട്രാപ്പുകളിൽ പതിഞ്ഞപ്പോൾ
ഹൈദരാബാദ്: അമ്രാബാദ് ടൈഗർ റിസർവിലെ കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ അതീവ വംശനാശഭീഷണി നേരിടുന്ന 'ഇന്ത്യൻ ചാര ചെന്നായുടെ' (Indian Grey Wolf) ചിത്രങ്ങൾ. ആവാസവ്യവസ്ഥയുടെ നാശവും മനുഷ്യന്റെ ഇടപെടലുകളും കാരണം ഇന്ത്യയിൽ ആകെ 3,000-ത്തോളം മാത്രമായി ചുരുങ്ങിയ ഈ ചെന്നായ്ക്കളെ ഇപ്പോൾ കാണുന്നത് വളരെ അപൂർവമാണ്.
അമ്രാബാദ് ടൈഗർ റിസർവിലെ സമതല പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ചെന്നായ, അഞ്ചോ ആറോ എണ്ണമടങ്ങുന്ന ഒരു കൂട്ടത്തിന്റെ ഭാഗമാണെന്നാണ് വിവരം. കടുവ സങ്കേതത്തിൽ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയെ കണ്ടെത്തിയത് വളരെ നിർണ്ണായകമായ ഒന്നാണ്. 2021-ൽ നിസാമാബാദ് ജില്ലയിലാണ് ഈ ചെന്നായയെ തെലങ്കാനയിൽ അവസാനമായി കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഒരുകാലത്ത് ഇന്ത്യയിലെ പുൽമേടുകളിലും വരണ്ട പ്രദേശങ്ങളിലും ഇവ വ്യാപകമായി കാണപ്പെട്ടിരുന്നു. മണൽ കലർന്ന തവിട്ട് അല്ലെങ്കിൽ ചാരനിറത്തിലുള്ള രോമങ്ങൾ നിറഞ്ഞ രൂപ പ്രകൃതമാണ്. കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷം എന്നിവ കാരണം ഇവയുടെ ആവാസവ്യവസ്ഥ ചുരുങ്ങിക്കൊണ്ടിരിക്കുന്നു.പ്രധാനമായും മാൻ, മുയൽ, ചെറു ജീവികൾ എന്നിവയെ വേട്ടയാടുന്നു. മനുഷ്യരുടെ വളർത്തുമൃഗങ്ങളെയും ഇവ ഭക്ഷണമാക്കാറുണ്ട്.
അമ്രാബാദിൽ ഇവയെ കണ്ടെത്തിയത് വന്യജീവി സംരക്ഷണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും കടുവ സങ്കേതത്തിന്റെ പാരിസ്ഥിതിക മൂല്യത്തെയാണ് ഇത് കാണിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഷെഡ്യൂൾ I പ്രകാരം കടുവകൾക്ക് ലഭിക്കുന്ന അതേ ഉയർന്ന തലത്തിലുള്ള സംരക്ഷണമാണ് ഇന്ത്യൻ ചാര ചെന്നായ്ക്കൾക്കും നൽകിയിട്ടുളളത്. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഇവയെ 'അപകടസാധ്യതയുള്ള' (Vulnerable) വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഇതുകൂടാതെ പുള്ളിപ്പുലി, കരടി, ചെന്നായ, കുറുക്കൻ, കാട്ടുപൂച്ച, തുരുമ്പൻ പൂച്ച, മരപ്പട്ടി, ചെറിയ ഇന്ത്യൻ വെരുക്, നീലഗായ്, മ്ലാവ് (സാംബർ), പുള്ളിമാൻ, ചിങ്കാര, കാട്ടുപന്നി, നാലുകൊമ്പൻ മാൻ (ചൗസിംഗ) ഉൾപ്പെടെയുള്ള നിരവധി വന്യജീവികളുടെ ചിത്രങ്ങളും ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇത്രയധികം വൈവിധ്യമാർന്ന ജീവികളുടെ സാന്നിധ്യം അമ്രാബാദ് ടൈഗർ റിസർവിനെ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി ആവാസവ്യവസ്ഥകളിലൊന്നാക്കി മാറ്റുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റിസർവിൽ നടപ്പിലാക്കിയ 'മൗസ് ഡീർ സോഫ്റ്റ് റിലീസ് പ്രോഗ്രാമിന്റെ' (കൂട്ടിൽ വളർത്തിയ കൂരൻ മാനുകളെ കാട്ടിലേക്ക് തുറന്നുവിടുന്ന പദ്ധതി) വിജയകരമായ ഫലങ്ങളും ഈ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. പദ്ധതി വിജയകരമാണെന്നതിനും ഈ ജീവിവർഗ്ഗം അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിലയുറപ്പിച്ചു എന്നതിനുമുള്ള വ്യക്തമായ തെളിവാണിത്. വനംവകുപ്പിന്റെ ശാസ്ത്രീയ വന്യജീവി മാനേജ്‌മെന്റിന്റെയും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെയും ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നതെന്ന് എ.ടി.ആർ ഫീൽഡ് ഡയറക്ടർ ഡോ. സുനിൽ എസ്. ഹിരേമത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.