അന്റാർട്ടിക്കയിലെ ’മഞ്ഞു മോഷ്ടാക്കളെ’ പിടികൂടി ഗവേഷക സംഘം

പുതിയ തരം കുറ്റവാളികൾ ഭൂമിയിൽ അഴിഞ്ഞാടുന്നു. അവർ വലുതാണ്. തണുത്തവരുമാണ്. കഴിഞ്ഞ പതിനെട്ട് വർഷമായി അവർ അന്റാർട്ടിക്കയിൽ തിരക്കിട്ട് ‘മോഷണം’ നടത്തിവരികയാണ്.

‘ദി ക്രയോസ്ഫിയറിൽ’ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അന്റാർട്ടിക്കയിലെ ഒരു ഹിമാനി അതിന്റെ അയൽക്കാരനിൽ നിന്ന് ഐസ് ‘മോഷ്ടിക്കുന്നു’ണ്ടെന്ന് വെളിപ്പെടുത്തുന്നു. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നിരീക്ഷിച്ച ഈ ഐസ് മോഷണം, ഇത്രയും കുറഞ്ഞ കാലയളവിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വലിയ പ്രതിഭാസമാണ്. വാസ്തവത്തിൽ,  ഐസ് പൈറസി’ എന്നറിയപ്പെട്ടിരുന്ന മോഷണം നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണെന്നായിരുന്നു കരുതിയതിരുന്നത്.

‘ഇത്രയും കുറഞ്ഞ കാലയളവിൽ ഐസ് പ്രവാഹങ്ങൾക്ക് പരസ്പരം ഐസ് മോഷ്ടിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അതിനാൽ ഇത കൗതുകകരമായ കണ്ടെത്തലാണ്’- പ്രധാന ഗവേഷകയായ ഹീതർ എൽ.സെല്ലി ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉപഗ്രഹ ഡാറ്റയിൽ നമ്മളിത് കാണുന്നത്​ അതി വേഗത്തിൽ നടക്കുന്നുവെന്നാണ്. ഇത് വളരെ നീണ്ടതും മന്ദഗതിയിലുള്ളതുമായ പ്രക്രിയയാണെന്ന് ഞങ്ങൾ എപ്പോഴും കരുതിയിരുന്നു. എന്നാൽ,18 വർഷത്തിനുള്ളിൽ തന്നെ ഇത് സംഭവിച്ചു.

ഐസിന്റെ ദിശയിലെ ഈ വലിയ മാറ്റത്തിന്റെ കണ്ടെത്തൽ അന്റാർട്ടിക്കയുടെ ഭാവിയും ആഗോള സമുദ്രനിരപ്പിലെ അനുബന്ധ ഉയർച്ചയും മനസ്സിലാക്കുന്നതിനുള്ള ഒരു നിർണായക ഘടകമായി കരുതുന്നു.

എന്താണ് ലീഡ്സ് സർവകലാശാലയിലെ ഗവേഷണ സംഘത്തിന്റെ കണ്ടെത്തൽ?

പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ഹിമപ്രവാഹങ്ങളുടെ വേഗത അളക്കാൻ ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിലുടനീളം മേഖലയിലെ ഏഴ് അരുവികളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിൽ ആറെണ്ണത്തിന്റെ വേഗത ഗണ്യമായി വർധിച്ചതായി കണ്ടെത്തി. ഈ ആറ് അരുവികളും 2022 ൽ പ്രതിവർഷം ശരാശരി 2200 അടിയിൽ കൂടുതൽ വേഗത പ്രാപിച്ചു. ഏഴ് ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമാണിത്.

ഏഴ് അരുവികളിൽ ആറെണ്ണം വേഗത വർധിക്കുന്നതിന്റെ തെളിവുകൾ കാണിച്ചപ്പോൾ, ഒന്നു മാത്രം ശ്രദ്ധേയവും പ്രതീക്ഷിക്കാത്തതുമായ മ​​റ്റൊരു ഡാറ്റ നൽകി. 2005 മുതൽ വേഗത 51 ശതമാനം വർധിച്ച മറ്റ് ഐസ് സ്ട്രീമുകളിൽ നിന്ന് വ്യത്യസ്തമായി ‘കോഹ്ലർ വെസ്റ്റ് ഐസ് സ്ട്രീം’ 10 ശതമാനം മന്ദഗതിയിലായി. കൂടാതെ, ഏഴെണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഐസ് സ്ട്രീം കോഹ്ലർ വെസ്റ്റിന്റെ തൊട്ട് അയൽക്കാരനായ ‘കോഹ്ലർ ഈസ്റ്റ്’ ആയിരുന്നു.

കോഹ്ലർ വെസ്റ്റിന്റെയും കോഹ്ലർ ഈസ്റ്റിന്റെയും ഈ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ഫലമാണ്. പല അന്റാർട്ടിക്ക് ഹിമാനികളും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി സമുദ്രത്തിലേക്ക് വേഗത്തിൽ ഒഴുകുന്നു. ഒരു ഹിമാനിയുടെ ഒഴുക്ക് വേഗത്തിലാകുന്തോറും അതിന്റെ മഞ്ഞ് കൂടുതൽ പരക്കുകയും നേർത്തതായിത്തീരുകയും ചെയ്യും. മറ്റ് ഹിമാനികളിൽ നിന്ന് അത് ഐസ് മോഷ്ടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

‘കോഹ്ലർ ഈസ്റ്റിന്റെ ഐസ് ഘടനയിൽ നിന്നുള്ള​ അരുവി വേഗത്തിൽ ഒഴുകുകയും നേർത്തുവരുകയും ചെയ്യുന്നതിനാൽ, അത് കോഹ്ലർ വെസ്റ്റിൽ നിന്ന് ഐസ് ആഗിരണം ചെയ്യുന്നുവെന്ന് തെളിഞ്ഞു. ഇത് ഫലത്തിൽ ‘ഐസ് പൈറസി’യുടെ ഒരു പ്രവൃത്തിയാണ്. ഇതിലൂടെ ഐസ് പ്രവാഹം ഒരു ഹിമാനിയിൽ നിന്ന് മറ്റൊന്നിലേക്ക് വഴിതിരിച്ചുവിടപ്പെടുന്നു. ​വികസിക്കുന്ന ഹിമാനി അതിന്റെ മന്ദഗതിയിലുള്ള അയൽക്കാരനിൽ നിന്ന് ഐസ് ‘മോഷ്ടിക്കുക’യാണ്’ സെല്ലി പത്രക്കുറിപ്പിൽ പറഞ്ഞു.

ഒരു ആഗോള ആശങ്ക

ഐസ് സ്‍ട്രീമിന്റെ വേഗത ത്വരിതപ്പെടുത്തുന്നത് സമുദ്രനിരപ്പ് ഉയരുന്നതിലേക്ക് നയിച്ചേക്കാം. നിലവിലെ ഡാറ്റ കാണിക്കുന്നത് കഴിഞ്ഞ ദശകത്തിൽ ആഗോള സമുദ്രനിരപ്പ് 10 സെന്റിമീറ്ററിൽ കൂടുതൽ ഉയർന്നിട്ടുണ്ടെന്നാണ്. 2100 ആകുമ്പോഴേക്കും കാലാവസ്ഥയുമായി ബന്ധപ്പെട്ട സമുദ്രനിരപ്പ് ഉയരുന്നത് മൂലം 410 ദശലക്ഷത്തിലധികം ആളുകൾ അപകടത്തിലാകുമെന്ന് കണക്കാക്കപ്പെടുന്നു.

ഐസ് പ്രവാഹ വേഗതയെ ബാധിക്കുന്നതും സമുദ്രതാപനം, സമുദ്രചംക്രമണം, വായു താപനില, മഞ്ഞുവീഴ്ച എന്നിവ പോലുള്ള സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നതുമായ സാഹചര്യങ്ങളിലെ മാറ്റങ്ങൾ ഗവേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഹിമാനികളും ഐസ് ഷെൽഫുകളും പൊങ്ങിക്കിടക്കുന്നിടത്തെ ഗ്രൗണ്ടിംഗ് ലൈനുകൾ നിരീക്ഷിക്കുന്നതിലൂടെ ശാസ്ത്രജ്ഞർക്ക് ഇതിനുള്ള തെളിവുകൾ ശേഖരിക്കാൻ കഴിയുന്നു.

Tags:    
News Summary - Glacier in Antarctica Caught Committing Ice Piracy From Its Neighbor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.