കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളുടെ തീവ്രതയിൽ വൻ വർധനവ് വെളിപ്പെടുത്തി നാസ ഡാറ്റ

വാഷിംങ്ടൺ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങളുടെ തീവ്രതയിൽ നാടകീയമായ വർധനവ് കാണിക്കുന്ന നാസയിൽ നിന്നുള്ള പുതിയ ഡാറ്റ പുറത്ത്. 2003-2020ലെ ശരാശരിയേക്കാൾ ഇക്കാലയളവിൽ  അത്തരം തീവ്ര സംഭവങ്ങൾ ഇരട്ടിയിലെത്തുകയും കൂടുതൽ പതിവാകുകയും ചെയ്തു. അവ നീണ്ടുനിൽക്കുന്നതും കൂടുതൽ ഗുരുതരവുമാണെന്നും പഠനം കാണിക്കുന്നു.

ഗ്രഹത്തിലെ പാരിസ്ഥിതിക മാറ്റങ്ങൾ നിരീക്ഷിക്കുന്ന നാസയുടെ ഗ്രേസ് ഉപഗ്രഹത്തിന്റെ നിരീക്ഷണത്തിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ തങ്ങളെ അത്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്തതായി ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രവണതക്ക് ഏറ്റവും സാധ്യതയുള്ള കാരണമെന്ന് അവർ പറയുന്നു.

തീവ്രതയിലെ വർധനവ് വളരെക്കാലമായി പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ യഥാർത്ഥത്തിൽ അത് ദൃശ്യമാകുന്നുണ്ടെന്ന് ഒരു വിദഗ്ദ്ധൻ പറഞ്ഞു. മുന്നനുഭവത്തിൽ നിന്ന് വ്യത്യസ്തമായ ഇത്തരം കാലാവസ്ഥാ സംഭവങ്ങളോട്  ആളുകൾ പ്രതികരിക്കാൻ തയ്യാറാകുന്നില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മേരിലാൻഡ് യൂനിവേഴ്സിറ്റിയിലെ എർത്ത് സിസ്റ്റം സയൻസ് ഇന്റർ ഡിസിപ്ലിനറി സെന്ററുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നാസയിലെ ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഹൈഡ്രോളജിക്കൽ സയൻസസ് ലബോറട്ടറിയിൽ നിന്നുള്ള ഡോ. ബെയ്‌ലിംഗ് ലിയാണ് ഈ ഡാറ്റയുടെ സഹ നിർമാതാവ്. ‘ഇതുവരെ ഞങ്ങൾക്ക് കാര്യകാരണബന്ധം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് ഞങ്ങൾക്ക് വളരെ ദൈർഘ്യമേറിയ ഒരു ഡാറ്റാ ബേസ് ആവശ്യമാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കൽ പ്രയാസമാണ്. പക്ഷേ, ആഗോള താപനം പ്രേരക ഘടകമാണെന്ന് സൂചിപ്പിക്കുന്നു. ലോകമെമ്പാടും നമ്മൾ കൂടുതൽ കൂടുതൽ തീവ്രമായ സംഭവങ്ങൾ കാണുന്നു. അതിനാൽ ഇത് തീർച്ചയായും ആശങ്കാജനകമാണ്’ -അദ്ദേഹം പറഞ്ഞു.

ഗോഡ്ഡാർഡിലെ ഹൈഡ്രോളജിക്കൽ സയൻസസ് മേധാവിയായ അവരുടെ സഹപ്രവർത്തകൻ ഡോ. മാത്യു റോഡലും ഏറ്റവും പുതിയ ഡാറ്റയെക്കുറിച്ച് ജാഗ്രത പാലിക്കാൻ നിർദേശിച്ചു. ഇത് തീർച്ചയായും ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹവും പറഞ്ഞു.

നാസ ഗവേഷണ പരമ്പരയുടെ ആദ്യഭാഗം 2023ൽ നേച്ചർ വാട്ടറിൽ പ്രസിദ്ധീകരിച്ചിരുന്നു. ദുരിതങ്ങൾ ആകെ ബാധിച്ച പ്രദേശം, സംഭവത്തിന്റെ ദൈർഘ്യം, അത് എത്രത്തോളം നനഞ്ഞതോ വരണ്ടതോ ആയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇവയുടെ ആഘാതം കണക്കാക്കി. കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട അനന്തരഫലങ്ങളിലൊന്ന് ജലവുമായി ബന്ധ​പ്പെട്ടതായിരിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി.

Tags:    
News Summary - Nasa data reveals dramatic rise in intensity of weather events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.