സ്കൂളിൽ പോവാൻ ഇഷ്ടമില്ലാത്ത, ഫിഷ് ടാങ്കിൽ നിന്ന് മീൻ മോഷ്ടിച്ച ആ കുട്ടിയിന്ന് ലോകമറിയുന്ന പാട്ടുകാരനാണ്

ജിയാഗഞ്ച്! കുതിരവണ്ടികളും റിക്ഷകളും തെരുവിലൂടെ സമയം തെറ്റി പായുന്ന കൊൽക്കത്തയിലെ ചെറിയ തെരുവ്. ഓടകൾ തുറന്നു കിടക്കുന്ന പഴയ പാത.  അവിടെയുള്ള ഒരു വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു.  അവൻ പിന്നീട് ലോകത്തോളം വളർന്നു. എന്നിട്ടും അവിടെ നിന്ന് എങ്ങോട്ടും പോവാനാഗ്രഹിച്ചില്ല. ലോകമിപ്പോൾ ആ വീടി​ന്റെ വാതിൽക്കലേക്ക് വരുന്നു.

അവന്റെ പേര് അരിജിത് സിങ്! ഇന്ത്യൻ കൗമാര യുവത്വങ്ങളെ തന്റെ സംഗീത സാമ്രാജ്യത്തിലൂടെ കയ്യിലെടുക്കുന്ന പ്രതിഭ! അവന്റെ പാട്ടുകൾ അവരെ സന്തോഷിപ്പിക്കുന്നു, കരയിക്കുന്നു...അതിനൊത്ത് അവർ ചുവടുകൾ വെക്കുന്നു. മ്യൂസിക് സ്​ട്രീമിങ് ആപ്പായ ‘സ്​പോട്ടിഫൈ’യിൽ വൻ ഹിറ്റുകൾ തീർക്കുന്നു. ഒരൊറ്റ ദിവസത്തേക്കെങ്കിലും ‘സ്​പോട്ടിഫൈ’യിൽ ലോകത്തിലെ ഏറ്റവും പോപുലർ ആയ പാട്ടുകാരി ടെയ്‍ലർ സിഫ്റ്റിന്റെ കസേര അരിജിത് തെറിപ്പിച്ച് ആ സ്ഥാനത്ത് ഉപവിഷ്ടനായി.


അങ്ങനെ സംഗീതത്തിന്റെ കൊടുമുടിയിൽ നിൽക്കവെ, സെലിബ്രിറ്റികളുടെ മുംബൈ വിട്ട് തന്റെ സ്വന്തം ജന്മദേശമായ ജിയാഗഞ്ചിലേക്കു തന്നെ മടങ്ങാൻ അവൻ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബറിൽ ലോക പ്രശസ്തനായ ഡച്ച് ഡി.ജെ മാർട്ടിൻ ഗാരിക്സ് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ബ്രിട്ടീഷ് പാട്ടുകാരനായ എഡ്‍വാർഡ് ക്രിസ്റ്റഫർ ഷീറാൻ അരിജിത്തിന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് ബംഗാളിലെ ആ പഴയ തെരുവിലൂടെ അർധരാത്രിയിൽ ഒരു സുരക്ഷയുമില്ലാതെ കറങ്ങി. സ്ഥാനങ്ങളോ ​പ്രശസ്തിയോ പണമോ ഒന്നും ഗൗനിക്കാതെ ഇന്ത്യയുടെ യുവ ഗായകൻ സ്വന്തം നാടിന്റെ തുടിപ്പുകളിൽ നിന്ന് സംഗീതത്തെ ആവാഹിക്കുന്ന കാഴ്ചയാണിത്.

ആ നാടുമായി അരിജിതിനുള്ള ബന്ധം അത്ര ആഴത്തിലുള്ളതാണ്. ലാഹോറിൽ നിന്നും പത്തു കിലോമീറ്റർ ദൂരെയുള്ള ഒരു ​ഗ്രാമത്തിൽനിന്നുള്ളയാളായിരുന്നു അരിജിതിന്റെ മുത്തശ്ശൻ.  ബംഗാളിലെ ബെർഹാംപൂരിലെ പതിവു സന്ദർശകനായിരുന്നു അദ്ദേഹം. വിശ്വാസിയായ അദ്ദേഹം അവിടുത്തെ നദിയിൽ സ്നാനം നടത്തി. ബെഡ്ഷീറ്റ് വിൽപനയായിരുന്നു തൊഴിൽ. ജിയാഗഞ്ചിലെത്തിയ അദ്ദേഹം ആ സ്ഥലത്ത് ആകൃഷ്ടനായി. പിന്നീട് ഇന്ത്യ വിഭജന വേളയിൽ ലാഹോറിൽ നിന്ന് കുടുംബവുമൊത്ത് അതിർത്തി കടക്കേണ്ടി വന്നു.  നേരത്തെ തന്നെ ഇഷ്ടം​ തോന്നിയ ജിയാഗഞ്ചിൽ താമസമാക്കി. ആ കുടുംബം അവിടെ പല തൊഴിലുകൾ ചെയ്തു.


അരിജിത്തിന്റെ പിതാവ് സുരീന്ദറും അമ്മാവൻ ഗുർ ദയാലും അവിടെ ഒരു റെസ്റ്റോറന്റ് നടത്തി ഉപജീവനം കഴിച്ചു. അരിജിത്തിന്റെ മുത്തശ്ശി അവിടെയുള്ള ഗുരുദ്വാരയിൽ കീർത്തനങ്ങൾ ആലപിക്കുമായിരുന്നു. ബംഗാളിയായ അമ്മയും നല്ല പാട്ടുകാരിയായിരുന്നു. അവർ സംഗീത ക്ലാസിൽ പോവു​മ്പോഴെല്ലാം അരിജിത്തിനെയും കൂടെ കൊണ്ടുപോയി. അങ്ങനെ ചെറുപ്പം തൊട്ടേ അദ്ദേഹത്തിനൊപ്പം സംഗീതം കൂടെയുണ്ടായിരുന്നു. സ്കൂളിലെ എല്ലാ സംഗീത പരിപാടികളിലും അരിജിത് പ​ങ്കെടുക്കും. 

കുഞ്ഞു അരിജിത് പാടുന്നത് കേൾക്കാൾ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഗുരുവായ ബിരേന്ദ്ര പ്രസാദ് ഹസാരി പറയുന്നു. ഈ കാലത്തിനിടക്ക് ആയിരക്കണക്കിന് വിദ്യാർഥികളെ താൻ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ പ്രതിഭാധനനായ ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് ഹസാരി സാക്ഷ്യപ്പെടുത്തുന്നു. അരിജിത്തിന്റെ അമ്മയും തന്റെ ശിഷ്യയായിരുന്നുവെന്നും അവരും നല്ല പാട്ടുകാരിയായിരുന്നുവെന്നും ഹസാരി പറയുന്നു. ‘അമ്മയെ പാട്ടു പഠിപ്പിക്കുമ്പോൾ അരിജിത് എന്റെ മടിയിൽ ഇരിക്കും. അരിജിത് അദ്ദേഹത്തിൽ നിന്ന് പാട്ടിനു പുറമെ തബലയും ഹാർമോണിയവും പഠിച്ചു.


ജിയാഗഞ്ചിലെ രാജാ ബിജയ് സിങ് മന്ദിർ സ്കൂളിലെ ക്ലാസുകൾ കട്ട് ചെയ്തുകൊണ്ട് അരിജിത് ഹസാരിയുടെ അടുത്ത് ചെല്ലുമായിരുന്നു. അവൻ സ്കൂളിനെ ഇഷ്ടപ്പെട്ടില്ല. അവന് വീട്ടിലെ റൊട്ടി നല്ല ഇഷ്ടമായിരുന്നു - ഹസാരിയുടെ പത്നി ആ നാളുകൾ ഓർത്തെടുത്തു. ചില സമയങ്ങളിൽ നല്ല വികൃതിയുമായിരുന്നു. ഒരിക്കൽ വീട്ടിൽ നിന്ന് എന്തോ എടുത്ത് പോക്കറ്റിലിട്ട് വിളിച്ചിട്ടും നിൽക്കാതെ ഓടിക്കളഞ്ഞു. നോക്കി​യ​പ്പോൾ ഞങ്ങളുടെ വീട്ടിലെ ഫിഷ് ടാങ്കിൽ നിന്നുള്ള മീനുകളിൽ ചിലത് കാണാനില്ല. അവന്റെ വീട്ടിലെത്തിയപ്പോൾ അമ്മക്ക് എന്തോ പന്തികേട് തോന്നി. പോക്കറ്റ് നനഞ്ഞിരിക്കുന്നത് കണ്ടു. നോക്കിയപ്പോൾ മീനുകളാണ്. അവയെയും കൊണ്ട് അവനെ തിരിച്ചയച്ചു. അതിൽ ചിലത് ചത്തു പോയി. ചിലത് ഭാഗ്യത്തിന് അതിജീവിച്ചു. ഇങ്ങനെയൊക്കെയായിരുന്നു ചില നേരത്തെ അവന്റെ വികൃതികൾ. എന്നാലും അവൻ വന്ന വഴികൾ മറന്നില്ലെന്ന് ഗുരു പത്നി ചിരിച്ചുകൊണ്ട് പറയുന്നു.

സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ അവനെ നാട്ടുകാർ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ലോകത്തോളം വളർന്ന കലാകാരനെ ഒരു നോക്കു കാണാൻ കുട്ടികൾ അടക്കമുള്ളവർ ഇപ്പോൾ ആ തെരുവിൽ കാത്തു നിൽക്കുന്നു. ജിയാഗഞ്ച് ലൈനിലെ രണ്ടാമത്തെ മൂന്നു നിലകളുള്ള കെട്ടിടത്തിലെ മുകൾ നിലയിലാണ് അദ്ദേഹത്തിന്റെ താമസം. ചെറിയ തെരുവിലേക്ക് തുറക്കുന്ന ധാരാളം ജനലുകൾ ഉള്ള കെട്ടിടത്തിന്റെ ബാൽക്കണി പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവിടെ അദ്ദേഹം മിക്ക രാത്രികളിലും തന്റെ സംഗീത ലോകത്ത് ചെലവഴിക്കുന്നു.


വീടിനു മുന്നിൽ സി.സി.ടി.വി കാമറകൾ ഉ​ണ്ടെങ്കിലും സുരക്ഷയൊന്നുമില്ലാതെ ആ തെരുവിലൂടെ ലോകമറിയുന്ന ഗായകൻ തന്റെ സ്കൂട്ടറുമെടുത്ത് പഴയ അരിജിത് ആയി തന്നെ മാർക്കറ്റിലേക്കും മറ്റും യാത്ര ചെയ്യുന്നു. ദാദ ഒരു നല്ല മനുഷ്യനാണെന്നും വളരെ എളിമയുള്ള ആളാണെന്നും എല്ലാവരോടും കുശല വർത്തമാനങ്ങൾ പറയുമെന്നും നാട്ടുകാർ അനുഭവ സാക്ഷ്യം പറയുന്നു. തങ്ങളിലൊളായി എളിമയോടെ ഇവിടെ ജീവിക്കുന്ന അരിജിതിനെ കുറിച്ച് അവരിൽ പ്രായമായവർക്കുപോലും എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല. 

Tags:    
News Summary - The boy who didn't want to go to school and stole fish from the fish tank is now a world-famous singer.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.