'നിർമിത ബുദ്ധി' കാരണം ജോലി നഷ്ടപ്പെട്ട ആദ്യത്തെയാൾ ആരായിരിക്കും? 'ടോം ആൻഡ് ജെറി'യിലെ ടോം ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ

നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്-എ.ഐ) ലോകത്തെ നിയന്ത്രിക്കുന്ന കാലത്തിലേക്കാണ് നാം നീങ്ങുന്നത്. നിർമിത ബുദ്ധിയുടെ പലതരത്തിലുള്ള പ്രായോഗിക രൂപങ്ങൾ മനുഷ്യന്‍റെ പ്രവർത്തനങ്ങളെ ആയാസകരവും ലളിതവുമാക്കുന്നുണ്ട്. എന്തു ചോദിച്ചാലും മറുപടി തരുന്ന 'ചാറ്റ്ജി.പി.ടി' പോലുള്ള സങ്കേതങ്ങൾ നിർമിത ബുദ്ധിയുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.


നിർമിതബുദ്ധി ഉപയോഗിച്ച് യാഥാർഥ്യമാക്കുന്ന റോബോട്ടുകൾ വരുംകാലത്ത് മനുഷ്യന്‍റെ പകരക്കാരായി പല തൊഴിൽ മേഖലകളും കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്. റെസ്റ്ററുന്‍റകളിലും മറ്റ് നിരവധി മേഖലകളിലും റോബോട്ടുകൾ ജോലി ചെയ്യുന്ന വിവരം പുതുമയുള്ളതല്ല.


എന്നാൽ, മറ്റൊരു തരത്തിൽ മനുഷ്യന് ഭീഷണി സൃഷ്ടിക്കുകയാണ് നിർമിത ബുദ്ധി. അതിൽ ഏറ്റവും പ്രധാനം മനുഷ്യന്‍റെ തൊഴിൽ വൈദഗ്ധ്യവും സേവനവും ആവശ്യമുള്ള എല്ലാ മേഖലയിലും റോബോട്ടുകൾ വരുമ്പോൾ മനുഷ്യനെ ആവശ്യമല്ലാതാകുമോയെന്ന ഭീതിയാണ്. അത്തരത്തിലുള്ള ആശങ്കകൾ പല കോണുകളിൽ നിന്നായി ഉയരുന്നുണ്ട്.


റോബോട്ടുകൾ കാരണം ആദ്യമായി ജോലി നഷ്ടപ്പെട്ട വ്യക്തി ആരായിരിക്കും? ഇതിന് കൃത്യമായൊരു മറുപടിയൊന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രസകരമായൊരു വിഡിയോ ചൂണ്ടിക്കാട്ടുന്നത് പ്രശസ്ത കാർട്ടൂൺ പരമ്പരയായ ടോം ആൻഡ് ജെറിയിലെ പൂച്ചയായ ടോം ആണ് നിർമിതബുദ്ധി കാരണം ആദ്യമായി ജോലി നഷ്ടപ്പെട്ട വ്യക്തിയെന്നാണ്. 60 വർഷം മുമ്പ് 'ടോം ആൻഡ് ജെറി' പരമ്പരയിൽ പുറത്തിറങ്ങിയ ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് രസകരമായ ഈ വാദം.

വിഡിയോ കാണാം... 


ടോമിന് പകരക്കാരനായി ഒരു റോബോട്ട് പൂച്ചയെ വീട്ടുകാർ കൊണ്ടുവരുന്നതാണ് വിഡിയോയിൽ ചിത്രീകരിച്ചത്. റോബോട്ട് പൂച്ചക്ക് ഭക്ഷണം നൽകേണ്ടെന്നത് മെച്ചമായി വീട്ടുകാർ കാണുന്നു. ജെറി എലിയെ പിടിക്കാൻ നിർദേശം കൊടുത്തതും റോബോട്ട് പൂച്ച കൃത്യമായി എലിയെ പിടിച്ച് വീട്ടിന് പുറത്തുകളയുകയാണ്. റോബോട്ട് പൂച്ച വന്നതോടെ തന്‍റെ പണി പോയി എന്ന് മനസിലാക്കിയ ടോം വീട് വിട്ട് പോകുന്നതാണ് വിഡിയോ. ഐ.എ.എസ് ഓഫിസറായ സുപ്രിയ സാഹു ഉൾപ്പെടെ നിരവധി പേർ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 

Tags:    
News Summary - Old Video From 'Tom And Jerry' Predicted Use Of Artificial Intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.