ആന്റാർട്ടിക്കയിലെ ‘ഡൂംസ്‌ഡേ മഞ്ഞുമല’ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉരുകുന്നു; സമുദ്രനിരപ്പ് ഇരട്ടിയായി ഉയർന്നേക്കാമെന്ന് പഠനം

അന്റാർട്ടിക്ക: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ ഗുരുതരമാക്കുമെന്ന ആശങ്ക ഉയർത്തി അന്റാർട്ടിക്കയിലെ ‘ഡൂംസ്‌ഡേ ഗ്ലേസിയർ’. ബ്രിട്ടന്റെ ഏകദേശം വലുപ്പമുള്ള ത്വൈറ്റ്സ് മഞ്ഞുമല പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉരുകുകയാണെന്നും 2100ഓടെ സമുദ്രനിരപ്പ് ഉയർത്താൻ കാരണമാകുമെന്നും കാലിഫോർണിയ സർവകലാശാലയിലെയും നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെയും ഗവേഷകർ മുന്നറിയിപ്പ് നൽകി.

സി.എൻ.എൻ റിപ്പോർട്ട് ചെയ്ത പഠനമനുസരിച്ച്, ചൂടുള്ള സമുദ്രജലം ത്വൈറ്റ്സ് മഞ്ഞുമലയുടെ അടിയിലേക്ക് കിലോമീറ്ററുകളോളം തുളച്ചുകയറുകയാണ്. ഇത് മഞ്ഞുമലയുടെ അടിഭാഗത്തെ മഞ്ഞുരുകൽ വേഗത്തിലാകും. പരമ്പരാഗത ഹിമപാളി മാതൃകകൾ വേണ്ടത്ര പരിഗണിക്കാതിരുന്ന ഈ പ്രക്രിയ മഞ്ഞുമലയുടെ സ്ഥിരതയെ ബാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

യു.കെയുടെ അത്രയും വലിപ്പമുള്ള ഈ മഞ്ഞുമല പൂർണമായി തകർന്നുവീണാൽ ആഗോള സമുദ്രനിരപ്പ് ഏകദേശം 65 സെന്റിമീറ്റർ വരെ ഉയരാൻ ഇടയാക്കും. നിലവിൽ ആഗോള സമുദ്രനിരപ്പ് ഉയരുന്നതിന്റെ നാല് ശതമാനത്തിനും കാരണം ഈ മഞ്ഞുമലയിലെ മഞ്ഞുരുകലാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രജലം ചൂടാകുമ്പോൾ അത് മഞ്ഞുമലയുടെ അടിയിലേക്ക് എത്തി കനം കുറക്കും. ഇത് കരഭാഗത്തുനിന്ന് കടലിലേക്ക് മഞ്ഞ് ഒഴുകിയെത്തുന്ന വേഗത വർധിപ്പിക്കും. കൂടാതെ, മഞ്ഞുമലയുടെ അടിത്തറ ഉൾഭാഗത്തേക്ക് പോകുന്തോറും കൂടുതൽ ആഴത്തിലാകുന്നത് സമുദ്രജലം ഉള്ളിലേക്ക് കടക്കാൻ വഴിയൊരുക്കുന്നു.

അന്റാർട്ടിക്കയിൽ ഏറ്റവും വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന മഞ്ഞുമലകളിലൊന്നാണ് ത്വൈറ്റ്സ്. ആഗോള സമുദ്രനിരപ്പ് ഉയരുന്നതിൽ വലിയ പങ്കുവഹിക്കുന്നതിനാലാണ് ഇതിനെ ‘ഡൂംസ്‌ഡേ ഗ്ലേസിയർ’ അഥവാ ‘വിനാശദിന മഞ്ഞുമല’ എന്ന് വിശേഷിപ്പിക്കുന്നത്.

മഞ്ഞുമലയുടെ പിൻവാങ്ങൽ സമീപത്തുള്ള മറ്റ് മഞ്ഞുമലകളുടെ സ്ഥിരതയെയും ബാധിക്കാം. അങ്ങനെ സംഭവിച്ചാൽ പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ വിശാലമായ ഹിമപാളിയിൽനിന്ന് സമുദ്രത്തിലേക്ക് ഒഴുകുന്ന മഞ്ഞിന്റെ അളവ് വർധിക്കാനും സാധ്യതയുണ്ട്. ഇതിന്റെ പ്രത്യാഘാതം സമുദ്രനിരപ്പിൽ മാത്രം ഒതുങ്ങില്ല. വലിയ അളവിൽ ശുദ്ധജലം ദക്ഷിണ സമുദ്രത്തിൽ എത്തുന്നത് ജലത്തിന്റെ ഉപ്പുരസത്തിലും സാന്ദ്രതയിലും മാറ്റമുണ്ടാക്കാം. സമുദ്രജലത്തിന്റെ സഞ്ചാരത്തെയും ചൂടിന്റെയും പോഷകങ്ങളുടെയും വിതരണത്തെയും ഇത് ബാധിക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം മഞ്ഞുമലയുടെ പിൻവാങ്ങൽ വേഗത്തിൽ തടയാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ട ഇടപെടലുകളൊന്നും നിലവിലില്ലെന്ന് ഗവേഷകർ പറയുന്നു. അതിനാൽ ആഗോള താപനം പരിമിതപ്പെടുത്തുന്നതിനൊപ്പം സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളും അനിവാര്യമാണ്. തീരസംരക്ഷണം ശക്തിപ്പെടുത്തുക, വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികൾ മെച്ചപ്പെടുത്തുക, കണ്ടൽക്കാടുകൾ പോലുള്ള പ്രകൃതിദത്ത തീരസംരക്ഷണ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന നടപടികൾ. 

Tags:    
News Summary - Britain-sized Doomsday Glacier is melting faster than feared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.