മുട്ടിൽ മരംമുറി: മുൻ വില്ലേജ് ഓഫിസറുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറി കേസിൽ മുട്ടിൽ സൗത്ത് മുൻ വില്ലേജ് ഓഫിസറുടെ സസ്പെൻഷൻ പിൻവലിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. വില്ലേജ് ഓഫിസറായിരുന്ന കെ.കെ. അജിയുടെ സസ്പെൻഷനാണ് പിൻവലിച്ചത്. മരംമുറി വിവാദമായപ്പോൾ വയനാട് കലക്ടർ 2021 ഫെബ്രുവരി 17നാണ് അജിയെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്.

പിന്നീട് വില്ലേജ് ഓഫിസറുടെ സസ്പെൻഷൻ ഉത്തരവ് കലക്ടർ നാലു മാസത്തേക്ക് ദീർഘിപ്പിച്ചിരുന്നു. അതിന്റെ കാലാവധി 2021 ഡിസംബർ 17ന് അവസാനിച്ചു. നിലവിൽ അജി യാതൊരു വിധ ഉത്തരവിന്റെയും പിൻ ബലമില്ലാതെയാണ് സസ്പെൻഷനിൽ തുടരുന്നത്. 2021 ഫെബ്രുവരി 17 മുതൽ (ഒരു വർഷവും ഏഴ് മാസവും) സേവനത്തിൽ നിന്നും പുറത്തു നിൽക്കുകയാണ്.

ഇക്കാര്യത്തിൽ അജി നൽകിയ മറുപടി പ്രകാരം സ്ഥലം ഉടമകളിൽ നിന്നുള്ള ഭീഷണി ഒഴിവാക്കുന്നതിനാണ് സാക്ഷ്യപത്രം ഒപ്പിട്ടു നൽകിയത്. സവിശേഷ സാഹര്യത്തിൽ കൈയേറ്റക്കാരുടെ ഭീഷണിയിൽ നിന്നും രക്ഷപ്പെടാനാണ് നിരാക്ഷേപ പത്രം നൽകിയതെന്നും അജി വാദിച്ചു. എന്നാൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ വില്ലേജ് ഓഫിസർ മേലധികാരികളുടെ നിർദേശങ്ങൾ പാലിക്കാതെയാണ് സാക്ഷ്യപത്രങ്ങൾ നൽകിയതെന്നും അതിനാൽ അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിക്കരുതെന്നും ശിപാർശ ചെയ്തിരുന്നു.

അതേസമയം, സസ്പെൻഷൻ കാലയളവിൽ അജി വളരെ വലിയ തുക ഉപജീവന ബത്തയിനത്തിൽ യാതൊരു സേവനവും ചെയ്യാതെ സർക്കാർ ഖജനാവിൽ നിന്നും കൈപ്പറ്റി. ഈ കേസിൽ അന്വേഷണം പൂർത്തിയായ ശേഷം സസ്പെൻഷൻ പിൻവലിക്കുക എന്നത് സർക്കാരിന് വളരെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കും. അത് പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ റവന്യൂ വകുപ്പ് ഉത്തരവായത്.

മുട്ടിൽ മരം മുറി കേസ് ഇപ്പോഴും അന്വേഷണത്തിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ അജി മാത്രമാണ് സസ്പെൻഷനിൽ തുടരുന്നത്. അജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹരജി സമർപ്പിച്ചിരുന്നു. മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ അജിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. വകുപ്പ് തല അച്ചടക്ക നടപടിയുടെ ഭാഗമായുള്ള ഔപചാരിക അന്വേഷണവും തുടരുകയാണ്. 

Tags:    
News Summary - Mootil tree felling: Mootil South revokes suspension of ex-village officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.