'വഴിദീപമെരിയുന്ന നാളചുവപ്പിൻ നിറം...'; 'കരം' സിനിമയിലെ ആദ്യ വിഡിയോ ഗാനം പുറത്ത്

മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം കരത്തിലെ 'വെൽകം ടു ലെനാർക്കോ...' എന്ന ആദ്യ വിഡിയോ ഗാനം പുറത്ത്. നായകൻ നോബിൾ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനുമാണ് ഗാനരംഗത്തിലുള്ളത്. ഷാൻ റഹ്മാൻ ഈണം നൽകി അനു എലിസബത്ത് ജോസ് എഴുതിയിരിക്കുന്ന 'വഴിദീപമെരിയുന്ന നാളചുവപ്പിൻ നിറം...' എന്ന് തുടങ്ങുന്ന ഗാനം കെ.എസ്. ഹരിശങ്കർ, ഇസബെൽ ജോർജ്ജ്, മെഗിഷ രാജ്ദേവ്, അനെറ്റ് സേവ്യർ, അരുന്ധതി പി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്.

ആകാംക്ഷയും വിസ്മയവും നിറക്കുന്ന ഒട്ടേറെ രംഗങ്ങളുമായി 'കരം' സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്.

‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സി.ഐ.ഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ‌ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിലും ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടന്നത്.

ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകൻ കെ. മധുവിന്‍റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊ‍ഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർ.ഒ ആതിര ദിൽജിത്ത്.

Tags:    
News Summary - Welcome To Lenarco - Video song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.