അർജിത് സിങും ശ്രേയ ഘോഷാലും
മുംബൈ: ബോളിവുഡ് സംഗീത ലോകത്തെ പ്രിയ താരം അരിജിത് സിങിന്റെ പിന്നണി ഗാനരംഗത്ത് നിന്നുള്ള ഇടവേളക്ക് പിന്നാലെ, തന്റെ നിലപാട് വ്യക്തമാക്കി പ്രിയ ഗായിക ശ്രേയ ഘോഷാൽ. സിനിമകൾക്ക് വേണ്ടി പാടുന്നത് അവസാനിപ്പിക്കാനുള്ള അരിജിത്തിന്റെ തീരുമാനം ധീരമാണെന്നും ചിലപ്പോഴൊക്കെ തനിക്കും സംഗീതത്തിൽനിന്ന് ഇത്തരമൊരു ഇടവേളയെടുക്കാൻ തോന്നാറുണ്ടെന്നും ശ്രേയ വെളിപ്പെടുത്തി. എ.ബി.പി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്.
സിനിമകൾക്കായി പുതിയ പാട്ടുകൾ ഏറ്റെടുക്കില്ലെന്ന അരിജിത് സിങിന്റെ പ്രഖ്യാപനത്തെ ശ്രേയ അഭിനന്ദിച്ചു. "അദ്ദേഹം വളരെ ധീരമായ ഒരു തീരുമാനമാണ് എടുത്തത്. എനിക്കും ചിലപ്പോഴൊക്കെ ഒരു ബ്രേക്ക് എടുക്കണമെന്ന് തോന്നാറുണ്ട്. അരിജിത് ഹൃദയം കൊണ്ട് പാടുന്ന ഒരു സംഗീതജ്ഞനാണ്. എന്തിന് സംഗീതം ചെയ്യുന്നു എന്നോ അതിൽനിന്ന് എന്ത് കിട്ടും എന്നോ അദ്ദേഹം ചിന്തിക്കാറില്ല. അദ്ദേഹത്തിന് സന്തോഷം നൽകുന്നത് അദ്ദേഹം ചെയ്യുന്നു," ശ്രേയ പറഞ്ഞു.
സ്റ്റേജ് ഷോകളിൽ പാടുന്നതിന് പകരം വായനനക്കി അഭിനയിക്കുന്ന രീതിയെ ശ്രേയ രൂക്ഷമായി വിമർശിച്ചു. തത്സമയ പരിപാടികളിൽ ഇത്തരത്തിൽ ചെയ്യുന്നത് തനിക്ക് ചിന്തിക്കാനാവില്ലെന്നും അത്തരമൊരു സാഹചര്യം വന്നാൽ അന്ന് താൻ പാടുന്നത് അവസാനിപ്പിക്കുമെന്നും ശ്രേയ മുന്നറിയിപ്പ് നൽകി. "എന്റെ ശബ്ദം എന്നെ തുണക്കുന്നിടത്തോളം കാലം ഞാൻ തത്സമയം തന്നെ പാടും. ജനങ്ങൾക്ക് പ്രചോദനവും ആശ്വാസവും നൽകാനാണ് ഒരു കലാകാരൻ വേദിയിലെത്തുന്നത്. അത് ആത്മാർഥമായിരിക്കണം," ശ്രേയ കൂട്ടിച്ചേർത്തു.
ഇടവേളയെക്കുറിച്ച് സംസാരിച്ചെങ്കിലും ശ്രേയ ഇപ്പോഴും സംഗീത ലോകത്ത് സജീവമാണ്. നിലവിൽ 'ഇന്ത്യൻ ഐഡൽ' സീസൺ 16ൽ വിധികർത്താവായി എത്തുന്ന താരം തന്റെ 'അൺസ്റ്റോപ്പബിൾ വേൾഡ് ടൂർ' എന്ന സംഗീത പരിപാടിയുടെ തയാറെടുപ്പിലുമാണ്. ഇന്ത്യക്ക് പുറമെ യു.എസ്, യു.കെ, അബുദാബി എന്നിവിടങ്ങളിലും പരിപാടികൾ നടക്കും.ഇരുപത് ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ശ്രേയാ ഘോഷാലിന്റെ ഈ തുറന്നുപറച്ചിൽ സംഗീത ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.