തോട്ടുമുക്കത്തെ കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ നേരത്തെയും മരണങ്ങൾ

കോഴിക്കോട്: തോട്ടുമുക്കം മൈസൂർപറ്റ പാലക്കൽ കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ നേരത്തെയും രണ്ട് മരണങ്ങൾ നടന്നുവെന്ന് റിപ്പോർട്ട്. ശനിയാഴ്ചയും ഒരാൾ മരിച്ചു. 2019ലും 2020ലും ഈ ക്വാറിയൽ മരണങ്ങൾ നടന്നിരുന്നു. 2020 മാർച്ച് ആറിന് രാവിലെ 10ന് പാറത്തോട് പാലക്കൽ ക്രഷർ ഡ്രില്ലിങ് ജോലി ചെയ്യുമ്പോഴാണ് ബിരേന്ദ്ര ഖഡ്ഗ മുന്ന് അടി ഉയരത്തിൽനിന്ന് കയറിലെ പിടി വിട്ട് താഴെ വീണതെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. തലക്ക് ഗുരുതര പരിക്കേറ്റ് കേഴിക്കോട് മെഡിക്കൽകോളജിൽ ചികിൽസയിലിരിക്കെ മാർ11ന് ചികിൽസയിലിരിക്കെ മരിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിലാണ് നേപ്പാൾ സ്വദേശി മരിച്ചുവെന്ന്ആരോപണമുണ്ടായെങ്കിലും മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത് അന്വേഷണം അവസാനിപ്പിച്ചു.

2019 ഏപ്രിൽ 26ന് പാലക്കൽ ക്വാറിയിൽ പണിയെടുത്തുകൊണ്ടിരുന്ന നേപ്പാൾ സ്വദേശി കൃഷ്ണപരിയാർ (26) മരിച്ചു. ക്വാറിക്ക് മുകളിൽനിന്ന് ആരോപൊട്ടിച്ച് അശ്രദ്ധമായി മാറ്റാതെ വെച്ച കല്ല് ദേഹത്ത് വീണുവെന്നാണ് എഫി.ഐ.ആറിൽ രേഖപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ അദ്ദേഹവും മരിച്ചു. ഈ മരണവും സ്ഫോടനത്തെ തുടർന്നാണെന്ന് ആക്ഷേപമുണ്ട്. അന്ന് പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തത്.

ഇവിടെ ഒരു സ്ഥലത്ത് രണ്ട് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടിടത്തും ഒരേ സമയം നിയന്ത്രണമില്ലാതെ വലിയ സ്ഫോടനങ്ങളാണ് നടക്കുന്നത്. പൊടിപടലം ഉയരുന്നത് നാട്ടുകാർക്ക് കാണാം. അശാസ്ത്രീയമായ സ്ഫോടനം കാരണമാണ് മനുഷ്യജീവനുകൾ നഷ്ടപെടുന്നതെന്ന് നാട്ടുകാർ പറയുന്നു. സർക്കാർ സംവിധാനങ്ങളെല്ലാം ക്വാറി ഉടമക്ക് മുന്നിൽ നോക്കുകുത്തിയാണ്. മരണം സംഭവിച്ചാലും അന്വേഷണം പതിവ് ചടങ്ങിൽ അവസാനിക്കും.

മുമ്പ് മരിച്ച രണ്ടുപേരും നേപ്പാൾ സ്വദേശികളായതിനാൽ പരാതിക്കാരുണ്ടാവില്ല. ക്വാറി ഉടമക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിൽ വലിയ സ്വാധീനമുള്ളതിനാൽ എല്ലാം മാഞ്ഞുപോയി. അതിനാൽ നിയമങ്ങളൊന്നും ക്വാറിയിങിന് ബാധകമല്ല. കരിങ്കല്ലിന്റെ ലോഡിന് അനുസരിച്ചാണ് തൊഴിലാളികൾക്ക് കൂലി നൽകുന്നത്. അതിനാൽ ഒരു സ്ഫോടനത്തിൽ കൂടുതൽ പാറ ലഭിക്കാൻ വെടിമരുന്ന് കൂടുതൽ ഉപയോഗിച്ച് വലിയ സ്ഫോടനങ്ങൾ നടത്തുന്നു.

സമീപത്തെ വീടുകളുടെ ഭിത്തികളിൽ അത് വലിയ വിള്ളലുകൾ ഉണ്ടാക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച് പുതിയ വീടുകളുടെ ഭിത്തികൾപോലും വിള്ളൽ വീണ് തകർന്ന സ്ഥിതിയിലാണ്. സമീപവാസികളുടെ പരാതികൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ല. നിയമപരമായി നടപടി സ്വീകരിക്കാനോ സ്ഫോടനങ്ങളെ നിയന്ത്രിക്കാനോ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. പൊലീസ് സംവിധാനം ക്വാറി ഉടമക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്.

2019ലും 2020ലും ഉണ്ടായ പ്രളയത്തെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി ഈ മേഖലയിലെ ക്വാറികളെക്കുറിച്ച് പഠനം നടത്തിയിരുന്നു. പാരിസ്ഥിതികമായി ഇവിടെ ക്വാറികൾ പ്രവർത്തിക്കാൻ കഴിയില്ലെന്ന് അതോറിറ്റി റിപ്പോർട്ടും നൽകി. എന്നാൽ ആ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും ജിയോളജി വകുപ്പ് നൽകിയില്ല. പല പഠനത്തിലും ഉരൾപൊട്ടലിന് സാധ്യതയുള്ള പ്രദേശമായിട്ടാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തിയത്.

എന്നാൽ, ക്വാറിക്ക് പാരിസ്ഥതിക അനുമതിയുണ്ടെന്നാണ് ജിയോളജി ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. അപകടകരമായ പാറ പൊട്ടിക്കലിനെതിരെ കോഴിക്കോട് കലക്ടർക്ക് നിരവധി പരാതികൾ നാട്ടുകാർ നൽകിയിരുന്നു. അതെല്ലാം ജിയോളജി വകുപ്പിന് കൈമാറുകയാണ് കലക്ടർ ചെയ്യുന്നത്. ക്വാറി നടത്തുന്ന നിയമവിരുധ പ്രവർത്തനത്തെക്കുറിച്ച് പരിശോധക്കുന്നതിൽ ജിയോളജിവകുപ്പിലെ ഉദ്യോഗസ്ഥർ അനാസ്ഥ തുടരുകയാണ്. അതാണ് ക്വാറിയിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നതിനു കാരണമാകുന്നത്  എന്നാണ് നാട്ടുകാരുടെ അഭിപ്രായം.    

Tags:    
News Summary - Deaths in Mukkale Karinkal Quarry blast earlier too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.