മുംബൈ: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ ഇന്ന് മുംബൈയിൽ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി റദ്ദാക്കി ഗായിക ശ്രേയ ഘോഷാൽ. ഈ സമയം രാജ്യത്തോടൊപ്പം നിൽക്കുകയാണ് ഒരു കലാകാരിയെന്ന നിലയിലും ഇന്ത്യക്കാരിയെന്ന നിലയിലും തന്‍റെ കടമയെന്ന് പരിപാടി റദ്ദാക്കിയതായി അറിയിച്ച് ഗായിക പറഞ്ഞു. 'ഓൾ ഹാർട്സ് ടൂർ' എന്ന സംഗീത പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മുംബൈയിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്.
'നമുക്ക് ഏറ്റവും പ്രിയപ്പെട്ടതായ രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പിന്തുണ അറിയിക്കുന്നതിനായി, ആൾ ഹാർട്സ് ടൂറിന്റെ ഭാഗമായി മേയ് 10ന് മുംബൈ ജിയോ വേൾഡ് ഗാർഡനിൽ നടത്തേണ്ടിയിരുന്ന എന്‍റെ സംഗീതപരിപാടി മാറ്റിവെക്കേണ്ടതായി വന്നിരിക്കുന്നു. ഈ സംഗീതപരിപാടി എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ഒരു കലാകാരിയും പൗരയുമെന്ന നിലയിൽ, ഈ സമയത്ത് രാജ്യത്തോടൊപ്പം നിന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണ്' -ശ്രേയ ഘോഷാൽ പറഞ്ഞു.
പരിപാടി മാറ്റിവെച്ചതാണെന്നും മറ്റൊരു അവസരത്തിൽ കൂടുതൽ ഭംഗിയായി നടത്തുമെന്നും ഗായിക വ്യക്തമാക്കി. പുതിയ തീയതി ഉടൻ അറിയിക്കും. ഇപ്പോഴത്തെ ടിക്കറ്റുകൾ ഉപയോഗിച്ച് തന്നെ പങ്കെടുക്കാനാകും. എല്ലാവരുടെയും പിന്തുണക്ക് നന്ദി -ശ്രേയ ഘോഷാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.