കെ റെയിൽ: ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ജനകീയ സമിതി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കെ.റെയിൽ ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥരുടെ ഡപ്യൂട്ടേഷൻ കാലാവധി നീട്ടിക്കൊടുത്ത നടപടി ജനങ്ങളോടുള്ള വിവേക രഹിതമായ വെല്ലുവിളിയാണെന്ന് സിൽവർ ലൈൻ വിരുധ ജനകീയ സമിതി. സാമ്പത്തികവും, സാമൂഹികവും പരിസ്ഥിതികവുമായി വിനാശകരമായ സിൽവർ ലൈൻ പദ്ധതി സാങ്കേതികമായി വളരെ പിഴവുകൾ നിറഞ്ഞതും അപ്രായോഗികവുമാണ്.

നാളിതുവരെ യൂനിയൻ റെയിൽവേ മിനിസ്ട്രി അംഗീകാരം നല്കാത്ത, റെയിൽവേ എഞ്ചിനീയറിംഗ് കോഡ് പൂർണമായി ലംഘിച്ച, തത്വത്തിലുള്ള അനുമതിയെ മാത്രം പിൻപറ്റി മുൻപോട്ടു പോകുന്ന പദ്ധതിക്കു വേണ്ടി ഭൂമിയിറ്റെടുക്കാനുള്ള സർക്കാർ നടപടി ഉപേക്ഷിക്കുക. സർക്കാരിന്റെ ഇടപെടലുകളും ധനവിനിയോഗവും അനിവാര്യമായ മുൻഗണന മേഖലകളെ പൂർണമായും അവഗണിച്ചുകൊണ്ട്, കെ റെയിൽ പദ്ധതിക്കു വേണ്ടി നടത്തുന്ന ശത കോടികളുടെ ദുർവ്യയം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി, ഇന്ത്യൻ റെയിൽവേ എന്നീ പൊതു ഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും മറ്റ് ജനക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് സർക്കാരിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനു മുതിരാതെ അസംബന്ധ പദ്ധതികൾക്ക് വേണ്ടി കേരളത്തെ കുട്ടിച്ചോറാക്കാൻ കേരളീയ സമൂഹം അനുവദിക്കില്ലെന്ന് സമിതി ചെയർമാൻ എം പി ബാബുരാജുംജനറൽ കൺവീനർ എസ്.രാജീവനും അറിയിച്ചു.

കെ റെയിലിനു വേണ്ടി സാമൂഹ്യാഘാത പഠനം, ഭൂമിയിറ്റെടുക്കൽ തുടങ്ങിയ ജനവിരുദ്ധ നടപടികളിൽ നിന്നും എത്രയും വേഗം പിന്മാറാൻ സർക്കാർ തയാറാകുക. സമര പ്രവർത്തകർക്കെതിരെ എടുത്തിട്ടുള്ള മുഴുവൻ കള്ളക്കേസുകളും പിൻവലിക്കുക.കേരളത്തിലെ പൊതു സമൂഹവും, ശാസ്ത്ര സാങ്കേതിക പരിസ്ഥിതിക വിദഗ്ധരും കേരളത്തിന്‌ അനുയോജ്യമല്ലെന്നു കൃത്യമായി കണ്ടെത്തിയ ഈ പദ്ധതിയുടെ പേരുപറഞ്ഞു, ലക്ഷത്തിലേറെ ജനങ്ങളുടെ വീടും കൃഷിയിടങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെ കേരളം ഒന്നാകെ പ്രക്ഷോഭ രംഗത്തിറങ്ങുന്ന കാഴ്ചക്കായിരിക്കും ഭാവി സാക്ഷിയാകാൻ പോകുന്നതെന്നും അവർ പറഞ്ഞു. 

Tags:    
News Summary - K Rail: Janaka Samithi says extension of tenure of officials is a challenge to the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.