മുംബൈ: ലോകത്തെ എക്കാലത്തെയും മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ബോളിവുഡ് നടൻ ഷാറൂഖ് ഖാനെ തെരഞ്ഞെടുത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ ‘എമ്പയർ’. പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യൻ നടനാണ് ഷാറൂഖ്. നടന്റെ മാനേജർ പൂജ ദഡ്‍ലാനിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 1989 മുതൽ പ്രസിദ്ധീകരിക്കുന്ന മാഗസിനാണ് ‘എമ്പയർ’.
2023 ഫെബ്രുവരി ലക്കത്തിന് വേണ്ടിയാണ് വായനക്കാരോട് മികച്ച 50 അഭിനേതാക്കളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. ഡെൻസൽ വാഷിങ്ടൺ, ടോം ഹാങ്ക്സ്, മർലിൻ മൻറൊ, റോബർട്ട് ഡി നീറോ, ടോം ക്രൂസ്, ലിയനാഡോ ഡി കാപ്രിയോ, സാമുവൽ ജാക്സൺ, ജാക്ക് നിക്കോൾസൺ, ആന്റണി ഹോപ്കിൻസ്, ഗാരി ഓൾഡ്മാൻ, ചാർലീസ് തെറോൺ, കേറ്റ് വിൻസ്‍ലറ്റ്, മോർഗൺ ഫ്രീമാൻ, നിക്കോൾ കിഡ്മാൻ തുടങ്ങിയവരടങ്ങുന്ന പട്ടികയിലാണ് ഷാറൂഖ് ഖാനും ഉൾപ്പെട്ടത്.
1992ൽ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാറൂഖ് ബോളിവുഡിൽ അരങ്ങേറിയത്. തുടർന്ന് നിരവധി ഹിറ്റുകളിലൂടെ ബോളിവുഡിൽ ‘കിങ് ഖാൻ’ എന്ന വിശേഷണത്തിനർഹനായി. ഷാറൂഖ് നായകനായെത്തിയ ‘ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ’ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രം. സ്വദേശ്, ചക്ദെ ഇന്ത്യ, മൈ നെയിം ഈസ് ഖാൻ, ദിൽതോ പാഗൽ ഹെ, കഭി ഖുഷി കഭി ഗം, കുച്ച് കുച്ച് ഹോത്താ ഹേ, കൽ ഹൊ നാ ഹോ... തുടങ്ങി നിരവധി ഹിറ്റുകൾ ബോളിവുഡിന് സമ്മാനിച്ച ഷാറൂഖിന് ലോകത്താകമാനം നിരവധി ആരാധകരാണുള്ളത്.
സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘പത്താൻ’ ആണ് അടുത്തതായി തിയറ്ററിൽ എത്തുന്ന ഷാറൂഖ് ചിത്രം. ഇതിനകം വിവാദങ്ങൾക്ക് തിരികൊളുത്തിയ ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ അബ്രഹാം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.