നിള മെലിഞ്ഞുണങ്ങുന്നു

ഒറ്റപ്പാലം: നിള സംരക്ഷണ പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്കിടയിലും ഭാരതപ്പുഴ മെലിഞ്ഞില്ലാതാകുന്നത് നാടിന്‍റെ നൊമ്പരക്കാഴ്ചയാകുന്നു. മഴയിൽ നിറയുകയും മഴ മാറിയാൽ വരണ്ടില്ലാതാവുകയും ചെയ്യുന്ന പുഴയുടെ വശങ്ങളിടിഞ്ഞും കൈയേറിയും നാശത്തിന്‍റെ പാതയിലാണ്. നിളയുടെ പഴയ പ്രതാപം വീണ്ടെടുക്കുക എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ഏറ്റവും ഒടുവിലത്തേതാണ് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി. 2018 മേയ് 21ന് ഒറ്റപ്പാലത്തൊരുക്കിയ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. ജില്ലയിലെ ഏഴ് നഗരസഭകളും 85 പഞ്ചായത്തുകളും പരിധിയിൽ വരുന്നതായിരുന്നു പദ്ധതി. പഴയ പദ്ധതികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ഏറെ ആഹ്ലാദം പകർന്ന ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.

സർക്കാർ ഇത് വളരെ ഗൗരവമായി കാണുന്നതിനാൽ പ്രത്യേക പരിഗണന നൽകുമെന്ന് അദ്ദേഹം അറിയിച്ചപ്പോൾ ആനന്ദത്തിൽ ആറാടിയത് ഒരു നാട് തന്നെ ആയിരുന്നു.

മേഖലയിലെ ജലസ്രോതസുകളിലെ ജലവിതാനത്തിന് നിദാനം ഭാരതപ്പുഴയെന്ന സത്യമായിരുന്നു ഇതിന് കാരണം. ഭാരതപ്പുഴയുടെയും നാട്ടിൻപുറങ്ങളിലെ തോടും കൈവഴികളും ഉൾപ്പെട്ട ജലസ്രോതസുകളുടെയും മുഖച്ഛായ മാറ്റാനുതകുന്ന പദ്ധതിയായാണ് ഇതിനെ അധികാരികൾ പരിചയപ്പെടുത്തിയത്.

ഇത് നടപ്പാക്കുന്നതിന്‍റെ ഭാഗമായി അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പുഴകളുടെ നീർത്തട സംരക്ഷണ പ്ലാൻ തയാറാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നതാണ്.

എന്നാൽ, നാലു വർഷം പിന്നിടുമ്പോഴും കൂടുതൽ പരിക്കേറ്റ നിലയിലാണ് ഇന്ന് പുഴ. വർധിച്ചുവരുന്ന പുഴയിലെ കൈയേറ്റങ്ങൾക്ക് പുറമെ വീടുകളിൽ നിന്നും ഭക്ഷണ ശാലകളിൽ നിന്നും ഒഴുക്കിവിടുന്ന മാലിന്യവും നിളയെ വികൃതമാക്കി. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ അതിരിടുന്ന പുഴയാണ് നിള. 

Tags:    
News Summary - Nila river water scarcity problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.