സലിൽ ചൗധരി: മലർക്കൊടിയിലും മണ്ണിലും തിരയിലുമലിഞ്ഞ ഈണത്തി​ന്റെ തേൻമഴ

പാട്ടിന്റെ സന്ദർഭം കേൾക്കു​മ്പോൾ ഹാർമോണിയമെടുത്ത് കണ്ണടയ്ക്കുന്ന സംഗീത സംവിധായകരെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. എന്നാൽ പാട്ടി​ന്റെ ഈണം തേടി മണ്ണിലേക്കിറങ്ങിയയാൾ ഒരു മലയാളിയായിരുന്നില്ല. പിന്നീട് മലയാളത്തി​ന്റെ സ്വന്തക്കാരനായ സലിൽചൗധരിയായിരുന്നു.

ചെമ്മീനിലെ പാട്ടുണ്ടാക്കാൻ സലിൽദാ ആലപ്പുഴയിലെ കടൽതീരത്തുകൂടി ഒരുപാട് നടന്നു. അവിടത്തെ അരയർ പാടിയ പാട്ടുകൾ കേട്ടു. നെല്ല് എന്ന ചിത്രത്തിനു വേണ്ടി ഈണമൊരുക്കാൻ അദ്ദേഹം തിരുനെല്ലിയിലെ കാടുകളിലൂടെ നടന്നു. അവിടെ കേട്ട കിളികളുടെ ചലനവും കാട്ടരുവിയുടെ ഈണവും നെഞ്ചിലിണക്കി. അതിൽനിന്നൊക്കെയാണ് മലയാളത്തിന് അ​ത്ര തനിമയാർന്ന പാട്ടുകൾ കൈവന്നത്.

പ്രണയിനിയെ കൈവിട്ടുപായ കാമുക​ന്റെ വേദന ഒരിക്കലും നിലയ്ക്കാത്ത കടൽത്തിരയുടെ രോദനം പോലെ മലയാളിയുടെ മനസ്സിൽ വയലാർ കണ്ടെത്തി​ക്കൊടുത്ത മാനസമൈനയുടെ രോദനമായി നിഴലിച്ചതും ‘പെണ്ണാളേ പെണ്ണാളേ’ എന്ന നാടൻ ഈണമായി കടൽപ്പാട്ടിന്റെ മാതൃക നമ്മിലുറച്ചതും ഈ പ്രതിഭാശാലിയുടെ ഭാവനാസൃഷ്ടി പൈതൃകത്തോട് ചേർന്നിണങ്ങിയപ്പോഴാണ്.

ബംഗാളിൽ നിന്ന് സംഗീത സംവിധായകനാകാൻ ഹിന്ദുസ്ഥാനി സംഗീതത്തി​ന്റെ ഈണശേഖരവും അറിവുമായി ബോംബെയിലെത്തിയ സലിൽ ചൗധരിക്ക് വെസ്റ്റേൺ സംഗീതം അറിയാത്തതിന്റെ പേരിൽ ചിലരുടെ മു​ന്നിൽ തലകുനിക്കേണ്ടി വന്നു. അതിന് പിന്നീട് ഒരുക്കമല്ലാതിരുന്ന ആ പ്രതിഭാശാലി വിദേശസംഗീതം പഠിച്ച് പിയാനോയിൽ വിരൽകൊണ്ട് വിസ്മയം സൃഷ്ടിക്കുകയും ഓർക്കസ്ട്രേഷനിൽ ആരെയും വെല്ലുന്ന പ്രതിഭ തെളിയിക്കുകയും ചെയ്താണ് മറുപടി കൊടുത്തത്.

ലതാ മ​​ങ്കേഷ്‍കർക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനായിരുന്നു സലിൽദാ. അദ്ദേഹത്തിന് ലതയുടെ പ്രതിഭ അറിയാവുന്നതിനാൽ പാട്ടിൽ സാധാരണ ഗായികമാർക്ക് പാടാൻ പറ്റാത്ത റേഞ്ചിലും ഡൈമെൻഷനിലും പട്ടുകൾ സൃഷ്ടിച്ചു. ഇതൊ​​ക്കെ വെല്ലു​വിളിയായും ആസ്വദിച്ചും ലതാജി പാടിയിട്ടുണ്ട്. പാട്ടുപാടി ലതാജി ഒരിക്കലേ ബോധരഹിതയായിട്ടുള്ളൂ, അത് സലിൽദായുടെ പാട്ടുപാടിയായിരുന്നു.

ഹിന്ദിയിൽ ഇറങ്ങിയ ഈണങ്ങൾക്കൊപ്പിച്ചെഴുതിയ ഒട്ടും മലയാളിത്തമില്ലാത്ത പാട്ടുകളായിരുന്നു ആദ്യകാലത്ത് മലയാള സിനിമകളിൽ വന്നിരുന്നത്. മലയാള സിനിമയുടെ ബാലാരിഷ്ടതകളുടെ കാലഘട്ടത്തിലായിരുന്നു അത്. എന്നാൽ നമ്മുടെ സിനിമ അതിന്റെ താളം കണ്ടെത്തിയതോടെ പാട്ടുകളിൽ മലയാളിത്തം വന്നു. സംസ്കൃത പദങ്ങളിൽ നിന്ന് മലയാളത്തി​ന്റെ തെളിമയാർന്ന ഭാഷയിലേക്കും ഹൃദയത്തിന്റെ ഭാഷയിലേക്കും പാട്ടുകൾ മാറി. ഈണങ്ങളും അങ്ങനെ തന്നെ.

പിന്നെ ഒരിടവേളയ്ക്കുശേഷമാണ് ഹിന്ദി സിനിമയിൽ നിന്നൊരാൾ മലയാളത്തിലേക്ക് ഈണവുമായെത്തിയത്. ആദ്യ ചിത്രത്തി​ന്റെ ചരിത്ര വിജയത്തോടെ മലയാളം നെ​ഞ്ചേറ്റിയ സലിൽ ചൗധരി തന്നെയായിരുന്നു അത്.

മലയാളവുമായി ഏറെ സാമ്യമുള്ള ബംഗാളിയിൽ നിന്നാണ് സലിൽ ദാ എത്തിയതെങ്കിലും മലയാളികൾക്ക് അതിനോടകം അദ്ദേഹത്തിന്റെ ഹിന്ദി ഗാനങ്ങൾ ഏറെ ഹൃദ്യവും ഹൃദിസ്ഥവുമായിരുന്നു.

കേരളത്തിൽ ഗാനമേളകൾ സജീവമായ കാലം മുതൽ ഗായികമാർ കഴിവു തെളിയിക്കാനും അംഗീകാരം നേടാനും ഇന്നും തെര​ഞ്ഞെടുക്കുന്ന ‘ആജാരേ പരദേശീ’ പോലുള്ള ഗാനങ്ങൾ ഇന്ത്യൻ സംഗീതശാഖയ്ക്ക് സംഭാവന ചെയ്ത സലിൽ ചൗധരി അങ്ങനെ ചെമ്മീനിലൂടെ മലയാളത്തി​ന്റെ സ്വന്തമാവുകയായിരുന്നു.

അന്ന് മലയാളത്തി​​ന്റെ സനിമാ വ്യവസായത്തിന് സാമ്പത്തികമായി താങ്ങാവുന്ന ആളായിരുന്നില്ല സലിൽ ചൗധരി. എന്നാൽ അദ്ദേഹം ഇവിടെ വന്നപ്പോഴെല്ലാം ഉണ്ടാക്കിയെടുത്ത ഹൃദയ ബന്ധത്തിലൂടെ അൽപം വിട്ടുവീഴ്ചയൊക്കെ ചെയ്താണ് മലയാളത്തിന് മറ്റൊരു വേറിട്ട പാട്ടീണത്തിന്റെ ധാര സൃഷ്ടിച്ചു തന്നത്.

ആദ്യം കേൾക്കുമ്പോൾ അത്ര ദഹിക്കാത്ത ചില പാട്ടുകൾ കൊണ്ട് സലിൽചൗധരി അൽപം വിമർശനമൊക്കെ ഏറ്റുവാങ്ങിയെങ്കിലും ഒട്ടും വൈകാതെ ഒന്നൊഴിയാതെ അദ്ദേഹത്തി​ന്റെ എല്ലാ ഗാനങ്ങളും മലയാളികൾ നമ്മുടെ നാടി​ന്റെ പാട്ടായിത്തന്നെ സ്വീകരിച്ചു. ഹൃദയവികാരങ്ങൾ ഇത്രമേൽ ഇണക്കിയ സാഗരമോ ശാന്തമാക നീ, മലർക്കൊടിപോലെ, മാടപ്രാവേ വാ തുടങ്ങിയ ഗാനങ്ങൾ മലയാളത്തിന് മറക്കാനാവത്തതാണ്.

മലയാളിയുടെ ഓണം ഇന്ന് ‘ഓണപ്പുവേ..’ ‘പൂവിളി പൂവിളി..’ എന്നീ ഗാനങ്ങളില്ലാതെ പൂർണമാകുന്നില്ല എന്നത് ഒരു നിഷേധിക്കാനാവാത്ത സത്യമാണ്. ‘കളകളം കായലോളങ്ങൾ പാടും’, ‘പൊന്നലയിൽ അമ്മാനമാടി’, ‘ഒരു നാൾ വിശന്നേറെ തളർന്നേതോ വനമ്പാടി’ തുടങ്ങിയ ഗാനങ്ങൾ ഒരു മലയാളിയല്ലാത്തയാളാണ് ചെയ്തതെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്തത്ര മലയാളവുമായി ഇണങ്ങിയ ഈണങ്ങളായിരുന്നു.

സലിൽദാ ഒടുവിൽ മയാളത്തിനുവേണ്ടി ചെയ്ത തുമ്പോളി കടപ്പുറത്തിലെ ‘കാതിൽ തേൻമഴയായ്’ കാലഘട്ടത്തെ അതിജീവിച്ച ഗാനമാണ്. എന്നും ആധുനികതയെ സ്വീകരിച്ച അദ്ദേഹം ഏതു കാലഘട്ടത്തിനും അനുയോജ്യനായിരുന്നു എന്നു തെളിയിക്കുന്ന ഗാനം കൂടിയായിരുന്നു അത്.

നീ വരൂ കാവ്യദേവതേ, മഴവിൽക്കൊടി കാവടി, ശാരികേ, സാഗരമേ ശാന്തമാക നീ, സന്ധ്യേ കണ്ണീരിതെന്തേ, ശ്യാമമേഘമേ, ഓർമ്മകളേ കൈവള ചാർത്തി, ഉണരൂ ഉണരൂ ഉഷാദേവതേ ഇങ്ങനെ വൈവിധ്യമാർന്ന എത്രയെത്ര ഗാനങ്ങൾ. പദരേണു തേടി അലഞ്ഞു, ഒരു നാൾ വിശന്നേറെ, പൊന്നലയിൽ അമ്മാനമാടി തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങാത്ത ചിത്രത്തിലേതായിരുന്നെങ്കിലും എൺപതുകളിൽ മലയാളക്കരയിൽ നിറഞ്ഞാടിയ ഗാനങ്ങളാണ്.

ഓമനത്തിങ്കൾപ്പക്ഷി, യമുനേ നീയൊഴുകൂ, കേളീനളിനം വിടരുമോ, വൃശ്ചിക​പ്പെണ്ണേ തുടങ്ങിയ പാട്ടുകൾ വെസ്റ്റേൺ അംശങ്ങളുള്ള ഈണങ്ങളായതിനാൽ മലയാളികൾക്ക് ദഹിക്കാൻ അൽപം സമയമെടുത്തു. എന്നാൽ പിന്നെയത് നമ്മുടെ ഹൃദയങ്ങളെ വിട്ടകന്നില്ല, സലിൽ ചൗധരിയെുടെ മൊത്തം ഗാനങ്ങളും പോലെ.

ഒന്നും മാറ്റിവെക്കാനില്ല അദ്ദേഹം സൃഷ്ടിച്ച ഈണങ്ങളിൽ. ഒരേ ഈണം പല ഭാഷകളിലും അദ്ദേഹം ഉപയോഗിച്ചു. അവിടെയെല്ലാം ഇണങ്ങുന്ന ഒരു മാജിക്കൽ ശക്തി ആ ഈണങ്ങൾക്കുണ്ടായിരുന്നു. അത് തനിമയുടെ ഗുണം കൊണ്ട് മാത്രമായിരുന്നില്ല. ദീർഘവീക്ഷണത്തി​​ന്റെ, സംസ്കാരങ്ങളെ ഉൾക്കൊള്ളാനുള്ള ​പ്രതിഭയുടെ സമ്പത്തുകൊണ്ടുകൂടിയായിരുന്നു.

News Summary - Salil Chaudhary: The honeyed rain of melody that has fallen on the flower flag, the soil, and the waves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.