മസ്കത്ത്: ഒമാനിൽ വൃക്ഷദിനം ആചരിക്കുന്നതിന്റെ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിൽ സൗജന്യ വൃക്ഷത്തൈ വിതരണം സംഘടിപ്പിക്കും. ഒക്ടോബർ 31നാണ് ഒമാനി ട്രീ ഡേ രാജ്യത്ത് ആചരിക്കുന്നത്. തൈവിതരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ മസ്കത്ത് ഗവർണറേറ്റിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ നടക്കും. ബൗഷറിലെ ഖുബ്റ ബീച്ച്, സീബിലെ അൽ ബർകാത് സ്ട്രീറ്റ്, അമറാത്തിലെ അൽ അമറാത് സ്ട്രീറ്റ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ 11 വരെ വൃക്ഷത്തൈ വിതരണം നടക്കും. വെള്ളിയാഴ്ച സിറ്റി സെൻറർ സീബിൽ രാവിലെ 10 മുതൽ 12 വരെ വിതരണം നടക്കും. അൽ മൗജ് സ്ട്രീറ്റിലെ അൽ ഖലിലി മജ്ലിസിൽ വൈകുന്നേരം 4.30ന് അന്തിമഘട്ട തൈവിതരണം നടക്കും.
തലസ്ഥാനനഗരത്തിലെ ജനങ്ങൾക്ക് പരിസ്ഥിതിബോധം വർധിപ്പിക്കുകയും നഗരത്തിലെ പച്ചപ്പിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്നതിനായാണ് വൃക്ഷത്തൈ വിതരണം. നഗരത്തിൽ പച്ചപ്പ് വർധിക്കുന്നത് ചൂട് കുറക്കാനും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കാനും പരിസ്ഥിതി സൗഹൃദശീലങ്ങൾ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. പൗരന്മാരുടെയും മസ്കത്ത് നിവാസികളുടെയും വിപുലമായ പങ്കാളിത്തം ഉറപ്പാക്കാനാണ് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം സംഘടിപ്പിക്കുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വന്തമായി തൈകൾ നട്ട് പരിപാലിക്കുന്നതിലൂടെ ആരോഗ്യകരമായ നഗരപരിസരം സൃഷ്ടിക്കുന്നതിൽ സജീവ പങ്കാളികളാകണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.