ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; ഇന്ത്യയിലെ എ.വി.ജി.സി മേഖലയിൽ വൻ നിക്ഷേപം

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ സ്റ്റുഡിയോയായ ഐലൈൻ സ്റ്റുഡിയോസ് ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ് എ.വി.ജി.സി മേഖലയിലെ നെറ്റ്ഫ്ലിക്സിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ഈ രംഗത്തെ മികച്ചൊരു ദീർഘകാല നിക്ഷേപം കൂടിയാണിത്.

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്ന സ്‌ട്രേറ്റേജിയുടെ ഭാഗമായാണ് ഈ നീക്കം. അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ, വെർച്വൽ പ്രൊഡക്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിലൂടെ ആഗോള പ്രൊഡക്ഷൻ രംഗത്തെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറും എന്ന് ഉറപ്പിക്കാം. ഐലൈൻ സ്റ്റുഡിയോസ് സി.ഇ.ഒ ജെഫ് ഷാപ്പിറോ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, വാർത്ത വിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഇന്ത്യൻ നടനും നിർമാതാവുമായ റാണ ദഗ്ഗുബാട്ടി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഹൈബ്രിഡ് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓഫിസ് 32,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾക്കും ജനറേറ്റീവ് വെർച്വൽ ഇഫക്റ്റുകൾക്കും ആവശ്യമായ ലോകോത്തര സാങ്കേതിക സൗകര്യങ്ങൾ ഇവിടെയുണ്ട്. ഒപ്പം ജീവനക്കാരുടെ ക്രിയേറ്റിവിറ്റിക്കും ക്ഷേമത്തിനും എല്ലാം മുൻഗണന നൽകുന്ന ആധുനികമായ പ്രവർത്തന സാഹചര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ലോസ് ഏഞ്ചൽസ്, വാൻകൂവർ, സിയോൾ, ലണ്ടൻ എന്നിവക്ക് ശേഷം ഐലൈൻ സ്റ്റുഡിയോസിന്റെ ലോകത്തെ അഞ്ചാമത്തെ കേന്ദ്രമാണ് ഹൈദരാബാദിലേത്. ഐലൈനിന്റെ ആഗോള ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോ ലോകമെമ്പാടുമുള്ള സിനിമകളുടെയും മറ്റും വിഷ്വൽ സ്റ്റോറിടെല്ലിങ്ങിൽ നിർണായക പങ്കുവഹിക്കും. കൃത്യമായ നയങ്ങളും നൈപുണ്യ വികസനത്തിലുള്ള ശ്രദ്ധയും കാരണം ക്രിയേറ്റീവ് ടെക്നോളജിയിലെ ആഗോള ഹബ്ബായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.

ഐലൈൻ സ്റ്റുഡിയോസ് വരുന്നതോടെ ആഗോള നിലവാരത്തിലുള്ള പ്രൊഡക്ഷൻ രീതികളും അത്യാധുനിക ഉപകരണങ്ങളും ഇന്ത്യയിലെ കലാകാരന്മാർക്ക് ലഭ്യമാകും. ഹൈദരാബാദിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിലും പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും വലിയൊരു ദീർഘകാല നിക്ഷേപമാണ് ഐലൈൻ ലക്ഷ്യമിടുന്നത്. 

Tags:    
News Summary - Netflix Opens Eyeline Studios in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.