രാജ്യത്ത് ജലസംഭരണം 31ശതമാനം കുറവ്; ദക്ഷിണേന്ത്യയിൽ ജലക്ഷാമ ഭീഷണി
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിച്ചിട്ടും രാജ്യത്തെ പ്രധാന ജലസംഭരണികളിൽ ആവശ്യത്തിന് വെള്ളമില്ല. രാജ്യത്തെ 178 പ്രധാന ജലസംഭരണികളിലായി ആകെ സംഭരണശേഷിയുടെ 31.42 ശതമാനം വെള്ളം ഇനിയും നിറയാനുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് സാധാരണയേക്കാൾ ഏറെ താഴ്ന്നത് വരും മാസങ്ങളിലെ ജലലഭ്യത സംബന്ധിച്ച് ആശങ്ക ഉയർത്തുന്നു.
കേന്ദ്ര ജല കമ്മിഷൻ ഒക്ടോബർ 15ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 178 ജലസംഭരണികളിലായി 126.717 ബില്യൺ ക്യുബിക് മീറ്റർ (BCM) വെള്ളമാണ് നിലവിലുള്ളത്. ഇത് ആകെ ഉപയോഗയോഗ്യമായ സംഭരണശേഷിയുടെ 68.58 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണത്തെ ജലസംഭരണം 41.193 BCM അഥവാ 24.53 ശതമാനം കുറവാണ്. കഴിഞ്ഞ പത്ത് വർഷത്തെ ശരാശരി സംഭരണനിലയേക്കാൾ 24.930 BCM അഥവാ 16.44 ശതമാനം കുറവുമുണ്ട്.
ഇടുക്കിയിൽ സാധാരണ സംഭരണത്തിന്റെ 10.62%
ദക്ഷിണേന്ത്യയിലെ പല പ്രധാന അണക്കെട്ടുകളിലും സ്ഥിതി ആശങ്കാജനകമാണ്. തമിഴ്നാട്ടിലെ അളിയാർ അണക്കെട്ടിൽ സാധാരണ സംഭരണനിലയുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളമില്ലാത്ത സ്ഥിതിയാണ്. ആന്ധ്രപ്രദേശിലെ സോമശിലയിൽ 22.05 ശതമാനവും ശ്രീശൈലത്ത് 33.64 ശതമാനവുമാണ് സാധാരണ സംഭരണത്തിന്റെ തോത്.
തമിഴ്നാട്ടിലെ മേട്ടൂരിൽ 32.49 ശതമാനവും കേരളത്തിലെ ഇടുക്കിയിൽ 10.62 ശതമാനവും മാത്രമാണ് സാധാരണ സംഭരണനിലയുമായി താരതമ്യം ചെയ്യുമ്പോഴുള്ള നിലവിലെ സംഭരണം. കേരളത്തിലെ പെരിയാറിൽ 46.43 ശതമാനമാണ് സംഭരണം.
കർണാടകയിലെ ഘടപ്രഭ, തുംഗഭദ്ര, ഷോളയാർ അണക്കെട്ടുകളിലും സാധാരണയേക്കാൾ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജയക്വാടി, ഉജാനി, മഞ്ജ്ര, ലോവർ ടെർണ തുടങ്ങിയ അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നു.
കാവേരിയിൽ 60.50% കുറവ്
നദീതടം അടിസ്ഥാനമാക്കിയുളള കണക്കുകളിലും ദക്ഷിണേന്ത്യയിലെ ജലക്ഷാമത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ്. കാവേരി നദീതടത്തിൽ സാധാരണ സംഭരണനിലയേക്കാൾ 60.50 ശതമാനവും പെണ്ണാർ നദീതടത്തിൽ 72.32 ശതമാനവും കുറവാണ്. കൃഷ്ണയിൽ 32.59 ശതമാനവും സബർമതിയിൽ 38.03 ശതമാനവുമാണ് കുറവ്.
അതേസമയം നർമദ നദീതടത്തിൽ സാധാരണയേക്കാൾ 7.81 ശതമാനവും മഹാനദിയിൽ 2.95 ശതമാനവും സ്വർണരേഖയിൽ 30.74 ശതമാനവും അധിക ജലസംഭരണമുണ്ട്. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട 20 ജലസംഭരണികളിൽ 12 എണ്ണത്തിലും സംഭരണം സാധാരണ നിലയിലോ അതിന് താഴെയോ ആണ്. ജലസംഭരണിയിലെ കുറവ് കുടിവെള്ള വിതരണം, ജലസേചനം, വൈദ്യുതി ഉൽപ്പാദനം എന്നിവയെ വരും മാസങ്ങളിൽ ബാധിക്കാനുള്ള സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.