കൊച്ചി: യൂസർ ഫീ ഇല്ലാതെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാലിന്യ ശേഖരണം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ്. സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോയെക്കുറിച്ച് വിശദീകരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ആരെയും യൂസർ ഫീ ഈടാക്കുന്നതിൽനിന്ന് ഒഴിവാക്കാനാകില്ല. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം തദ്ദേശ സ്ഥാപനങ്ങളാണ് പരിഗണിക്കേണ്ടത്. യൂസർ ഫീ നൽകുന്നതോടൊപ്പം ഹരിതകർമ സേനയിലൂടെ മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വന്തമായി പുരയിടമുള്ളവർ ഹരിതകർമ സേനക്ക് യൂസർ ഫീ നൽകി മാലിന്യം നൽകേണ്ടതുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. അജൈവ മാലിന്യം സ്വന്തം പുരയിടത്തിലായാലും കുഴിച്ചിടാനോ കത്തിച്ചുകളയാനോ പറ്റില്ല. അത് ശാസ്ത്രീയമായി സംസ്കരിക്കണം. വളരെ തുച്ഛമായ തുകയാണ് യൂസർ ഫീയായി വാങ്ങുന്നത്. സ്വന്തം വീട്ടിലെ മാലിന്യം സംസ്കരിക്കാൻ ദിവസം 1. 75 രൂപ ഈടാക്കുന്ന മഹാ അപരാധമായാണ് കാണുന്നത്. അതിന്റെ പേരിൽ ഹരിതകർമ സേനക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അംഗീകരിക്കാനാകില്ല. അത്തരം നീക്കങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിനായി സമഗ്ര നിയമനിർമാണവും ചട്ടഭേദഗതികളും സർക്കാറിന്റെ പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു. മേയ് 31ഓടെ സംസ്ഥാനത്ത് പുതിയ 10 മാലിന്യ സംസ്കരണ പ്ലാന്റ് കമീഷൻ ചെയ്യും. രണ്ടുവർഷത്തിനുള്ളിൽ 28 എണ്ണം കൂടി പ്രവർത്തനമാരംഭിക്കും. 22 ഇടങ്ങളിലെ മാലിന്യകേന്ദ്രമായിരുന്ന 45 ഏക്കർ സ്ഥലം ശുചീകരിച്ച് വീണ്ടെടുത്തിട്ടുണ്ട്. - മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.