കണ്ണൻക്കുളത്തിന് പുതിയ മുഖം: നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

കൊച്ചി: കാലങ്ങളായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന കണ്ണൻക്കുളത്തിന് ഇനി പുതിയ മുഖം. ടെൻഡർ നടപടികൾ പൂർത്തിയാക്കി നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ വിവിധ പദ്ധതികൾ കുളത്തിന് സമീപം നിർമ്മിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.

പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായ കുളം നവീകരിച്ചു സാംസ്‌കാരികകേന്ദ്രമാക്കി മാറ്റുക എന്നത് പഞ്ചായത്ത്‌ ഭരണ സമിതിയുടെ പ്രഥമ പരിഗണനകളിലൊന്നായിരുന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആരിഫ മുഹമ്മദിന്റെ നേതൃത്വത്തിൽ വിശദമായ പദ്ധതി തയ്യാറാക്കിയ ശേഷമാണ് കുളത്തിന്റെ നവീകരണത്തിലേക്ക് കടക്കുന്നത്. 1.5 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുളത്തിന് ആറു മീറ്ററോളം അഴവുമുണ്ട്. പഞ്ചായത്ത്‌ സ്ഥലം ഏറ്റെടുത്താണ് നവീകരണം നടത്തുന്നത്.

ജലസേചനത്തിനായി കുളത്തിലെ വെള്ളം ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുളത്തിന് സമീപമുള്ള 26 സെന്റ് സ്ഥലത്തു ഓപ്പൺ ജിം, നടപ്പാത, കുട്ടികൾക്കായി പാർക്ക്‌ എന്നിവ നിർമ്മിക്കും. കുളത്തിന് സമീപമുള്ള പ്രദേശത്തെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. രാജേഷ് പറഞ്ഞു.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ ഓപ്പൺ ജിം ആണ് കണ്ണൻകുളത്തിന് സമീപം ഒരുങ്ങുന്നത്. മുൻപ് വടുതല പാലത്തിനു സമീപമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു ഓപ്പൺ ജിം നിർമിച്ചിരുന്നു. വ്യായാമത്തിനും ഉല്ലാസത്തിനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.

Tags:    
News Summary - New face for Kannankulam: Renovation work to begin soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.