പ്രാദേശിക ജന്തുവർഗങ്ങൾക്ക് ഭീഷണിയാവുന്ന കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്. 2050ഓടെ കാട്ടുപൂച്ചകളെ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കാട്ടുപൂച്ചകൾ തദ്ദേശീയ ജന്തുസമ്പത്തിനെ വളരെ വേഗത്തിൽ ഇല്ലാതാക്കുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്.
ജൈവസമ്പത്തിനെ നശിപ്പിക്കുന്ന അപകടകാരികളായ ജീവികളെ ഉൾപ്പെടുത്തുന്ന പ്രിഡേറ്റർ ഫ്രീ 2016 പട്ടികയിൽ കാട്ടുപൂച്ചയെ ഉൾപ്പെടുത്തുകയും ചെയ്തു. 2016ന് ശേഷം ആദ്യമായാണ് പുതിയ ജീവിയെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ചില പ്രദേശങ്ങളിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാനും ആരംഭിച്ചിട്ടുണ്ട്. ഇവ പക്ഷികൾ, വവ്വാൽ, പല്ലികൾ, കീടങ്ങൾ എന്നിവയുൾപ്പെടെയുളള പ്രാദേശിക ജീവികൾക്ക് വലിയ ഭീഷണിയാണ്.
സർക്കാർ കണക്കുകൾ പ്രകാരം സ്റ്റുവർട്ട് ഐലൻഡിലെ സതേൺ ഡോട്ടറൽ പോലുളള ജീവികളുടെ നാശത്തിനും ഇവ കാരണമായി. ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡ് ഇതിന് മുമ്പും പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായി ഇത്തരത്തിൽ ജന്തുക്കളെ കൊന്നൊടുക്കിയിരുന്നു. 2021 ൽ വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് വ്യാപകമായി മയിലുകളെ കൊന്നിരുന്നു.
ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്ന തരത്തിലുളള എലി, ഫെററ്റുകൾ, സ്റ്റോട്ട്സ്, പോസംസ് എന്നിവയാണ് നേരത്തെ പട്ടികയിൽ ഉൾപ്പെട്ട മറ്റ് ജീവികൾ. ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്തരം ജന്തുക്കളെ വ്യാപകമായി കൊന്നൊടുക്കുന്നത്.
മൃഗസ്നേഹികളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണ് സർക്കാരിനെതിരെ ഉയരുന്നത്. രാജ്യത്ത് ഏകദേശം 2.5 ദശലക്ഷം കാട്ടുപൂച്ചകൾ ഉണ്ടെന്നാണ് കണക്കുകൾ. വാലുൾപ്പെടെ ഒരു മീറ്ററിലധികം നീളവും ഏഴ് കിലോയിലധികം ഭാരവും ഉണ്ടായിരിക്കും അവക്ക്. കാട്ടുപൂച്ചകളെയും വളർത്ത് പൂച്ചകളെയും തമ്മിൽ വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ വളർത്തു പൂച്ചകൾ കൊല്ലപ്പെടുമെന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.