കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്നുണ്ടായ പേമാരിയിലും പ്രളയത്തിലും ശ്രീലങ്കയിൽ വൻ നാശനഷ്ടം. രാജ്യത്തുടനീളം ഇതുവരെ 123 പേർ മരിച്ചതായാണ് റിപ്പോർട്ട്. 130 പേരെ ഇപ്പോഴും കാണാതായതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. രക്ഷാദൗത്യം വേഗത്തിലാക്കാൻ ശ്രീലങ്കൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആൾനാശത്തിനു പുറമെ അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശമുണ്ടാക്കി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യൻ തീരപ്രദേശത്തേക്ക് പ്രവേശിച്ചതായി കാലാവസ്ഥാ ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിലും കനത്ത മഴയും അതിവേഗ കാറ്റും മൂലമുള്ള പരോക്ഷ ആഘാതം കുറച്ചുകലത്തേക്ക് നിലനിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ അതുല കരുണനായകെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കനത്ത മഴയിൽ വീടുകൾ തകർന്നതിനെ തുടർന്ന് 43,995 പേരെ സർക്കാർ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുകൊണ്ട് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഡയറക്ടർ ജനറൽ സമ്പത്ത് കൊട്ടുവേഗോഡ പറഞ്ഞു.
സായുധ സേനയുടെ സഹായത്തോടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിൽ ആശയവിനിമയ തകരാറുകൾ സംഭവിച്ചതിനാൽ ദുരന്തത്തിന്റെ ആഘാതം സ്ഥിരീകരിക്കുന്നതിൽ തടസ്സമുണ്ടായി.
കാലാവസ്ഥാ സംവിധാനത്തിന്റെ പ്രത്യാഘാതങ്ങൾ ദിവസങ്ങൾക്കു മുമ്പേ അനുഭവപ്പെട്ടെങ്കിലും ബുധനാഴ്ചയോടെയാണ് ചുഴലിക്കാറ്റ് കരയിൽ ആഞ്ഞടിച്ചത്. ഇത് ദ്വീപിലുടനീളം റെക്കോർഡ് മഴക്ക് കാരണമായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ വഷളാവുകയും കൊളംബോയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്ന കെലാനി നദിയുടെ തീരത്ത് താമസിക്കുന്നവർക്ക് അധികൃതർ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു.
‘ഓപ്പറേഷൻ സാഗർ ബന്ധു’: വെള്ളപ്പൊക്കം ബാധിച്ച ശ്രീലങ്കയിലേക്ക് ഇന്ത്യയുടെ 12 ടൺ സഹായം
ന്യൂഡൽഹി: 12 ടൺ മാനുഷിക സഹായവുമായി സി 130ജെ വിമാനം കൊളംബോയിൽ ഇറങ്ങിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. നൂറിലേറെ പേരുടെ ജീവൻ അപഹരിച്ച ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയെ സഹായിക്കുന്നതിനായി വെള്ളിയാഴ്ച ആരംഭിച്ച ഇന്ത്യയുടെ ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന്റെ ഭാഗമായാണിത്. ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, റെഡി-ടു ഈറ്റ് ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 12 ടൺ മാനുഷിക സഹായവുമായി വിമാനം കൊളംബോയിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.