ലന്താന

അരിപ്പൂക്കളുടെ അധിനിവേശം; കുടിച്ചുതീർക്കുന്നത് കോടിക്കണക്കിന് ലിറ്റർ വെള്ളം! പ്രകൃതിയുടെ താളം തെറ്റിക്കുന്ന ചെടി

പൂന്തോട്ടത്തിന്‍റെ ഭംഗിക്കായി വിദേശത്തുനിന്ന് കൊണ്ടുവന്ന ഒരു ചെടി, കാലക്രമേണ പ്രകൃതിയുടെ ശത്രുവായി മാറിയാലോ? ദക്ഷിണാഫ്രിക്കയിൽ 20 ലക്ഷം ഹെക്ടറിലധികം പ്രദേശത്തേക്ക് പടർന്ന ലന്താനയുടെ കഥ അത്തരമൊരു പാരിസ്ഥിതിക മുന്നറിയിപ്പാണ്. പൂക്കളുടെ മനോഹാരിതയ്ക്കു പിന്നിൽ തദ്ദേശീയ സസ്യജാലത്തിനും ജലസ്രോതസ്സുകൾക്കും ഭീഷണിയൊളിപ്പിച്ച ഈ അധിനിവേശ സസ്യം ഇന്ന് പരിസ്ഥിതി ഗവേഷകർക്ക് വലിയ വെല്ലുവിളിയാവുകയാണ്. പ്രതിവർഷം 9.7 കോടി ഘനമീറ്റർ വരെ ഉപരിതലജലം ഈ സസ്യം വലിച്ചെടുക്കുമെന്നും വിലയിരുത്തലുകളുണ്ട്.

മധ്യ, വടക്കൻ തെക്കേ അമേരിക്കയും കരീബിയൻ ദ്വീപുകളുമാണ് ലന്താന യുടെ ജന്മദേശം. പൂക്കളുടെ ഭംഗി കാരണം അലങ്കാരച്ചെടിയായി വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ച ഈ സസ്യം പിന്നീട് ആവാസവ്യവസ്ഥകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ന് ഏകദേശം 60 രാജ്യങ്ങളിലും ദ്വീപസമൂഹങ്ങളിലുമായി  ലന്താന  കണ്ടെത്തിയിട്ടുണ്ട്. വനങ്ങൾ, പുൽമേടുകൾ തുടങ്ങിയ പ്രദേശങ്ങളിലുള്ള മറ്റ് സസ്യങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന അധിനിവേശ സസ്യമായി ലന്താന മാറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അപകടകാരികളായ 100 അധിനിവേശ ജീവിവർഗങ്ങളുടെ പട്ടികയിലും ലാന്റാന ഉൾപ്പെടുന്നു.

ജലസ്രോതസ്സുകളിലും ജൈവവൈവിധ്യത്തിലും ആഘാതം

2000-ൽ നടത്തിയ പഠനത്തിൽ ലന്താന പ്രതിവർഷം 9.7 കോടി ഘനമീറ്റർ വരെ ഉപരിതലജലം വലിച്ചെടുക്കുമെന്ന് പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ഈ കണക്ക് പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അതീവ ജാഗ്രതയോടെ മാത്രമേ ഇതിനെ കാണാവൂ എന്നും ഗവേഷകർ വ്യക്തമാക്കുന്നു. അധിനിവേശ സസ്യങ്ങൾ അധികമായി ഉൾക്കൊള്ളുന്ന ആകെ ജലത്തിന്റെ ഏകദേശം മൂന്ന് ശതമാനമാണ് ലാന്റാന ഉപയോഗിക്കുന്നത്. അക്കേഷ്യ വിഭാഗത്തിലെ ചില മരങ്ങളും പൈൻ മരങ്ങളും ഉൾപ്പെടെയുള്ള മറ്റ് അധിനിവേശ സസ്യങ്ങൾ ഇതിലും കൂടുതൽ ജലം ഉപയോഗിക്കുന്നുണ്ട്.

അമിത ജലം വലിച്ചെടുക്കുന്നതിനപ്പുറം ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന ആഘാതമാണ് ലാന്റാനയെ കൂടുതൽ ആശങ്കാജനകമാക്കുന്നത്. 2004-ലെ പഠനത്തിൽ വിലയിരുത്തിയ അധിനിവേശ സസ്യങ്ങളിൽ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കാൻ ലാന്റാനയ്ക്ക് കൂടുതൽ കഴിയുമെന്നാണ് പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കേണ്ട ഒന്നാം വിഭാഗമായ കാറ്റഗറി 1ബി പട്ടികയിലാണ് ലന്താനയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലന്താനയുടെ വ്യാപനം തടയാൻ ദക്ഷിണാഫ്രിക്ക വർഷങ്ങളായി വിവിധ മാർഗങ്ങൾ പരീക്ഷിച്ചുവരുന്നുണ്ട്. ജൈവനിയന്ത്രണത്തിനായി 23 വർഷത്തിനിടെ 30 നിയന്ത്രണ ഘടകങ്ങളെ ഗവേഷകർ വിലയിരുത്തി. ഇതിൽ ഏഴെണ്ണം അനുയോജ്യമാണെന്ന് കണ്ടെത്തിയെങ്കിലും അഞ്ചെണ്ണത്തിന് മാത്രമാണ് ഫലപ്രദമായത്. എന്നിട്ടും ഇതിലൂടെ ലാന്റാനച്ചെടികളെ പൂർണമായി നശിപ്പിക്കാനോ അവയുടെ വളർച്ച തടയാനോ സാധിച്ചിട്ടില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ചരിത്രരേഖകൾ പരിശോധിച്ച ശേഷം ലാന്റാനയെ ഉന്മൂലനം ചെയ്യാൻ സർക്കാറുകൾ വ്യാപകമായ നടപടികൾ സ്വീകരിച്ചെങ്കിലും അവയ്ക്ക് പരിമിതമായ വിജയം മാത്രമാണ് ലഭിച്ചത്. അതിനാൽ ഒറ്റത്തവണയുള്ള ഉന്മൂലനത്തിന് പകരം സാഹചര്യങ്ങൾക്കനുസരിച്ച് തുടർച്ചയായി നിയന്ത്രണരീതികൾ മാറ്റേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അലങ്കാരച്ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഭംഗി മാത്രമല്ല, പ്രാദേശിക ആവാസവ്യവസ്ഥയിലുണ്ടാക്കാവുന്ന ആഘാതവും പരിഗണിക്കണമെന്ന മുന്നറിയിപ്പാണ് ലന്താനയുടെ വ്യാപനം നൽകുന്നത്.

 
Tags:    
News Summary - The Ecological Danger of Lantana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.