ഇന്ത്യൻ സംഗീത മേഖലയിലെ ജനപ്രിയ ഗായകനായിരുന്നു മുഹമ്മദ് റഫി. അദ്ദേഹം തന്റെ കരിയറിൽ ഉടനീളം ആരോടും ആവസരങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്നിട്ടും സഹപ്രവർത്തകർ കാരണം ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അസൂയയും അരക്ഷിതാവസ്ഥയും കാരണം ലത മങ്കേഷ്‌കറും ആശ ഭോസ്‌ലെയും റഫിയുടെ കരിയറിനെ അട്ടിമറിച്ചുവെന്ന് അദ്ദേഹത്തിന്റെ മകൻ ഷാഹിദ് റഫി ആരോപിച്ചു. പത്രപ്രവർത്തകനായ വിക്കി ലാൽവാനിയുമായുള്ള ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവിന് ഗായകന്മാരുമായി യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല, എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് തികച്ചും വ്യത്യസ്തമായിരുന്നെന്ന് ഷാഹിദ് പറഞ്ഞു. 'റഫി സാബ് തങ്ങളെക്കാൾ മുകളിലാണെന്ന് അവർ അസൂയപ്പെട്ടു. എല്ലാവരും താഴെയായിരിക്കണമെന്ന് അവർ ആഗ്രഹിച്ചു. ആളുകൾ അദ്ദേഹത്തെ നമ്പർ വൺ എന്ന് വിളിച്ചു, അവർക്ക് അത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒമ്പത് വർഷമായി വീട്ടിൽ ഇരിക്കുകയാണെന്നും വിഷാദത്തിലാണെന്നും ഞാൻ എവിടെയോ കേട്ടിട്ടുണ്ട് -ഷാഹിദ് പറഞ്ഞു.
പാട്ടുപാടിയതിന് ഒരു പുരോഹിതൻ പാപിയെന്ന് വിളിച്ചതിനെ തുടർന്ന് റഫി ചെറിയൊരു അവധി സ്വയം നിശ്ചയിച്ചതാണെന്ന് ഷാഹിദ് പറഞ്ഞു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും സിനിമാരംഗത്തേക്ക് മടങ്ങി. റഫിക്ക് റേഞ്ച് ഇല്ലെന്ന് ആശാ ഭോസ്‌ലെ പറഞ്ഞതിനെ ഷാഹിദ് വിമർശിച്ചു. 1960കളിൽ തന്റെ പിതാവ് വളരെ ഉന്നതിയിലായിരുന്നുവെന്ന് ഷാഹിദ് പറഞ്ഞു. തങ്ങൾക്ക് വേണ്ടി പോലും അദ്ദേഹത്തിന് സമയമില്ലായിരുന്നു. പിതാവിനെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നത് ഒരിക്കലും സഹിക്കില്ലെന്ന് ഷാഹിദ് പറഞ്ഞു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ബഹുമതി ലഭിക്കാൻ പോകുമ്പോൾ ലത മങ്കേഷ്‌കർ ഇടപെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ അഭിമുഖത്തിൽ, തന്റെ പിതാവും ലത മങ്കേഷ്‌കറും പിന്നീട് ഒരിക്കലും വ്യക്തിപരമായി സംസാരിച്ചിട്ടില്ലെന്നും ഷാഹിദ് വ്യക്തമാക്കി. നർഗീസും ജയ്കിഷനും ഉപദേശിച്ചപ്പോൾ അദ്ദേഹം ക്ഷമിക്കാൻ തയാറായെന്നും പറഞ്ഞു. ഒത്തുതീർപ്പിനുശേഷം അവർ ഒരുമിച്ച് ഒരു ഷോ അവതരിപ്പിച്ചിരുന്നു. പക്ഷേ പിന്നീടൊരിക്കലും വ്യക്തിപരമായ ബന്ധം ഉണ്ടായില്ല. 1967ൽ പത്മശ്രീ ബഹുമതി നേടിയ റഫി 1980ൽ പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും മൂലമാണ് അന്തരിച്ചത്. 55 വയസ്സായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.