മകന്റെ ആദ്യ ചിത്രത്തിന് വഴിമാറി; വിജയ്-തൃഷ ചിത്രത്തിന്റെ റീ-റിലീസ് മാറ്റിവെച്ചു

ചെന്നൈ: തമിഴ് താരം വിജയ്‌യും തൃഷയും പ്രധാന വേഷങ്ങളിലെത്തി തരംഗമായി മാറിയ 'തിരുപ്പാച്ചി' എന്ന ചിത്രത്തിന്റെ റീ-റിലീസ് മാറ്റിവെച്ചു. വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വിതരണക്കാരായ തിരുപ്പതി ഫിലിംസ് റീ-റിലീസ് നീട്ടിവെക്കാൻ തീരുമാനിച്ചത്.

ഒക്ടോബർ ഒന്നിന് തിരുപ്പാച്ചി തിയറ്ററുകളിലെത്തിക്കുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ജേസൺ സഞ്ജയിന്റെ അരങ്ങേറ്റ ചിത്രം 'സിഗ്മ' ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. പുതിയ സിനിമകളെയും യുവ അണിയറപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് റീ-റിലീസ് തിയ്യതി മാറ്റിയതെന്ന് വിതരണക്കാർ അറിയിച്ചു.

നേരത്തെ 'ജനനായകൻ' എന്ന ചിത്രവുമായുള്ള ബോക്സ് ഓഫീസ് പോരാട്ടം ഒഴിവാക്കാൻ 'സിഗ്മ'യുടെ റിലീസ് തീയതി മാറ്റിവെച്ചിരുന്നു.

സംവിധായകൻ പേരരശിന്റെ കന്നി ചിത്രമായി 2005-ലെ പൊങ്കൽ റിലീസായെത്തിയ 'തിരുപ്പാച്ചി' വലിയ വാണിജ്യ വിജയമാണ് നേടിയത്. മല്ലിക, പശുപതി, മനോജ് കെ. ജയൻ, കോട്ട ശ്രീനിവാസ റാവു, ലിവിങ്സ്റ്റൺ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രം പിന്നീട് തെലുങ്കിൽ 'അന്നവരം' എന്ന പേരിലും കന്നഡയിൽ 'തങ്കിഗാഗി' എന്ന പേരിലും പുനർനിർമിക്കപ്പെട്ടു.

തമിഴ്‌നാട്ടിൽ റീ-റിലീസ് നീട്ടിയെങ്കിലും, മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബർ രണ്ടിന് വിദേശ രാജ്യങ്ങളിൽ തിരുപ്പാച്ചി പ്രദർശനത്തിനെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Vijay’s 'Thirupaachi' Re-release Postponed to Support Son Jason Sanjay's Debut Film 'Sigma'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.