ഖൽബിന്നകമേ, കഅ്ബ പണിതേ ഹജറുൽ അസ്വദായ് നീയും പതിഞ്ഞേ ഹിജ്റ പോയീടേ റൂഹ് പിടഞ്ഞേ ഖിബ് ല തിരിഞ്ഞേ കിബ്റു വെടിഞ്ഞേ....
പെരുന്നാൾ ആഘോഷത്തിലും ഏവരുടേയും ചുണ്ടുകളിൽ തത്തിക്കളിക്കുന്ന വരികൾ എത്ര ആസ്വാദ്യമാണ്. പാട്ടും പടവും ഹിറ്റായതോടെ വലിയ ആഹ്ലാദത്തിലാണ് സംവിധായകൻ ഷംസു സെയ്ബ.
മലപ്പുറം എടരിക്കോട് അരീക്കലിലാണ് ഷംസുവിന്റെ കുടുംബം. സൗദിയിലുള്ള ചെട്ടിയാംതൊടി മൊയ്തീൻകുട്ടിയുടെയും ഹാജറയുടെയും മകൻ. ഫാറൂഖ് കോളജിലും വാഴയൂർ സാഫി കോളജിലും പഠിക്കുമ്പോഴാണ് ചെറുചിത്രങ്ങളുമായി സംവിധാനക്കുപ്പായമണിയുന്നത്. മാസ് ജേണലിസം പഠനം പൂർത്തിയായതോടെ സിനിമാലോകത്തേക്ക്.
ആദ്യ സിനിമയുടെ കഥ പറയാൻ ചെന്നത് യുവതാരം ദുൽഖർ സൽമാന്റെ അടുത്തായിരുന്നു. മുഴുവൻ കഥയും കേട്ട ദുൽഖർ പറഞ്ഞു. സിനിമ ഞാൻ നിർമിക്കാമെന്ന്. ഇതോടെ ഷംസു സെയ്ബയുടെ ആദ്യ സിനിമ വെള്ളിത്തിരയിലെത്തി. ആ ചിത്രമാണ് ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും അഭിനയിച്ച റൊമാന്റിക് കോമഡി ചിത്രമായ മണിയറയിലെ അശോകൻ. ദുൽഖർ, നസ്രിയ, അനു സിതാര എന്നിവർ അതിഥിതാരങ്ങളായി എത്തിയ ചിത്രം കോവിഡിനെ തുടർന്ന് 2019ൽ നെറ്റ് ഫ്ലിക്സിലായിരുന്നു റിലീസ് ചെയ്തത്. തുടർന്ന് സിനിമയിൽ സജീവമായി. പിന്നീട് ആന്തോളജി ലെവലിലും ഷംസുവിന്റെ ഒരു സിനിമകൂടി പൂർത്തിയായി. ഇതിനിടയിൽ ഉർവശി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ തുടങ്ങിയവരുമായി 25ഓളം പരസ്യങ്ങൾ ചെയ്തു.
ആന്തോളജി മൂവിയിൽ നായകനായ ഷൈജു കുറുപ്പുമായുള്ള സൗഹൃദമാണ് അഭിലാഷം സിനിമക്ക് തുടക്കമാകുന്നത്. മലപ്പുറം കോട്ടക്കലിൽ നടക്കുന്ന കഥ ഇതിവൃത്തമായി. നായകനായ ഷൈജുവിനൊപ്പം തൻവി റാം നായികയായ ചിത്രത്തിൽ അർജുൻ അശോകൻ, ബിനു പപ്പു, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും അഭിനയിച്ചു. ഒരുപിടി മനോഹരഗാനങ്ങളുമായി കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് ചിത്രം റിലീസ് ചെയ്തത്. ഷറഫുവിന്റെ വരികൾക്ക് ഈണം പകർന്നത് ശ്രീഹരി കെ. നായരാണ്. ഹിറ്റായി മാറിയ ഖൽബിനരികെ ഗാനം പാടിയത് മുഹമ്മദ് മഖ്ബൂലായ്. കഴിഞ്ഞ ദിവസം ഒ.ടി.ടിയിലും റിലീസ് ചെയ്ത ചിത്രം കുടുംബപ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു.
അഭിലാഷം സിനിമയുടെ റിലീസ് ആയതിനാൽ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയില്ല. അവധിക്കെത്തിയ ഉപ്പയും ഉമ്മയും സഹോദരങ്ങളും സിനിമ കണ്ടിരുന്നു. ഇത്തവണ കുടുംബത്തോടൊപ്പമാണ് ആഘോഷം. കൊച്ചി ഇൻഫോപാർക്കിലെ സ്ഥാപനത്തിൽ എച്ച്.ആർ മാനേജരായ ഭാര്യ തസ്നീമിനൊപ്പം കോട്ടക്കലിലെത്തും. കുട്ടിക്കാലത്ത് ബിരിയാണി തിന്നാൻ കല്യാണം അല്ലെങ്കിൽ പെരുന്നാൾ വരണം. ഇന്ന് എന്നും ബിരിയാണിയാണ്. എന്നാലും വീട്ടിലെ പെരുന്നാൾ ബിരിയാണിയുടെ രുചി വേറെ ലെവലാണ്.
പുതിയകാലത്ത് സ്വന്തം പേരിനൊപ്പം രക്ഷിതാക്കളുടെ പേര് ചേർത്തുവെക്കുന്നവരാണ് പലരും. എന്നാൽ, ഷംസുവിന്റെ പേരിനൊപ്പമുള്ളത് കുഞ്ഞനിയത്തി സെയ്ബയുടെ പേരാണ്. അതിന് കാരണമുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പാഴാണ് സെയ്ബയുടെ ജനനം. പിന്നെ ഇവളോടൊപ്പമായി തന്റെയും സഹോദരൻ പി.ജിക്ക് പഠിക്കുന്ന അൻസാറിന്റെയും കുട്ടിക്കളികൾ.
സെയ്ബ എന്നാൽ സുന്ദരിയെന്നാണർഥം. എടരിക്കോട് ജി.യു.പി സ്കൂളിലെ ആറാംതരം വിദ്യാർഥിയാണ് സെയ്ബ. വീട്ടിലെ ഓമനയായ കുഞ്ഞുപെങ്ങളുടെ പേര് ഇരുവരും തങ്ങളുടെ പേരിനൊപ്പം പിന്നീട് ചേർക്കുകയായിരുന്നു. ആന്തോളജി അടക്കം മൂന്ന് സിനിമകൾ പൂർത്തിയായി. ഇനി വലിയ ഒരു സിനിമ. അതിന്റെ തിരക്കിലാണിപ്പോൾ. പുതുതലമുറക്ക് ആഘോഷമാകുന്നതാകണം പുതിയ സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.