ബ്രഹ്മപുരം ദുരന്തം : ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് ജനജാഗ്രത സംഗമം

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രത്തിലെ അഗ്നിബാധക്കും വിഷവാതക പുക വ്യാപന ദുരന്തത്തിനും യഥാർഥ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ജനജാഗ്രത സംഗമം. കൊച്ചിയെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ ചേർന്ന ജനജാഗ്രതാ സംഗമം ആവശ്യപ്പെട്ടു. സംഗമം പ്രഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

അഗ്നിബ്രഹ്മപുരത്തെ തീയും പുകയും മലിനമാക്കിയ മണ്ണും വെള്ളവും അടിയന്തരമായ പരിശോധന നടത്തേണ്ടതുണ്ട്. അതിൽ അടങ്ങിയിട്ടുള്ള ഡയോക്സിൻ, ഫ്യൂറാൻ പോലെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വാതകങ്ങൾ ഏതളവിൽ, ഏതൊക്കെ ദിശയിൽ പടർന്നു എന്ന് കാലാവസ്ഥാ (കാറ്റിന്റെ ഗതി) പഠനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനും പ്രദേശത്ത് ആ സമയത്ത് ഉണ്ടായിരുന്ന മനുഷ്യരിൽ ഇതു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും സർക്കാർ നടപടി സ്വീകരിക്കണം.

മാരകമായ രോഗങ്ങളുടെ പിടിയിലേയ്ക്ക് എറിഞ്ഞു കൊടുക്കപ്പെട്ട ജനങ്ങൾക്ക് ആവശ്യമായ ചികിത്സയും ധനസഹായവും നൽകണമെന്നും അതീവ പരിസ്ഥിതി ലോല പ്രദേശമായ കടമ്പ്രയാറിന്റെ കരയിലെ ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രം അടച്ചുപൂട്ടണമെന്നും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

ഭാവിയിൽ അധികൃതരുടെ നീക്കങ്ങൾ നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കാനും സർക്കാരിൽ സമർദ്ദം ചെലുത്താനും ഒരു ജന ജാഗ്രതാ സമിതിക്ക് സംഗമം രൂപം നൽകി. സംഗമത്തിൽ പ്രഫ. ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. എം.പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി.

ഡോ. എബ്രഹാം വർഗീസ്, പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, പ്രഫ. ജോർജ്ജ് ജോസഫ്, അഡ്വ. ഷെറി ജെ. തോമസ്, വിളപ്പിൽശാല സമര സമിതി നേതാവ് ജി.ആർ.സുഭാഷ്, പ്രഫ. സൂസൻ ജോൺ, ടൂറാ നേതാവ് വി.സി ജയേന്ദ്രൻ, കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന പ്രസിഡൻറ് എം.പി ബാബുരാജ് നേതാക്കളായ വിനു കുര്യാക്കോസ്, സിന്ധു ജയിംസ്, മാരിയ അബു, കൂത്താട്ടുകുളം നഗരസഭാംഗം പി.ജി. സുനിൽകുമാർ, ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ജില്ലാ ചാപ്റ്റർ പ്രസിഡന്റ് കെ.എസ് ഹരികുമാർ, TM വേണുഗോപാൽ, സാബു പരിയാരത്ത്, സി.ബി.അശോകൻ, കുരുവിള മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Brahmapuram Tragedy: State Govt to be held responsible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.