ചലച്ചിത്ര ഗീതികളിൽ ദീപ്തമായ ആലാപനാവിഷ്കരണങ്ങളാൽ ശ്രദ്ധേയനാണ് വിജയ് യേശുദാസ്. മെലഡിയുടെ ശിൽപങ്ങൾ ആലാപനത്തിൽ പണിതെടുക്കുന്നതിൽ ഈ ഗായകൻ വിജയം കൈവരിച്ചിട്ടുണ്ട്. മെലഡിയുടെ വികാരലോകത്തെ ശബ്ദലയത്തിനാൽ പുതുക്കുകയായിരുന്നു വിജയ് യേശുദാസ്. ഓരോ പാട്ടിന്റെയും ആലാപനവേളയിൽ മെലഡിയുടെ ഭദ്രസ്വരൂപം തീർക്കുകയായിരുന്നു അദ്ദേഹം. ഈണത്തെ ശബ്ദത്തിന്റെ സവിശേഷ മാധുര്യത്തിനാൽ വിശദീകരിച്ചു വിജയ് യേശുദാസ്. ഇത് നമ്മെ പലപ്പോഴും പാട്ടിന്റെ പല ലോകങ്ങളിലേക്കും പഴയ കാലങ്ങളിലേക്കുമൊക്കെ ഒരുപോലെ കൊണ്ടുപോകുന്നുണ്ട്. അതിലോലം അനുരാഗം തേൻമാരിയായ് പെയ്തിറങ്ങുകയാണ് വിജയ് യേശുദാസിന്റെ പാട്ടുകളിൽ. സാധാരണ പാട്ടിൽപോലും വിജയ് യേശുദാസ് എന്ന ഗായകൻ പ്രദർശിപ്പിക്കുന്ന ശബ്ദ ഭംഗിയുടെ ശ്രുതികൾ ശ്രദ്ധേയമാണ്. ഏറെ കാൽപനികമായാണ് അദ്ദേഹം പാട്ടിനെ സമീപിക്കുന്നത്. മെലഡിയുടെ പല അടരുകളുള്ള ഒരു പാട്ടുശിൽപമാണ് വിജയ് യേശുദാസിന്റേത്. അനുരാഗമയമായിരുന്നു അതിന്റെ അകങ്ങൾ. പല ഗാനങ്ങളിലും പ്രശാന്തനിലയുടെ സംയമമുദ്രകൾ കൊത്തിവെച്ചിടടുള്ളതായി തോന്നും. ബഹളസ്വരമാർന്ന ഒരുപാട്ടുപോലുമുണ്ടാവില്ല അവയിൽ കണ്ടെത്താൻ.
1987ൽ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ എന്ന സിനിമയിൽ ‘കരാഗ്രേ വസതേ’ എന്ന ശ്ലോകം ചൊല്ലി ചലച്ചിത്ര സംഗീതത്തിലേക്ക് പ്രവേശിക്കുമ്പോൾ വിജയിക്ക് എട്ടു വയസ്സായിരുന്നു. പിന്നീട് തരംഗിണിയുടെ ആൽബങ്ങളിൽ പിതാവ് യേശുദാസിനൊപ്പം ചില പാട്ടുകൾ പാടിയെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ, 2000 പിറന്നതോടെ വിജയ് യേശുദാസ് പാട്ടിലെ ‘മില്ലേനിയം സ്റ്റാറായി’ മാറി. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലെ ഔസേപ്പച്ചൻ ഈണമിട്ട ‘കേളിനിലാവൊരു പാലാഴി എന്ന പാട്ടിൽ വിജയ് വീണ്ടും ചലച്ചിത്രസംഗീതത്തിൽ തിരിച്ചെത്തി. അതേ വർഷം തന്നെ ‘മില്ലേനിയം സ്റ്റാർസി’ലെ വിദ്യാസാഗർ ഈണങ്ങളുടെ പകിട്ടിൽ വിജയ് തന്റെ ആലാപനത്തിലെ വ്യത്യസ്ത സ്ഥായികളെ നമ്മെ കേൾപ്പിച്ചു. യേശുദാസിന്റെ കൂടെ ‘ഓ മുംബൈ’, ‘ശ്രാവൺ ഗംഗെ’ (യേശുദാസ്, ഹരിഹരൻ എന്നിവർക്കൊപ്പം) വിജയ് ആലാപനവേളകൾ പങ്കിട്ടു.
ശബ്ദലയത്തിൽ യേശുദാസിനെ ഓർമിപ്പിക്കുന്നുണ്ടെങ്കിൽകൂടി പാട്ടുപാടുമ്പോൾ വിജയ് കൊണ്ടുവരുന്ന സൂക്ഷ്മ സ്വരവിചാരങ്ങൾക്കാണ് പ്രാധാന്യം. ‘കയ്യെത്തും ദൂരത്തി’ലെ ‘വസന്തരാവിൻകിളിവാതിൽ’ എന്ന ഔസേപ്പച്ചൻ ഗാനമാണ് വിജയിയെ പോപ്പുലർ ആക്കിയത്. ഇതിനിടക്ക് ‘അമ്മക്കിളിക്കൂടി’ൽ രവീന്ദ്രൻ സംഗീതം ചെയ്ത ‘എന്തിനീ പാട്ടിന് മധുരം’ എന്ന ഗാനം രാധികാ തിലകിനൊപ്പം ആലപിച്ചു. ഇളയരാജയുടെ സംഗീതത്തിൽ വിജയ് പാടിയ ആദ്യഗാനം ‘മനസ്സിനക്കര’യിലെ ‘തങ്കത്തിങ്കൾ വാനിൽ’ ആയിരുന്നു. ഇത്രയുമായപ്പോഴേക്കും വിജയ് എന്ന ഗായകന്റെ ആലാപനാവിഷ്കാര വൈവിധ്യങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വിജയിയുടെ ഓരോ പാട്ടിനും അതിന്റേതായ അഴകിന്റെ അനന്യതകൾ ഉണ്ടായിരുന്നു. മെലഡിയിൽ അലിഞ്ഞ് സഫലമായിത്തീരുന്ന ആലാപനത്തികവായിരുന്നു അദ്ദേഹത്തിന്റെ ആലാപനം. മെലഡി എന്ന സംഗീത പ്രസ്താവനയിൽ അതിലെ സംഗീത സ്വരങ്ങൾ, ശ്രുതി, സ്ഥായി, ഇടവേളകൾ, ഉയർച്ച താഴ്ചകൾ, വൈകാരികരംഗങ്ങൾ എന്നിങ്ങനെ എല്ലാറ്റിലും പങ്ക് ചേരുന്നുണ്ടായിരുന്നു വിജയ് യേശുദാസിന്റെ ആലാപന വേളകൾ. ലെഗാറ്റോ മെലഡീസ് എന്നൊക്കെ പറയുന്ന വിധത്തിലുള്ള സ്വരങ്ങൾക്കിടയിൽ ഒരു മുറിവുമില്ലാതെ മൃദുവും ഒഴുകുന്നതുമായ മെലഡിയായിരുന്നു വിജയ് യേശുദാസിന്റേത്. രാധികാ തിലകിനോടൊപ്പം പാടിയ ‘മുത്തണിമണിവിരലാൽ’ എന്ന രവീന്ദ്രൻ ഗാനത്തിലെ പ്രോഗ്രഷനുകളിൽ വിജയ് യേശുദാസിന്റെ ശബ്ദമുണർത്തുന്ന മെലഡിക് കോഡുകളും ടോണുകളുമൊക്കെ എടുത്തുപറയേണ്ടതാണ്. ജോൺസനുമായി വിജയ് പങ്കിട്ട ഗാനങ്ങളിൽ പാശ്ചാത്യ മെലഡിയുടെ ആ സ്വരവിന്യാസങ്ങളുണ്ടായിരുന്നു. ‘പൂമ്പുഴയിൽ’ (ഫോട്ടോഗ്രാഫർ), ‘ഒരുനാൾ ശുഭരാത്രി’ (ഗുൽമോഹർ), ‘പാതിമാഞ്ഞ പാട്ടുമായ്’ (വെള്ളത്തൂവൽ), ‘പോക്കുവെയിൽ ചാഞ്ഞുപോകും’ (നവാഗതർക്ക് സ്വാഗതം) ഇങ്ങനെ ചില ഗാനങ്ങളിൽ മാത്രം ജോൺസന് വേണ്ടി പാടിയുള്ളൂവെങ്കിലും അതെല്ലാം വിജയ് പാടിയ മികച്ച ഗാനങ്ങളായിരുന്നു.
മെലഡിക് ലാൻഡ്സ്കേപ് (Melodic landscape) എന്ന് പറയുന്ന ഒരിടം വിജയ് യേശുദാസിന്റെ പാട്ടുകളിലുണ്ട്. ഔസേപ്പച്ചന്റെ സംഗീതത്തിൽ വിജയ് പാടിയ ‘സാന്ധ്യതാര നിശീഥ വീഥിയിൽ’ എന്ന പാട്ടിലൊക്കെ ഇത്തരമൊരു അനുഭവസ്ഥലം കാണാനാവും. തുടർച്ചയായ സ്വരങ്ങൾക്കിടയിലുള്ള ചെറിയ ഇടവേളകൾ എടുത്ത് പാട്ടിനെ മൃദുവായി പരിചരിക്കുന്നത് വഴി അത് കൂടുതൽ പ്രവാഹയോഗ്യവും കാവ്യാത്മകവുമായി മാറുകയാണ് (Conjunct melody) വിജയിയുടെ പാട്ടുകളിൽ. മെലഡിക് മോട്ടിഫിൽനിന്ന് തന്നെ ആ പാട്ടുകളിലെ മുഴുവൻ ആശയവും മൂഡും മനസ്സിലാക്കാനാവും. കോർഡ്സ്, ഹാർമണി എന്നിവയൊക്കെ അനുയാത്രചെയ്യുന്ന ഗാനങ്ങളിൽ (Homophonic melody) വിജയ് തന്റേതായ ശബ്ദസാന്നിധ്യം പ്രകടിപ്പിച്ചു. ഇളയരാജ സംഗീതം ചെയ്ത നിരവധി ഗാനങ്ങൾ ഇത്തരം ഗണത്തിൽപെടുന്നു.
മെലഡിയിൽ ഇളയരാജ സാധ്യമാക്കിയ അനന്തമായ വൈവിധ്യത്തിൽ ഭാഗമാവാൻ വിജയ് യേശുദാസിനും അവസരം ലഭിച്ചു. അക്കിക്കൊക്കി (വിനോദയാത്ര), പാട്ടെല്ലാം (സൂര്യൻ), കസ്തൂരിപ്പൊട്ടും തൊട്ടെൻ (ഇന്നത്തെ ചിന്താവിഷയം), അല്ലിപ്പൂവേ മല്ലിപ്പൂവേ (ഭാഗ്യദേവത), താരംചെന്താരം (ക്ലിന്റ്), പൂത്തുമ്പക്കിന്നല്ലോ പൊന്നോണം (സഫേദാർ), മഴമേഘച്ചേലിൽ (കഥ തുടരുന്നു), ഒരു ചിരികണ്ടാൽ (പൊന്മുടിപ്പഴയോരം), പുലരിപ്പൂപ്പെണ്ണേ (എന്നും എപ്പോഴും)... അങ്ങനെ ഇളയരാജയുടെ റിഥം മെലഡികളിലും വിജയ് യേശുദാസിന്റെ സ്വരം സാന്ദ്രമാകുന്നു. പെട്ടെന്നുള്ള പ്രോഗ്രഷനോ സംക്രമണമോ ഇല്ലാത്ത രീതിയിലുള്ള തീരശ്ചീന മെലഡികളിൽ (Horizontal melody)വിജയിക്കുന്നുണ്ട് വിജയ്. പ്രത്യേകിച്ചും ക്രിസ്തീയ ഗാനങ്ങൾ അദ്ദേഹത്തിന്റെ പാട്ടുലോകത്തിന്റെ പ്രത്യേകതയാണ്. ‘പരിശുദ്ധ കന്യാമറിയമേ’ (പറുദീസ), ‘ഒടുവിലീ യാത്രക്കായ്’ (ജോർജേട്ടൻസ് പുരം), ‘ഉലകം നീയേ ഉയിരും നീയേ’ (പകലും പാതിരാവും), ‘ഉത്തമരായോരേ ഒത്തിണക്കുന്നൊരു’ (ജിമ്മി ഈ വീടിന്റെ ഐശ്വര്യം), ‘വിണ്ണിൽ തെളിയും മേഘമേ’ (പാവ), ‘ഉയിരിൻ നാഥനേ’ (ജോസഫ്), അങ്ങനെ പരിശുദ്ധ ഗീതികളുടെ നീണ്ട നിരകൾ.
ഡ്യൂയറ്റ് ഗാനങ്ങളിൽ വിജയിയുടെ സ്വരം സഹഗായകർക്കനുസരിച്ച് അതിന്റെ ടെക്സ്ച്റിൽ വ്യതിയാനപ്പെടുന്നുണ്ട്. പ്രണയത്തിന്റെ പ്രമദവനങ്ങൾ കാണിച്ചുതരികയാണ് ആ ഗാനങ്ങൾ. ഒരു ചിരികണ്ടാൽ, തേനുണ്ടോ പൂവേ (മഞ്ജരി), കോലക്കുഴൽ വിളി, ഒരുനാൾ ശുഭരാത്രി, പ്രിയനുമാത്രം, ഓരോ കനവും, നീലമേഘം പൊഴിയാതെ, കാതിൽ ചിരിയോടെ, ഇതിലേ തോഴി, നീലമിഴികൊണ്ട് നീലക്കണ്ണുള്ള മാനേ (ശ്വേത മോഹൻ), നാട്ടുവഴിയോരത്തെ, മഞ്ജു നർത്തനശാലയിൽ, വീണ്ടും തളിപൊടിഞ്ഞു (ചിത്ര), അത്തിമരക്കൊമ്പിലെ, പ്രണയമയി രാധ, കിളികൾ പാടുമൊരു ഗാനം, കണ്ണോണ്ട് ചെല്ലണ് (ശ്രേയാ ഘോഷാൽ), പൂരംകാണാൻ, ഏതോ പാട്ടിന്നീണം, നീ മുകിലോ (സിതാര), പൊവെയിലിൽ (ആൻമേരി), തൊട്ടുതൊട്ടു വിടർന്നു (ചിൻമയി), എന്തിനീ പാട്ടിന് മധുരം, മുത്തണി മണിവിരലാൽ (രാധികാ തിലക്), ചെറുപ്പത്തിൽ നമ്മൾ രണ്ടും (മധു ശ്രീനാരായണൻ), പൂവാകും നീയെൻ (അഞ്ജു ജോസഫ്), അതിരലിയും (ലതിക), ആനന്ദവൃന്ദാവനത്തിൽ’ (സംഗീത)... ഇങ്ങനെ എത്രയെത്ര ഡ്യുയറ്റുകളാണ് വിജയ് യേശുദാസിന്റെ പാട്ടുലോകത്തിൽ.
മെലഡിയുടെ ഒരു ദീപ്ത പ്രപഞ്ചം തന്നെയുണ്ട് വിജയ് യേശുദാസിന്റേതായി. ‘കൂവരംകിളി, കാറ്റുവന്നുവോ, ഒരു കാവാളം പൈങ്കിളി, നീലനീലമിഴികളോ, കാറ്റിൽ ഒരു ജാലകം, കോലകുഴൽവിളി, പ്രിയനുമാത്രം, പാട്ടിന്റെ പാൽക്കടവിൽ, പ്രണയമയനീരാധ, മഴത്തുള്ളിപ്പളുങ്കുകൾ (എം. ജയചന്ദ്രൻ), വളയൊന്നിതാ, ഊരുംപേരും പറയാതെ (വിദ്യാസാഗർ), അണ്ണാറക്കണ്ണാവാ, ഓർമകളിലോർമകളിൽ, പൂവേ പൊന്നാമ്പൽപ്പൂവേ (മോഹൻ സിതാര), കാതിൽ ചിരിയോടെ, മേലേ ചേലോടെ, മൗനങ്ങൾ മിണ്ടുമൊരീ, വോഴാമ്പൽ മിഴികൾ (ബിജിബാൽ), അകലെയോ നീ, അനാദിയുഗങ്ങളായ് (ദീപക്ദേവ്), കൈവീശിനീങ്ങുന്ന, ഒടുവിലീയാത്രക്കായ്, ഏതോ പാട്ടിന്നിണം, നീമുകിലോ (ഗോപീസുന്ദർ), ഹേമന്തമെൻ (രാഹുൽരാജ്), മലരേ നിന്നെ (രാജേഷ് മുരുകേശൻ), കണ്ണിൽ നിന്റെ കണ്ണിൽ, ജാലകത്തിൻ നിലവിരി (രാജീവ്, ഒ.എൻ.വി), ചോലപ്പെണ്ണേ നീ
(എ.ആർ. റഹ്മാൻ), പകലായ് (പ്രിൻസ് ജോർജ്), എൻ രാമഴയിൽ, നീയാം തണലിന് (രതിഷ് വേഗ), പൂമുത്തോളേ (രഞ്ജിൻരാജ്), ഹൃദയം മണിവേണുവിൽ (ഡൊണാൾഡ് മാത്യു), ഇവളാരോ (മണികണ്ഠ അയ്യപ്പ), ഇതിലേ തോഴി (രാജാമണി), പുലർകാലമേഘം (വിദ്യാധരൻ), നിലാവാനിലേ (സുദീപ് പാലനാട്), മഞ്ജുനർത്തനശാലയിൽ (ദക്ഷിണാമൂർത്തി), പെരുംനുണപ്പുഴ (അലക്സ്പോൾ), നാട്ടുവഴിയോരത്തെ (ബെനറ്റ് വിത് രാഗ്), മാമരങ്ങളേ (ഷാർ റഹ്മാൻ), മഴകൊണ്ടുമാത്രം, ഈ പുഴയും സന്ധ്യകളും (ഷഹബാബ് അമൻ), നീലാംബരി, ആദ്യാനുരാഗം (സഞ്ജയ് ചൗധരി), കണ്ണീർക്കടലിൽ’ (രവീന്ദ്രജെയിൻ)... ഇങ്ങനെ വിജയ് യേശുദാസ് പാടിയ ലളിതസുന്ദരഗാനങ്ങളുടെ എണ്ണം ഏറുകയാണ്.
യേശുദാസ് പാടിയ പല ഗൃഹാതുര ഗാനങ്ങളുടെയും പുനർനിർമിതികൾ വിജയ് യേശുദാസിന്റെ ശബ്ദത്തിൽ വീണ്ടും നമ്മിലേക്കെത്തി. മലയാളികൾ മനസ്സിൽ കൊണ്ടുനടന്ന അല്ലിയാമ്പൽ, ഇളംമഞ്ഞിൻ കുളിരുമായ്, പൂമുഖവാതിൽക്കൽ, കിഴക്കേ മലയിലെ... അങ്ങനെ വിജയ് യേശുദാസ് നമ്മെ ഗതകാല സ്മൃതികളിലേക്ക് കൊണ്ടുപോകുന്നു. തമിഴ് പാട്ടുകളിലും വിജയ് യേശുദാസിന്റെ ശബ്ദസ്വരങ്ങളുടെ ഉചിതവിന്യാസം നാമറിഞ്ഞു. ഹേയ് ഉമയാൾ, അവളും നാനും, നീ പാർത്ത മിഴികൾ, കാതൽമട്ടും, കാതൽ വൈത്ത്... അങ്ങനെ വൈവിധ്യഭാസുരമായ ആലാപന ശൈലിയിൽ വിജയ് തമിഴ്നാടിനും പ്രിയങ്കരനാവുന്നു. ശബ്ദത്തിന്റെ ലാവണ്യസാരത്തെ വിജയപൂർവാപാരിൽ പരീക്ഷിക്കുകയാണദ്ദേഹം. ആലാപനത്തിൽ മന്ദ്രമധുരമായ ചമത്കാരങ്ങൾ നൽകി. വിജയ് യേശുദാസിന്റെ ശാരീരത്തിൽ ഗമകങ്ങളുടെയും ബൃഗകളുടെയും മാധ്യമാർഗത്തിലുള്ള ഒരു സഞ്ചാരം കാണാം. പ്രസാദഭരിതമായ സ്വരങ്ങളുടെ പ്രവാഹദീപ്തിയിൽ കേൾവിക്കാർക്ക് അനുഭൂതിയുടെ നിമിഷങ്ങൾ പകരാൻ വിജയ് യേശുദാസിന് കഴിയുന്നു. മൂന്ന് സംസ്ഥാന അവാർഡുകൾ (കോലക്കുഴൽവിളി -2007), മഴകൊണ്ടുമാത്രം, അകലെയോനീ (2012), പൂമുത്തോളേ (2018) അദ്ദേഹത്തെ തേടിയെത്തി. യേശുദാസിന്റെ ശബ്ദസൗഭാഗ്യത്തിന്റെ തീക്ഷ്ണവസന്തങ്ങൾ കഴിഞ്ഞു തുടങ്ങുമ്പോൾ അത്രക്കും വശ്യത വഴിഞ്ഞൊഴുകുന്ന മറ്റൊരു ശബ്ദത്തിന് നാം കാതോർക്കുമ്പോൾ നാദപ്രഭയുടെ ആകർഷകമായ ആത്മവിശ്വാസവുമായി വിജയ് യേശുദാസ് ഇവിടെയുണ്ടാകുമെന്നത് ആസ്വാദകർക്ക് ആശ്വാസം പകരുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.