വി​ദ്യാ​ധ​ര​ൻ മാ​സ്റ്റർ

പാട്ടുകൊണ്ട് അറിയപ്പെടുന്ന പടങ്ങൾ

‘വീണപൂവ്' കൂടുതൽ ഓടിയില്ല, എന്നാൽ ‘നഷ്ടസ്വർഗങ്ങളേ...' എന്ന പാട്ട് ഇപ്പോഴും പലരുടെയും ചുണ്ടത്തുണ്ട്. സംഗീതലോകത്ത് മാറിവരുന്ന പ്രവണതകളെയും, അഭിരുചികളെയും അതിജീവിച്ച് 1983 മുതൽ ഈ ഗാനം പുതുമയിലൊട്ടും പിറകിലാകാതെ നിലനിൽക്കുന്നു. എല്ലാം പങ്കിടുന്ന പ്രണയം പോലെ, പങ്കിടേണ്ടതെല്ലാം ഇല്ലാതാവുമ്പോഴുള്ള പ്രണയഭംഗവും ഉദാത്തമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ ഗാനം. സംഗീത സംവിധായകൻ  വിദ്യാധരൻ മാസ്റ്റർ സംസാരിക്കുന്നു.

‘സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം...’ എന്നു തുടങ്ങി, ‘കർമ പ്രപഞ്ചത്തിൽ ജീവിതയാത്രയിൽ നമ്മളെ നമ്മൾക്കായ് പങ്കുവെക്കാം...’ എന്നവസാനിക്കുന്ന പ്രശസ്ത ചലച്ചിത്രഗാനം വൈവാഹിക ബന്ധത്തിന്റെ അന്തഃസാരമാണെന്നതിൽ സംശയമില്ല. അനുവദിച്ചതെല്ലാം ഒരുമിച്ചനുഭവിക്കുന്നതാണ് പ്രായോഗിക പ്രണയമെന്ന് ഈ വരികൾ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു.

‘കാണാൻ കൊതിച്ച്’ അല്ലേ, പടം എന്ന് വിദ്യാധരൻ മാഷോട് ചോദിച്ചു.

‘‘അതെ’’ മാഷ് പറഞ്ഞു.

ഇങ്ങനെ ഒരു പടം റിലീസായിട്ടില്ല, ആരും കണ്ടിട്ടുമില്ല. പക്ഷേ, ഭാസ്കരൻ മാസ്റ്ററുടെ വരികൾ യേശുദാസും ചിത്രയും പാടിയത് നിത്യഹരിതം.

‘‘എന്നാണ് മാഷ് ഈ പാട്ടിന് സംഗീതം നൽകിയത്?’’

‘‘1985ൽ’’

‘‘അപ്പോൾ, 37 വർഷം മുമ്പ്...’’

‘‘അതെ. ഇപ്പോഴും പുതിയ തലമുറയും പഴയ തലമുറയും ഏറെ താൽപര്യത്തോടെ ഈ പാട്ട് കേൾക്കുന്നു, പാടുന്നു. കുറച്ചുദിവസം മുമ്പ് ഞാനീ പാട്ടു കേട്ടിരുന്നു. തൃശൂർ സെന്റ് തോമസ് കോളജിലെ ക്രിസ്മസ് പരിപാടികളുടെ ഉദ്‌ഘാടന ചടങ്ങിന് ആൺപിള്ളേരും പെൺപിള്ളേരും ഒരുമിച്ചുനിന്നു പാടുന്നു. ’’

റേഡിയോ ചാനലുകളിലും സ്റ്റേജ് പരിപാടികളിലും ഏറ്റവും കൂടുതൽ ശ്രോതാക്കൾ ഇപ്പോഴും ആവശ്യപ്പെടുന്നതാണ് ഈ ഗാനമെന്ന് ഈയിടെ ഒരു സർവേയിൽ വായിച്ചിരുന്നു. കല്യാണ കവറേജുകളിൽ കാൽനൂറ്റാണ്ടുകാലമെങ്കിലും ഇതായിരുന്നു ടൈറ്റിൽ സോങ്! കാസറ്റ് പോയി സി.ഡിയും പെൻഡ്രൈവും വന്നെങ്കിലും നാട്ടിൻപുറങ്ങളിൽ ‘സ്വപ്നങ്ങളൊക്കെയും...’ അന്നത്തെപോലെ ഇന്നും ഒരു വൈവാഹിക അർഥബോധനം!

"ഇത്തരം പാട്ടുകൾ പണ്ടു ചെയ്തതുകൊണ്ടല്ലേ, ഇപ്പോഴും ഞാൻ ഇങ്ങനെ കഴിഞ്ഞു പോണത്..."

ലോഹിതദാസിന്റെ പ്രഥമ തിരക്കഥയിൽ സുകു മേനോൻ തുടങ്ങിവെച്ച ഈ പടത്തിന്റെ ഷൂട്ടിങ് തന്നെ തുടങ്ങിയില്ല, ഈ പാട്ടു മാത്രം റിലീസായി, പടം 'കാണാൻ കൊതിച്ച്' ഇപ്പോഴും എല്ലാവരും കാത്തിരിക്കുന്നു! പക്ഷേ, ഈ പാട്ടിലൂടെ, മാഷൊരു സംഗീത സെലിബ്രിറ്റിയായി!

"അതു പോരേ?"

മതി, മാഷേ...

ഒരു പടം കൂടുതൽ ഓടുന്നതുകൊണ്ടാണ് അതിലെ പാട്ടുകൾ ഏറെ പ്രസിദ്ധമാകുന്നതെന്നാണ് പൊതു ധാരണ. എന്നാൽ, മാഷുടെ പല പാട്ടുകളും അവയുള്ള സിനിമകളെക്കുറിച്ച് എല്ലാവരുമറിയാൻ കാരണമാകുന്നു!

'നഷ്ടസ്വർഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നൽകി...' ശ്രീകുമാരൻ തമ്പി രചിച്ച കാവ്യഗംഭീരവും അർഥ സമ്പുഷ്ടവുമായ വരികൾ. ദാസേട്ടന്റെ റേഞ്ച് തെളിയിക്കുന്ന ആലാപനം. മാഷുടെ മികവുറ്റ സംഗീത സംവിധാനം! ഈ ഗാനം ഏതു പടത്തിലെയാണെന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പടം, 'വീണപൂവ്', സംവിധായകൻ അമ്പിളി, പലരും ആദ്യമായി അറിയുന്നു. 'വീണപൂവ്' കൂടുതൽ ഓടിയില്ല, എന്നാൽ ഈ പാട്ട് ഇപ്പോഴും പലരുടെയും ചുണ്ടത്തുണ്ട്. സംഗീതലോകത്ത് മാറിവരുന്ന പ്രവണതകളെയും അഭിരുചികളെയും അതിജീവിച്ച് 1983 മുതൽ ഈ ഗാനം ഇന്നും പുതുമയിലൊട്ടും പിറകിലാകാതെ നിലനിൽക്കുന്നു. എല്ലാം പങ്കിടുന്ന പ്രണയം പോലെ, പങ്കിടേണ്ടതെല്ലാം ഇല്ലാതാവുമ്പോഴുള്ള പ്രണയഭംഗവും ഉദാത്തമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ ഗാനം. നഷ്ടസ്വർഗങ്ങളേക്കാൾ നൊസ്റ്റാൾജിയ ഉളവാക്കുന്ന മറ്റൊന്നുമില്ല ഈ പാരിൽ.

‘തമ്പി സാറിന്റെ ജീവിതഗന്ധികളായ പ്രണയഗാനങ്ങൾക്ക് ആയിരം അർഥങ്ങളാണ്’...മാഷ് ആവേശം കൊണ്ടു.

അതെ, കാണാൻ കൊതിച്ചിട്ടും കാണാൻ കഴിയാതെ വരുമ്പോൾ വാടി വീഴാത്തതായി, പൂവല്ല, എന്തെങ്കിലുമുണ്ടോ? തമ്പി സാർ ഒരു ഗാനരചയിതാവുമാത്രമല്ല, ഒരു പ്രണയസാഹിത്യ-സംഗീത വൈജ്ഞാനികനുമാണ്!

‘കാണാൻ കൊതിച്ച്’ പിന്നെ, ‘വീണപൂവ്’... എന്നാൽ, ഞാൻ പറയട്ടെ, എന്റെ സംഗീതം ജനങ്ങളറിയാൻ സിനിമയുടെ സഹായം വേണമെന്നില്ല. ആ പാട്ടുകൾ തന്നെയാണ് അവയെ പ്രസിദ്ധമാക്കുന്നത്!

മാഷ് കാര്യം പറഞ്ഞു. മാത്രവുമല്ല, ചിലപ്പോൾ മാഷുടെ പാട്ടുകൊണ്ടാണ് ഇങ്ങനെയൊരു പടമുണ്ടെന്നുതന്നെ പലരുമറിയുന്നത്!

"അതെ!"

എന്നാൽ, 'അച്ചുവേട്ടന്റെ വീട്' അൽപം വ്യത്യാസമുണ്ട്, മാഷേ...

"എങ്ങനെ?"

മാഷുടെ പാട്ടും ബാലചന്ദ്രമേനോന്റെ പടവും ഒരുപോലെ ഹിറ്റ്...

"ഹാ... ഹാ... അതു ശരിയാണ്!"

'കാണാൻ കൊതിച്ച്' വിളിച്ചോതുന്നത് ഒരു മാതൃക ദാമ്പത്യമാണെങ്കിൽ അച്ചുവേട്ടന്റേത് ഒരു വീടിന്റെ അത്യുത്തമ മാതൃകയാണ്.

ചന്ദനം മണക്കുന്ന പൂന്തോട്ടം,

ചന്ദ്രിക മെഴുകിയ മണിമുറ്റം...

ഉമ്മറത്തമ്പിളി നിലവിളക്ക്,

ഉച്ചത്തിൽ സന്ധ്യക്കു നാമജപം,

ഹരിനാമജപം...

വസന്തങ്ങൾ താലമേന്തി നിൽക്കുന്ന, വരദാനം പൂക്കളമെഴുതുന്ന, മക്കൾ മൈഥിലിമാരായി വളരുന്ന അച്ചുവേട്ടന്റെ വീട്ടിൽ, മാസ്റ്ററുടെ സംഗീതം അതിവിശിഷ്‌ടം!

"താങ്ക്സ്!"

മാത്രവുമല്ല, ഈ ഗാനം മാഷുടെ നാടിന്റെ പൈതൃകം വിളിച്ചോതുന്നു. ഗ്രാമീണ സംഗീതങ്ങളുടെ വേരുകൾ ആഴത്തിലോടിയ മണ്ണാണ് ആറാട്ടുപുഴയിൽ ഉള്ളതെന്നത് പഴയ അറിവ്.

"അതെ."

മൂവായിരത്തിലേറെ വർഷം പഴക്കമുള്ള ആറാട്ടുപുഴ അയ്യപ്പക്ഷേത്രത്തിൽ, നൂറ്റിയെട്ട് ആനകൾ അണിനിരക്കുന്ന പൂരം! രണ്ടായിരത്തിൽപരം വർഷം മുമ്പുമുതൽതന്നെ ഇന്നുകാണുന്ന പ്രൗഢിയിൽ അവിടെ ദേവമേള ഉത്സവം അരങ്ങേറിവരുന്നു. തൃശൂർ, പെരുവനം മുതലായ പൂരങ്ങളുടെയെല്ലാം മുൻഗാമി.

"അതെ, കേരളത്തിലെ സർവ പൂരങ്ങളുടെയും മാതാവാണ് ആറാട്ടുപുഴ പൂരം! പൂരമെന്ന വാക്കുതന്നെ പിറവികൊണ്ടത് ഈ മണ്ണിലാണ്," തന്റെ കുടുംബക്ഷേത്രത്തിന്റെ നേർമുന്നിൽനിന്നുകൊണ്ട് മാഷ് അഭിമാനംകൊണ്ടു!

സംഗീത പാരമ്പര്യം?

"സംഗീതരസത്തിൽ പ്രാചീന സംസ്കാരം ഉൾക്കൊള്ളുന്ന പുള്ളുവൻപാട്ട്, കളമെഴുത്തുപാട്ട്, നാഗംപാട്ട്, കൊയ്ത്തുപാട്ട്, തോറ്റംപാട്ട് മുതലായവയെല്ലാം ആറാട്ടുപുഴ ഗ്രാമത്തിലാണ് വളർന്നു തനതു പാരമ്പര്യം കൈവരിച്ചത്."

ഒരു കാര്യം പറഞ്ഞോട്ടെ, മാഷേ...

"പറയൂ..."

അച്ചുവേട്ടന്റെ വീട്ടിലെ ഹൃദ്യമായ ആ പാട്ടു കേൾക്കുമ്പോൾ, ഒരു ആറാട്ടുപുഴയുടെ ചുവ...

"ഉണ്ടോ?"

അങ്ങനെ തോന്നുന്നു, മാഷേ...

ഏതാണ് ആ ഗാനത്തിന്റെ രാഗം?

"ബാഗേശ്രീ‌. ഹിന്ദുസ്ഥാനിയിൽ ലളിത സംഗീതത്തിനുപയോഗിക്കുന്നാണ് ഈ രാഗം."

അങ്ങനെയാണെങ്കിൽ, ഈ പാട്ടു ശ്രവിക്കുമ്പോൾ അനുഭവപ്പെടുന്ന ആ സരളതയും എളിമയുമൊക്കെ തികച്ചും സ്വാഭാവികമാണ്. സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങൾ അശിക്ഷിതമാണെങ്കിലും, നേരിട്ട് അനുഭവിച്ചറിയുന്നു അതിന്റെ അനുഭൂതി!

"ഞാൻ സിനിമാഗാനത്തിനായി ‘ബാഗേശ്രീ‌’ ഈ ഒരൊറ്റ പാട്ടിനു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ..."

ഓ...

'കാലികൾ കുടമണിയാട്ടുന്ന തൊഴുത്തിൽ

കാലം വീടുപണി ചെയ്യേണം...

സൗന്ദര്യം മേൽക്കൂര മേയുമീ വീട്ടിൽ

സൗഭാഗ്യം പിച്ചവെച്ചു നടക്കേണം...'

രമേശൻ നായരുടെ ഹൃദയഹാരിയായ വരികൾ! അർഥം ലളിതം, ഈണം മോഹനം. ഈ ഗാനം ലളിതഗാനങ്ങളുടെ ലാവണ്യം തൊട്ടറിഞ്ഞിട്ടുള്ള ദാസേട്ടൻ തന്നെ ആലപിക്കണമായിരുന്നു. ഇതു ചിട്ടപ്പെടുത്താൻ 'ബാഗേശ്രീ‌' തന്നെയാണ് ഏറ്റവും ഉചിതമായ രാഗമെന്നും ശ്രോതാക്കൾ തിരിച്ചറിയുന്നു.

പിന്നെ അധികം താമസിച്ചില്ല. മെലഡിയേയും ഗ്രാമീണതയേയും ഒപ്പത്തിനൊപ്പം പ്രണയിച്ചവർ ഒന്നു നിർണയിച്ചു-എൺപതുകൾ മലയാള സിനിമക്കു സമ്മാനിച്ച ഏറ്റവും പ്രതിഭാശാലിയായ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ! സ്വയം പാടിയും, മറ്റുള്ളവർക്കു പാടാനായി പാട്ടു ചിട്ടപ്പെടുത്തിയും അര നൂറ്റാണ്ടുകാലം മാഷ് ഇവിടെയുണ്ട്.

തുടക്കം ഒന്നു പറയാമോ?

"മുത്തച്ഛനിൽനിന്ന് (കൊച്ചക്കനാശാൻ) അൽപം സംഗീതം പഠിച്ചിരുന്നു. ഇരിങ്ങാലക്കുടയിലും തൃശൂരിലും പോയി കൂടുതൽ പഠിച്ചു. നാട്ടിൽ പരിപാടികൾ നടക്കുമ്പോൾ, സംഘാടകർ വന്ന് എന്നെ കൊണ്ടുപോകും, പാടിക്കാൻ. സൈക്കിളിന്റെ തണ്ടിലിരുത്തിയാണ് എന്നെ കൊണ്ടുപോകുക. സംഗീതത്തിൽ കമ്പം കയറി ഒരു ദിവസം മദ്രാസിലേക്കു ഒളിച്ചോടി. ജി. ദേവരാജൻ മാസ്റ്ററുടെ മുന്നിലെത്തി. അദ്ദേഹം എനിക്ക് കോറസ് പാടാൻ ചാൻസ് തന്നു. അതിന് 25 രൂപ പ്രതിഫലം കിട്ടി. മാസ്റ്ററുടെ നിർദേശമനുസരിച്ചു നാട്ടിലേക്കു തിരിച്ചുവന്ന് സംഗീതപഠനം തുടർന്നു. പരിപാടികൾക്കായി അർജുനൻ മാസ്റ്ററുടെ കൂടെ ഹാർമോണിയപ്പെട്ടി തലയിൽ ചുമന്നു നടന്നു. ആയിടക്ക്, സിനിമയിൽ ആദ്യത്തെ അവസരം തേടിവന്നു. ശ്രീമൂലനഗരം വിജയന്റെ ‘എന്റെ ഗ്രാമം’ എന്ന പടത്തിനുവേണ്ടി.’’

കൽപാന്തകാലത്തോളം... അല്ലേ, മാഷേ...?

’’അതെ...’’

‘കൽപാന്തകാലത്തോളം

കാതരേ നീയെൻ മുന്നിൽ

കൽഹാര ഹാരവുമായ്‌ നിൽക്കും

കല്യാണരൂപനാകും കണ്ണന്റെ കരളിനെ

കവർന്ന രാധികയേപ്പോലെ...’

വിജയൻ പേനയിൽ മഷിക്കു പകരം തേൻ നിറച്ച് എഴുതിയതാണിതെന്ന് ആരോ അഭിപ്രായപ്പട്ടിരുന്നു!

"അതെ, മാധുര്യമുള്ള വരികൾ."

ദാസേട്ടൻ പാടിയപ്പോഴത് ഇരട്ടിമധുരമായി!

"മറ്റു മൂന്നു പാട്ടുകളും ഹിറ്റുതന്നെയാണ്."

അറിയാം... വാണി ജയറാം, അമ്പിളി, ആന്റോ മുതലായവർ പാടിയത്.

‘‘ശ്രോതാക്കളുടെ ഇഷ്ടങ്ങൾ മാറുന്നു. സംഗീത ലോകത്തുള്ളവർ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകണം. ഞാൻ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. അതിനാൽ, മഹാമാരിക്കാലത്തുപോലും എനിക്കു വെറുതെ ഇരിക്കേണ്ടിവന്നിട്ടില്ല. ജനപ്രീതി നേടിയ നിരവധി ആൽബങ്ങൾ ചെയ്തു. സംഗീതത്തിന്റെ എളിയ ഒരു ഉപാസകനായി ഇന്നും മുന്നോട്ടുപോകുന്നു’’ -മാഷ് പറഞ്ഞുനിർത്തി.

Tags:    
News Summary - vidyadharan master Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT